ലീഡ്‌സ്: അത്ഭുതങ്ങളോ നാടകീയതകളോ ഒന്നും സംഭവിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 5 വിക്കറ്റിനാണ് ഇംഗ്ലീഷ് ജയം. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 373 എടുത്ത് ഇംഗ്ലണ്ട് മറികടന്നു. രവീന്ദ്ര ജഡേജ എറിഞ്ഞ ഓവറില്‍ ജയത്തിനാവശ്യമായ 16 റണ്‍സ് ജാമി സ്മിത്ത് വെടിക്കെട്ടിലൂടെ സ്വന്തമാക്കി. ഈ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും താരം തൂക്കി. ഇംഗ്ലണ്ട് അവരുടെ ടെസ്റ്റ് ചരിത്രത്തിൽ പിന്തുടർന്നു ജയിക്കുന്ന രണ്ടാമത്തെ മികച്ച സ്കോർ കൂടിയായി ലീഡ്സിലെ 373 മാറി.
മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും അതും ഇന്ത്യക്ക് ഗുണകരമായി വന്നില്ല. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യന്‍ ടീമിന്റെ യാത്രയ്ക്ക് തോല്‍വിയോടെ തുടക്കം. മത്സരത്തിലുടനീളം വരുത്തിയ ഫീൽഡിങ് പിഴവുകൾക്കും വാലറ്റത്തെ ബാറ്റർമാരുടെ മികവില്ലായ്മയ്ക്കും വലിയ വിലയാണ് ഇന്ത്യ ഇപ്പോൾ നൽകുന്നത്. നിരവധി ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ കൈവിട്ടത്. മുൻനിര ബാറ്റര്‍മാര്‍ മികവ് പുലര്‍ത്തിയത് ആശ്വസിക്കാനുള്ള വക നല്‍കുന്നുവെന്നത് മാത്രമാണ് ഒന്നാം ടെസ്റ്റിലെ ബാക്കിയിരിപ്പ്.
ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയും സാക് ക്രൗളി, മുന്‍ നായകന്‍ ജോ റൂട്ട് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലീഷ് ജയം അനായാസമാക്കിയത്. ജാമി സ്മിത്തും പുറത്താകാതെ നിന്നു ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയുടെ തിരിച്ചു വരവ് പ്രതീക്ഷകളെ സ്മിത്ത്- റൂട്ട് സഖ്യം തകിടം മറിച്ചതോടെ നടകീയ വിജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌നം സഫലമായില്ല. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയത് ഇന്ത്യന്‍ പരാജയം വേഗത്തിലുമാക്കി.
ജോ റൂട്ട് 53 റണ്‍സുമായും ജാമി സ്മിത്ത് 44 റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജഡേജ ഒരു വിക്കറ്റെടുത്തു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സും നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 465 റണ്‍സില്‍ അവസാനിച്ചു.
സെഞ്ച്വറിയുമായി ധീരമായി പോരാട്ടം നയിച്ച ബെന്‍ ഡക്കറ്റ് 170 പന്തില്‍ 149 റണ്‍സെടുത്തു. താരം 21 ഫോറും ഒരു സിക്‌സും പറത്തി. 13 ഫോറുകള്‍ സഹിതമാണ് ഡക്കറ്റിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറി. 98ല്‍ നിന്നു ഫോറടിച്ചാണ് ഡക്കറ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 121 പന്തുകള്‍ നേരിട്ട് താരം 102 റണ്‍സെടുത്താണ് ശതകത്തിലെത്തിയത്. ഓപ്പണിങില്‍ ഡക്കറ്റ്- ക്രൗളി സംഖ്യം 188 റണ്‍സ് ചേര്‍ത്തതാണ് ഇംഗ്ലണ്ട് ജയത്തിന്റെ നട്ടെല്ല്. അവരിട്ട അടിത്തറയില്‍ നിന്നു പൊരുതിയ ഇംഗ്ലണ്ടിനായി പിന്നീട് വന്നര്‍ ഒരാശങ്കയുമില്ലാതെ കളിക്കുന്ന കാഴ്ചയായിരുന്നു ലീഡ്‌സില്‍. ഒന്നാം ഇന്നിങ്‌സില്‍ ഹീറോയായ ജസ്പ്രിത് ബുംറയടക്കമുള്ള ബൗളര്‍മാരെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ സമര്‍ഥമായി നേരിട്ടു.
ആദ്യം പ്രസിദ്ധ് കൃഷ്ണയും പിന്നീട് ശാര്‍ദുല്‍ ഠാക്കൂറും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ വിറപ്പിച്ചെങ്കിലും അതിനെയെല്ലാം ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അതിജീവിച്ചു. മഴ മാറി കളി പുനരാരംഭിച്ചതിനു പിന്നാലെ പ്രസിദ്ധ് കൃഷ്ണയാണ് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഒലി പോപ്പിനേയും പ്രസിദ്ധ് തന്നെ പുറത്താക്കി ഇംഗ്ലണ്ടിനു ഇരട്ട പ്രഹരം നല്‍കി. സാക് ക്രൗളിയെയാണ് പ്രസിദ്ധ് ആദ്യം മടക്കിയത്. പ്രസിദ്ധിന്റെ പന്തില്‍ കെഎല്‍ രാഹുലിനു പിടി നല്‍കിയാണ് ക്രൗളിയുടെ മടക്കം. താരം 65 റണ്‍സ് എടുത്തു. ഒലി പോപ്പിനെ പ്രസിദ്ധ് ക്ലീന്‍ ബൗള്‍ഡാക്കി. താരം 8 റണ്‍സുമായി ഔട്ടായി.
പ്രസിദ്ധ് കൃഷ്ണയ്ക്കു പിന്നാലെ ശാര്‍ദുല്‍ ഠാക്കൂര്‍ തുടരെ രണ്ട് പന്തുകളില്‍ വിക്കറ്റെടുത്തും ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരുന്നു. സെഞ്ച്വറിയുമായി കളം വാണ ബെന്‍ ഡക്കറ്റിനേയും തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഹാരി ബ്രൂക്കിനെ ഗോള്‍ഡന്‍ ഡക്കിലും ഠാക്കൂര്‍ പുറത്താക്കി. പിന്നീട് ബെന്‍ സ്റ്റോക്‌സും ജോ റൂട്ടും ചേര്‍ന്നു ഇന്നിങ്‌സ് കാത്തു. അതിനിടെ സ്റ്റോക്‌സിനെ മടക്കി ജഡേജ വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ജാമി സ്മിത്തും റൂട്ടും ചേര്‍ന്നു കളി വിടാതെ പിടിച്ചു. സ്‌റ്റോക്‌സ് 33 റണ്‍സുമായി മടങ്ങി.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ (137), ഋഷഭ് പന്ത് (118) എന്നിവരുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ 364 റണ്‍സാണ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സിലെ 6 റണ്‍സ് ലീഡടക്കമാണ് ഇന്ത്യ 371 റണ്‍സ് വിജയ ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വച്ചത്.
സായ് സുദര്‍ശന്‍ (30), കരുണ്‍ നായര്‍ (20), രവീന്ദ്ര ജഡേജ (25) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറികള്‍ കണ്ടെത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (4), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (8) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഇന്ത്യയുടെ അവസാന മൂന്ന് ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി.
ഇംഗ്ലണ്ടിനായി ബ്രയ്ഡന്‍ കര്‍സ്, ജോഷ് ടോംഗ് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷൊയ്ബ് ബഷീര്‍ രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഒലി പോപ്പ് സെഞ്ച്വറി നേടി. താരം 106 റണ്‍സെടുത്തു. ഹാരി ബ്രൂക്ക് 99 റണ്‍സില്‍ പുറത്തായി. ബെന്‍ ഡക്കറ്റും അര്‍ധ സെഞ്ച്വറി നേടി. താരം 62 റണ്‍സെടുത്തു.
ഇന്ത്യക്കായി ജസ്പ്രിത് ബുംറയാണ് ബൗളിങില്‍ തിളങ്ങിയത്. താരം 5 വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജ് 2 വിക്കറ്റെടുത്തു.
England vs India: India paid the price for their shoddy fielding and lower-order batting as Shubman Gill faced defeat in his captaincy debut in Leeds.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates