വാഷിങ്ടൺ: 33 ദിവസം കൊണ്ട് 100 ഗോൾ എന്ന റെക്കോർഡ് പിന്നിട്ട ഫിഫ ലോകകപ്പിൽ ഇത്തവണ സെൽഫ് ഗോളും (ഓൺ ഗോൾ) റെക്കോർഡിടാനുള്ള യാത്രയിൽ! കഴിഞ്ഞ 10 ദിവസത്തിനിടെ 8 ഓൺ ഗോളുകളാണ് പിറന്നത്. ലോകകപ്പ് ചരിത്രത്തിൽ ഒരു ടൂർണമെന്റിൽ പിറക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ഔൺ ഗോൾ നിരക്കാണിത്.
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിലാണ് ഏറ്റവും കൂടുതൽ ഓൺ ഗോളുകൾ പിറന്നത്. അന്ന് 12 സെൽഫ് ഗോളുകളാണ് മൊത്തം വന്നത്. ഇത്തവണ 10 ദിവസം കഴിയുമ്പോൾ തന്നെ 10 സെൽഫ് ഗോളുകൾ ആയി കഴിഞ്ഞു. ഇത്തവണ 48 ടീമുകളും 104 മത്സരങ്ങളുമുള്ളതിനാൽ വരും ആഴ്ചകളിൽ ഈ റെക്കോർഡ് തകരാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
ഞായറാഴ്ച സ്പെയിനിനെതിരായ മത്സരത്തിൽ സൗദി അറേബ്യൻ ഡിഫെൻഡർ ഹസൻ അൽ ടംബക്റ്റി പന്ത് സ്വന്തം വലയിലാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സെൽഫ് ഗോൾ. ഈ മത്സരത്തിൽ സൗദി 4-0 ന് പരാജയപ്പെട്ടിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും എതിരാളികളുടെ ഓൺ ഗോളിന്റെ ആനുകൂല്യം ലഭിച്ച ടീമാണ് യുഎസ്എ. പരഗ്വെയ്ക്കെതിരായ യുഎസിന്റെ 4-1 വിജയത്തിനിടെ പരാഗ്വെ താരം ഡാമിയൻ ബൊബാദില്ല ഓൺ ഗോൾ വഴങ്ങി. ഓസ്‌ട്രേലിയക്കെതിരായ യുഎസിന്റെ 2-0 വിജയത്തിൽ ഓസീസ് താരം കാമറൂൺ ബർഗെസും സ്വന്തം വലയിൽ പന്തെത്തിച്ച് അമേരിക്കയ്ക്ക് സഹായം നൽകി.
ഖത്തറിനെതിരായ മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് ഡിഫെൻഡർ മിറോ മുഹൈം വഴങ്ങിയ ഓൺ ഗോളിലൂടെ ഖത്തറിന് സമനില ലഭിച്ചു. കാനഡയ്‌ക്കെതിരായ മത്സരത്തിൽ (കാനഡ 6-0 ന് ജയിച്ചു) ഖത്തറിന്റെ മുഹമ്മദ് മനായ്ക്ക് പിഴയ്ക്കുകയും ചെയ്തു. ഓൺ ഗോളിന്റെ ആനുകൂല്യവും തിരിച്ചടിയും രണ്ട് മത്സരങ്ങളിൽ ഖത്തർ അറിഞ്ഞു.
ഈജിപ്റ്റിന്റെ മുഹമ്മദ് ഹാനി, ഇറാഖിന്റെ അയ്മൻ ഹുസൈൻ, ജോർദാന്റെ യാസൻ അൽ അറബ് എന്നിവരും സെൽഫി ഗോൾ പട്ടികയിലുണ്ട്. ഇതിൽ അയ്മൻ ഹുസൈൻ നോർവെക്കെതിരായ മത്സരത്തിൽ സ്വന്തം ടീമിനായും എതിർ ടീമിനായും ഗോൾ നേടി ചരിത്രത്തിൽ ഇടം പിടിച്ചു.
ലോകകപ്പിലെ സെൽഫ് ഗോൾ
ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ആകെ 62 സെൽഫ് ഗോളുകളാണ് പിറന്നിട്ടുള്ളത്. ഇതിൽ ഏകദേശം 12 ശതമാനവും ഈ ലോകകപ്പിൽ മാത്രമാണ് സംഭവിച്ചത്!
ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഔൺ ഗോൾ പിറന്നത് 1930ലെ ആദ്യ ടൂർണമെന്റിലാണ്. ചിലിക്കെതിരായ മത്സരത്തിൽ മെക്സിക്കോയുടെ 18 കാരൻ മാനുവൽ റോസാസ് ആണ് അന്ന് പിഴവ് വരുത്തിയത്. ചരിത്രത്തിൽ അഞ്ച് ലോകകപ്പ് പതിപ്പുകൾ ഒരു ഓൺ ഗോൾ പോലും ഇല്ലാതെ അവസാനിച്ചിട്ടുമുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് 1990ലാണ്.
പുരുഷ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഓൺ ഗോളിന്റെ ആനുകൂല്യം ലഭിക്കുന്ന ആദ്യ ടീമെന്ന റെക്കോർഡിനൊപ്പവും ഇത്തവണ ആതിഥേയരായ അമേരിക്ക സ്വന്തമാക്കി. 2014, 2018 ലോകകപ്പുകളിൽ ഫ്രാൻസിനും ഇതേ ആനുകൂല്യം കിട്ടിയിട്ടുണ്ട്.
ഒരു ലോകകപ്പിൽ ഒരു ടീം വഴങ്ങുന്ന ഏറ്റവും കൂടുതൽ ഓൺ ഗോളുകളുടെ റെക്കോർഡ് രണ്ട് ആണ്. 1966ൽ ബൾഗേറിയയും 2018ൽ റഷ്യയുമാണ് ഈ നാണക്കോടിന്റെ റെക്കോർഡ് സംയുക്തമായി പങ്കിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates