FIFA World Cup 2026 x
Sports

ലോക ചാംപ്യൻമാർക്ക് എത്ര 'കോടി'? ടീമുകളെ കാത്ത് 6,238.42 കോടി രൂപ! ഇത്തവണ സമ്മാനത്തുക 'കണ്ണഞ്ചിപ്പിക്കും'

ഒറ്റ കളി ജയിച്ചില്ലെങ്കിലും കോടികൾ കിട്ടും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വാഷിങ്ടൻ: ലോകകപ്പ് കിരീടം ഉയർത്തുന്ന ടീമിനെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനത്തുക. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്തവണ വിജയികളെ കാത്തിരിക്കുന്നത്. സമ്മാനത്തുകയായി മൊത്തം 655 മില്ല്യൺ യുഎസ് ഡോളറുകളാണ് (ഏതാണ്ട് 6,238.42 കോടി രൂപ) ഫിഫ ചെലവിടുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മറ്റ് ചെലവുകള്‍ക്കായി നല്‍കുന്ന തുക കൂടി കണക്കാക്കിയാൽ മൊത്തം പാക്കേജ് 727 മില്യണ്‍ ഡോളറിലെത്തും (ഏതാണ്ട് 7,400.09 കോടി രൂപ).

ചാംപ്യൻമാർക്ക് മാത്രം ഫിഫ 50 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 417.50 കോടി രൂപ) സമ്മാനത്തുകയായി നൽകും. ടൂര്‍ണമെന്റ് തയ്യാറെടുപ്പുകള്‍ക്കായി നല്‍കുന്ന 1.5 മില്യണ്‍ ഡോളര്‍ കൂടി ചേരുമ്പോള്‍ ജേതാക്കള്‍ക്ക് ആകെ ലഭിക്കുക 51.5 മില്യണ്‍ ഡോളറായിരിക്കും. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ചാംപ്യന്മാരായ അര്‍ജന്റീനയ്ക്ക് ലഭിച്ചതിനേക്കാള്‍ 42 മില്യണ്‍ ഡോളര്‍ കൂടുതലാണിത്.

രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ആകെ ലഭിക്കുക 34.5 മില്യണ്‍ (ഏതാണ്ട് 288.075 കോടി രൂപ) ആയിരിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 30.5 മില്യണും (ഏതാണ്ട് 254.675 കോടി രൂപ), നാലാമത് എത്തുന്നവര്‍ക്ക് 28.5 മില്യണും (ഏതാണ്ട് 237.975 കോടി രൂപ) ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറുന്ന ടീമുകള്‍ക്ക് 20.5 മില്യണ്‍, പ്രീ ക്വാര്‍ട്ടറില്‍ വരുന്ന ടീമുകള്‍ക്ക് 12.5 മില്യണ്‍ എന്നിങ്ങനെയാണ് സമ്മാനത്തുകകളായി ലഭിക്കുക.

ടൂര്‍ണമെന്റില്‍ നിന്ന് തോറ്റ് പുറത്തായാലും കോടികള്‍ ഉറപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന ടീമുകള്‍ക്ക് പോലും വന്‍ തുക സ്വന്തമാക്കാം. ടൂര്‍ണമെന്റില്‍ 33 മുതല്‍ 48 വരെയുള്ള സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് 9 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായും 1.5 മില്യണ്‍ ഡോളര്‍ തയ്യാറെടുപ്പിനുള്ള തുകയായും ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു ടീമിന് കുറഞ്ഞത് 10.5 മില്യണ്‍ ഡോളര്‍ ഉറപ്പായും സ്വന്തമാക്കാം. ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഇന്ത്യന്‍ രൂപയില്‍ ഇത് 87.675 കോടി രൂപയാണ്. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് വലിയ സഹായമാകും. ചുരുക്കത്തില്‍, കളിക്കളത്തിലെ ആവേശത്തിനൊപ്പം സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തിലും 2026 ലോകകപ്പ് ചരിത്രം കുറിക്കും.

ചരിത്രത്തിലാദ്യമായി 32 ടീമുകള്‍ക്ക് പകരം 48 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. മത്സരങ്ങളുടെ എണ്ണം 64 ല്‍ നിന്നും 104 ആയി ഉയര്‍ന്നു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതിനാല്‍ സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യ വരുമാനങ്ങളില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് എന്നിവയാണ് സമ്മാനത്തുക ഇത്രയും ഉയരാന്‍ കാരണം.

അതേസമയം പണം കളിക്കാർക്ക് നേരിട്ട് കിട്ടില്ല. ഫിഫ ഓരോ രാജ്യത്തെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കാണ് പണം കൈമാറുക. ഈ തുക കളിക്കാര്‍ക്കുള്ള ബോണസ്, കോച്ചിങ് സ്റ്റാഫിന്റെ ശമ്പളം, യാത്രാ ചെലവുകള്‍, ആഭ്യന്തര ഫുട്‌ബോള്‍ വികസനം എന്നിവയ്ക്കായി അസോസിയേഷനുകള്‍ക്ക് വിനിയോഗിക്കാം.

FIFA World Cup 2026 prize money

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ പൊട്ടിച്ചിരിയും മാഞ്ഞു... നടൻ സലിം കുമാർ വിട വാങ്ങി

'അവൻ കൊച്ചു കുട്ടിയല്ലേ'... വൈഭവിനായി ബിസിസിഐയുടെ നിർണായക തീരുമാനം!

സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു

കലൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതി പിടിയില്‍

ഷി​ഗെല്ല; കോഴിക്കോട് നാലര വയസുകാരി മരിച്ചു

SCROLL FOR NEXT