English Premier League x
Sports

മുഖം മിനുക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; ആഴ്സണലിന് കിരീടം വേണം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ ആഴ്ചയിലെ ഈ പോരാട്ടങ്ങൾ ത്രില്ലടിപ്പിക്കും

അഭിലാഷ് വിഎസ്‌

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ് പോരാട്ടങ്ങൾക്ക് ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30നു തുടക്കമാകുമ്പോൾ ത്രില്ലിങ് ഫിക്സചറാണ് ആരാധകരെ കാത്തു നിൽക്കുന്നത്. നിലവിലെ ചാംപ്യൻമാരായ ലിവർപൂൾ, മാഞ്ചസ്റ്റർ ടീമുകൾ, ആഴ്സണൽ തുടങ്ങിയവരെല്ലാം രം​ഗത്തിറങ്ങുന്നു. ടീം പുതുക്കി ലിവർപൂൾ കിരീടം നിലനിർത്തുകയാണ് ലക്ഷ്യമിടുന്നത്. റുബൻ അമോറിമിനു കീഴിൽ അടിമുടി മാറ്റങ്ങൾ കൊണ്ടു വരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് അലക്സ് ഫെർ​ഗുസൻ കാലത്തിനു ശേഷം പ്രീമിയർ ലീ​ഗ് കിരീടം സ്വന്തമാക്കാനുള്ള ആ​ഗ്രഹത്തിലാണ്. ക്ലബ് ലോകകപ്പ് കിരീടം നേടി ചെൽസി എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി നിൽക്കുന്നു. ടോട്ടനം ഹോട്സ്പർ ഇത്തവണ ഹോട്ട് ഫേവറിറ്റുകളാകുമോ?

അറിയാം ടീം തന്ത്രങ്ങളും മുന്നൊരുക്കങ്ങളും

ലിവർപൂൾ vs ബേൺമത്

മുഹമ്മദ് സലയിലൂടെയുള്ള കൗണ്ടർ അറ്റാക്കിങ്ങാണ് ലിവർപൂളിന്റെ പ്രധാന തന്ത്രം. ഇപ്പോൾ ഫ്ളോറിയൻ വിയറ്റ്സും മിഡ്‌ഫീൽഡിൽ ഉള്ളതിനാൽ അറ്റാക്കിങ് ശക്തി കൂടും. മികച്ച സെന്റർ ഫോർവേഡാണ് എകിറ്റികെ. തന്റെ ഉയരം എയറിൽ നന്നായി ഉപയോഗിക്കുന്ന എകിറ്റികെ നിർണായക പാസുകൾ ഗോൾ ആക്കി മാറ്റാൻ ശ്രദ്ധിക്കുന്നു. അറ്റാക്കിങ് ഫോർമേഷനായ 4-3-3 ഉപയോഗിച്ച ശേഷം ഡിഫൻസിനു പ്രാധാന്യമുള്ള 4-2-3-1 ഫോർമേഷനിലേക്ക് മാറാൻ ലിവർപൂളിനു അനായാസം സാധിക്കും. ഗ്രേവെൻബെർഹും മാക്ക് അലിസ്റ്ററും double pivot നീക്കത്തിലൂടെ ഇത് സാധ്യമാക്കും. ഗ്രേവെൻബെർഹിന്റെ ഇന്റർസെപ്ഷൻ പ്രസിദ്ധമാണ്.

അതേസമയം ഫ്രിംപോങ്ങും കെർകെസിയും ഡിഫൻസിൽ നിന്നു വിങ്‌ ബാക്കിലേക്കു മാറുമ്പോൾ വാൻ ഡൈയ്ക്കിനെ പോലെയുള്ള സ്റ്റോപ്പർമാർ ദുർബലരാവും. സെറ്റ് പീസുകളും ലിവർപൂളിന്റെ ദൗർബല്യമായി തുടരുന്നുണ്ട്.

എഫ്‌സി ബേൺമത് കഴിഞ്ഞ വർഷം ഒൻപതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടവരാണ്. അന്റോണി ഇരാല പരിശീലകനായി തുടരുന്നുണ്ട്. വിങ്ങിലൂടെയുള്ള കൗണ്ടർ അറ്റാക്കുകളാണ് ബേൺമതിന്റേയും പ്രത്യേകത. ബോൾ തട്ടിയെടുക്കുന്നതിൽ വിദഗ്ദരായ റയാൻ ക്രിസ്റ്റിയും ടൈലർ ആഡംസും മിഡ്‌ഫീൽഡിന് കരുത്തേകുന്നു. 4-2-3-1 ഫോർമേഷനിൽ തുടങ്ങി 4-3-3 ലേക് മാറുന്ന ശൈലിയാണ് ബേൺമതിനു. ലിവർപൂളുമായി ഏറ്റുമുട്ടുമ്പോൾ യുവനിരയെ 4-3-3യിൽ നിരത്താനാകും സാധ്യത. കഴിഞ്ഞ സീസണിൽ ലീഗിലെ രണ്ടാമത്തെ മികച്ച ടോട്ടൽ ഡിസ്റ്റൻസ്, ഹൈ സ്പീഡ് ഡിസ്റ്റൻസ് നേട്ടങ്ങളും ഏറ്റവും മികച്ച സ്പ്രിന്റ് ആൻഡ് ആക്സിലറേഷൻ റെക്കോർഡും ഈ യുവത്വത്തിന്റെ സാക്ഷ്യങ്ങളാണ്.

എങ്കിലും ഡിഫൻസും ഗോൾകീപ്പിങ്ങും ദുർബലമായി തുടരുന്നു. അനാവശ്യ പെനാൽറ്റികളും ഗോൾ കീപ്പർ പാസുകളിലെ പിഴവുകളുമാണ് കൂടുതൽ ഗോളുകൾ വഴങ്ങുന്നതിലേക്കു അവരെ കഴിഞ്ഞ സീസണിൽ നയിച്ചത്. ഇത്തവണ അതു പരിഹരിച്ചാകും ഇറങ്ങുന്നത് എന്നു പ്രതീക്ഷിക്കാം.

മാഞ്ചസ്റ്റർ യുനൈറ്റഡ് vs ആഴ്സണൽ

പരമ്പരാഗത വൈരികളായ ഈ വൻ ശക്‌തികളും ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഉദ്ഘാടന വാരത്തിൽ തന്നെ ഏറ്റുമുട്ടുന്നു. ആഴ്സണൽ 4-3-3 മാഞ്ചസ്റ്റർ യുനൈറ്റഡ് 3-4-3 ഫോർമേഷനുകൾ തുടരും എന്ന് പ്രതീക്ഷിക്കാം. ക്രോസ്സുകളേക്കാളുപരി സകയെ മുൻനിറുത്തിയുള്ള ഇൻവെർട്ടഡ് കൗണ്ടർ അറ്റാക്ക് ആഴ്സണൽ ഉപയോഗപ്പെടുത്തും. എന്റെ നോട്ടത്തിൽ ലോകത്തിലെ മികച്ച മിഡ്‌ഫീൽഡറാണ് ഡക്ലൻ റൈസ്. കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ ക്ലാസിക് ഗോളുകൾ മറക്കാനാകില്ല. സെറ്റ് പീസുകളിൽ ആഴ്സെണലിനെ വെല്ലാൻ ഇന്ന് ടീമുകൾ ചുരുക്കം. പക്ഷേ സ്ഥിരമായൊരു നല്ല സ്‌ട്രൈക്കർ ഇല്ലാത്തതാണ് ഇപ്പോഴും ഇവരുടെ പോരായ്മ. ഡിഫൻസിന്റെ മികവറിയാൻ കഴിഞ്ഞ സീസണിൽ വഴങ്ങിയത് വെറും 34 ഗോളുകൾ മാത്രമെന്നോർത്താൽ മതി. സ്കോറിങ് തന്നെയാണ് പ്രശ്നം. ജെസ്യുസ് പരിക്കു കാരണം കളിക്കാൻ സാധ്യതയില്ല. ട്രൊസാർഡിന്റെ കാര്യവും സംശയമാണ്. കഴിഞ്ഞ സീസണിൽ കപ്പിനോടടുത്തപ്പോഴാണ് പരിക്കുക്കൾ ടീമിനെ പിടികൂടിയത്. എങ്കിലും മാർട്ടിനെല്ലി ഫോമിലായാൽ പുതിയ ഫോർവേഡ് ഗൈകോർസിനു ഓഡെഗാർഡിനൊപ്പം ആഴ്സണലിനായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. കഴിഞ്ഞ സീസണിൽ ചെൽസിയിൽ നിന്നെത്തിയ കൈ ഹവെർട്സ് ഫോം വീണ്ടെടുക്കേണ്ടത് ആഴ്സണലിനു അനിവാര്യമാണ്.

മൂന്ന് സെന്റർബാക്കുകളെയും വിങ് ബാക്കുകളെയും ഉപയോഗിച്ചുള്ള രീതി മാഞ്ചസ്റ്റർ തുടർന്നേക്കും. പ്രതീക്ഷകൾ നീളുന്നത് പുതിയ സ്‌ട്രൈക്കർ ബെഞ്ചമിൻ സെസ്‌കോയിലേക്കു. അലക്സ് ഫെർഗുസൻ കാലഘട്ടത്തിനു ശേഷം ഈ വർഷം മാഞ്ചസ്റ്റർ കപ്പടിക്കുമോ? റുബൻ അമോറിമിനു അത് സാധിക്കുമോ? ആരാധകർ തീർച്ചയായും പ്രതീക്ഷിക്കുന്നു. പക്ഷേ മിഡ്‌ഫീൽഡിലെ പ്രശ്നങ്ങൾ ടീമിനെ അലട്ടുന്നു. ബ്രൂണോ ഫെർണാണ്ടസും കാസമിറോയും എതിരാളികൾക്ക് ധാരാളം സ്പേസ് കൊടുക്കുന്നു. ബോൾ റീട്ടെൻഷനും കുറവാണു. അതുകൊണ്ടു അനാവശ്യ ഗോളുകൾ വഴങ്ങുന്നുമുണ്ട്. മാഗൾഹേയെസും ടീമും ഒരുക്കുന്ന ആഴ്സണലിന്റെ പ്രതിരോധ വലയം സെസ്‌കോ ഭേദിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

ആസ്റ്റൺ വില്ല vs ന്യൂകാസിൽ

അന്താരാഷ്ട്ര ഫുട്ബോൾ ഞാൻ ഇഷ്ടപെടുന്ന കോച്ചുമാരിൽ പ്രധാനിയാണ് ആസ്റ്റൺ വില്ലയുടെ ഉനെയ് എമറി. സ്പാനിഷ് ലീഗിലെ ഉജ്ജ്വല പ്രകടനത്തിനു ശേഷം 2022ലാണ് അദ്ദേഹം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയത്. പക്ഷേ വലിയ ടീമുകളോട് ഏറ്റുമുട്ടുമ്പോൾ ആസ്റ്റൺ വില്ല ഇപ്പോഴും പതറുന്നു. അപ്രതീക്ഷിതമായ ഗോൾ വഴങ്ങലാണ് കഴിഞ്ഞ സീസണിൽ അവരെ ടോപ് സിക്സിന് പുറത്തു നിറുത്തിയത്. എതിരാളിക്കനുസരിച്ചു ഡിഫൻസിൽ കേന്ദ്രികരിച്ചുള്ള 4-4-2 അല്ലെങ്കിൽ 4-2-3-1 ഫോർമേഷനാണ് വില്ല ഉപയോഗിക്കുക. ഗോൾ കീപ്പർ മാർട്ടിനെസിന്റെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ കഴിഞ്ഞ പ്രാവശ്യം ന്യൂകാസിലിനെ നാല് ഗോളുകൾക്കു തകർത്ത ആത്മവിശ്വാസം ആസ്റ്റൺ വില്ല കളത്തിൽ പ്രകടിപ്പിക്കും.

ന്യൂകാസിലിന്റെ ശക്‌തിയും ദൗർബല്യവും അവരുടെ സ്‌ട്രൈക്കർ അലക്സാണ്ടർ ഇസാക് തന്നെ. ലിവർപൂൾ അദ്ദേഹത്തിനായി കാത്തിരിക്കുന്നു. ഇസാക് ന്യൂകാസിൽ വിട്ടുപോയാൽ ടീമിനെ അങ്ങേയറ്റം അത് ബാധിക്കും എന്നതിൽ സംശയമില്ല.

ബ്രൈറ്റൻ vs ഫുൾഹാം

ഈ സീസണിലെ അണ്ടർ ഡോഗ്സ് എന്ന പദവിക്ക് ഏറ്റവും അർഹർ ബ്രൈറ്റൻ തന്നെ. വേഗമേറിയ വ്യത്യസ്തമായ ആക്രമണ ശൈലിയും ഹൈ പ്രസ്സിങ്ങും എതിരാളികൾക്ക് പേടിസ്വപ്നമാണ്. മുൻ സീസണിൽ ചെൽസിയേക്കാളും ആസ്റ്റൺ വില്ലയെക്കാളും കൂടുതൽ ഗോൾ നേടിയതും പന്ത് കൈവശം വച്ചതും ബ്രൈറ്റനാണ്. ലിവർപൂളിനെയും ടോട്ടനമിനെയും തോൽപ്പിക്കുകയും ന്യൂകാസിലിനെ സമനിലയിൽ പിടിക്കുകയും ചെയ്ത ബ്രൈറ്റൻ ഈ സീസണിൽ മികവേറിയ മത്സരങ്ങൾ തീർച്ചയായും ഫാൻസിനു സമ്മാനിക്കും.

അന്റോണി റോബിൻസനും അലക്സ് ഇവോബിയും ഒരുക്കുന്ന ഫ്ലാങ്ക്സിലൂടെയുള്ള മുന്നേറ്റങ്ങളും ക്രോസ്സുകളുമാണ് ഫുൾഹാമിന്റെ ആയുധം. നാളിതുവരെയുള്ള ഏറ്റുമുട്ടലുകളിൽ ഫുൾഹാമിനാണ് ബ്രൈറ്റനെതിരെ മുൻ‌തൂക്കം. എങ്കിലും സെറ്റ് പീസസ് പ്രതിരോധിക്കുന്നതിൽ വരുന്ന പിഴവുകളും അസ്ഥിരതയും ഫുൾഹാം മറികടക്കണം.

സണ്ടർലാൻഡ് vs വെസ്റ്റ്ഹാം

കളിക്കാർ തമ്മിൽ ഉള്ള സ്പർദ്ധയും എട്ട് വർഷത്തിനു ശേഷം ലീഗിൽ തിരിച്ചെത്തുന്നതിന്റെ പരിചയക്കുറവും സണ്ടർലാൻഡിനെ ബാധിക്കും. പ്രീ സീസൺ കളികളിൽ അഞ്ചിൽ നാലും ജയിച്ച ഉർജത്തോടെയാണ് വെസ്റ്റ്ഹാം ഇറങ്ങുക. ഗ്രഹാം പോട്ടറിന്റെ കീഴിൽ എവേ മാച്ചുകളിൽ മെച്ചപ്പെട്ട റെക്കോർഡ് വെസ്റ്റ് ഹാമിന്‌ അവകാശപെടാനുണ്ട്. എങ്കിലും വർഷങ്ങൾക്കു മുൻപുള്ള കൺസിസ്റ്റൻസി ഇന്ന് ക്ലബിന് ഇല്ല. ഹോം മത്സരങ്ങളിലെ മോശം പ്രകടനവും ദുർബലമായ ഡിഫൻസും മറികടന്നാൽ നല്ലൊരു സീസൺ പ്രതീക്ഷിക്കാം.

(മുൻ സന്തോഷ് ട്രോഫി താരവും വാട്സ്‍ഫുട്ബോൾ അക്കാദമിയുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)

English Premier League: Manchester United will host Arsenal in the first Super Sunday clash of the 2025/26 Premier League season, with Liverpool, Manchester City, Chelsea, and FA Cup winners Crystal Palace also playing on a bumper opening weekend.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT