ഓവല്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ ഇനി വീഴ്‌ത്തേണ്ടത് 6 ഇംഗ്ലീഷ് വിക്കറ്റുകള്‍ കൂടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ടിനു 3 വിക്കറ്റുകള്‍ നഷ്ടമായി. ബോര്‍ഡില്‍ 162 റണ്‍സാണുള്ളത്. ജയത്തിലേക്ക് അവര്‍ ഇനി താണ്ടേണ്ടത് 212 റണ്‍സ് കൂടി.
ഇന്ത്യ 374 റണ്‍സാണ് ഇംഗ്ലണ്ടിനു മുന്നില്‍ വിജയ ലക്ഷ്യം വച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 224 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 396 റണ്‍സും നേടി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 247 റണ്‍സാണ് കണ്ടെത്തിയത്.
22 റണ്‍സുമായി ജോ റൂട്ടും 37 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. അതിനിടെ പ്രസിദ്ധിന്റെ പന്തിൽ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള അവസരം മുഹമ്മദ് സിറാജിനു ലഭിച്ചിരുന്നു. താരം ഫോർ ലൈനിനു സമീപത്തു വച്ച് ക്യാച്ചെടുത്തെങ്കിലും ഗ്രിപ്പ് കിട്ടാതെ പിന്നിലേക്ക് പോയതോടെ ബ്രൂക്കിന് ആയുസ് നീട്ടികിട്ടി. ഷോട്ട് സിക്സായി മാറുകയും ചെയ്തു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം തുടങ്ങിയത്. ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ പുറത്തായി. താരം 54 റണ്‍സെടുത്തു. സ്‌കോര്‍ 82ല്‍ എത്തിയപ്പോഴാണ് ഡക്കറ്റിനെ ഇംഗ്ലണ്ടിനു നഷ്ടമായത്. താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. സ്‌കോര്‍ 106ല്‍ എത്തിയതിനു പിന്നാലെ മുഹമ്മദ് സിറാജ് ക്യാപ്റ്റന്‍ ഒലി പോപ്പിനെ ഔട്ടാക്കി ഇംഗ്ലണ്ടിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. താരം 27 റണ്‍സുമായി മടങ്ങി.
നേരത്തെ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 224 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 247 റണ്‍സാണ് കണ്ടെത്തിയത്. 23 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്തത്.
അവസാന ഘട്ടത്തില്‍ വാഷിങ്ടന്‍ സുന്ദര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയെ പൊരുതാവുന്ന നിലയിലെത്തിച്ചത്. 357 റണ്‍സില്‍ ഒന്‍പതാം വിക്കറ്റ് വീണ ശേഷം പ്രസിദ്ധ് കൃഷ്ണയെ സാക്ഷിയാക്കി വാഷിങ്ടന്‍ നാല് വീതം സിക്സും ഫോറും സഹിതം താരം 39 പന്തിലാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഒടുവില്‍ 46 പന്തില്‍ 53 റണ്‍സെടുത്തു മടങ്ങി. പ്രസിദ്ധ് കൃഷ്ണ 2 പന്തുകള്‍ മാത്രമാണ് നേരിട്ടത്. റണ്ണൊന്നുമില്ല. വാഷിങ്ടനെ പുറത്താക്കി ജോഷ് ടോംഗ് ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീലയിട്ടു.
ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ സെഞ്ച്വറി നേടി. ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഇംഗ്ലണ്ടിനായി ജോഷ് ടോംഗ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സന്‍ 3 വിക്കറ്റുകളും ജാമി ഓവര്‍ടന്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
കിടിലന്‍ സെഞ്ച്വറിയുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ രണ്ടാം ഇന്നിങ്സില്‍ പോരാട്ടം നയിച്ചു. താരം 164 പന്തില്‍ 14 ഫോറും 2 സിക്സും സഹിതം 118 റണ്‍സെടുത്തു മടങ്ങി. 127 പന്തിലാണ് 100 റണ്‍സിലെത്തിയത്. താരത്തിന്റെ പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണിത്. കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി. ആകാശ് ദീപ് 94 പന്തുകള്‍ നേരിട്ട് 66 റണ്‍സ് സ്വന്തമാക്കി. 12 ഫോറുകള്‍ സഹിതമായിരുന്നു കന്നി അര്‍ധ ശതകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates