അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ 
Fifa World Cup 2026

'അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ'; ഇംഗ്ലണ്ടിനെ കെട്ടിപ്പൂട്ടി; മെസിക്ക് രണ്ടാം ലോകകിരീടം അരികെ

അറ്റ്‌ലാന്റയില്‍ നടന്ന മൂന്നാം ലോകമഹായുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

അറ്റ്‌ലാന്റ: സാക്ഷാല്‍ കാല്‍പ്പന്ത് ദൈവം മറഡോണയ്ക്ക് പോലും സാധ്യമാകാത്ത നേട്ടം മെസിക്കായി കാലം കാത്തുവച്ചെന്ന് ആരാധകര്‍ കരുതുന്ന തുടര്‍ച്ചയായ രണ്ടാം ലോകകിരീടത്തില്‍ ചുംബിക്കാന്‍ ഒരു മത്സരം മാത്രം ബാക്കി. അറ്റ്‌ലാന്റയില്‍ നടന്ന മൂന്നാം ലോകമഹായുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം. മറഡോണയുടെ ദൈവത്തിന്റ കൈ സഹായത്താല്‍ നേടിയ ഗോളിന് കണക്ക് തീര്‍ക്കാന്‍ ഇംഗ്ലണ്ട് ഇനിയും കാത്തിരിക്കണം. ജൂലൈ 20ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് അര്‍ജന്റീന ഫൈനലില്‍ സ്‌പെയിനിനെ നേരിടും.

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ നേട്ടമാണ് മെസിയും കൂട്ടരും സ്വന്തമാക്കിയത്. ഫൈനല്‍ പ്രവേശം സാധ്യമായതോടെ ഗോള്‍ഡന്‍ ബൂട്ട് നേട്ടത്തിലേക്ക് മെസി ഒന്നൂകൂടി അടുത്തു.

തോല്‍വി എന്തെന്ന് അറിയാതെയാണ് ഈ ലോകകപ്പിലെ അര്‍ജന്റീനയുടെ ഇതുവരെയുള്ള പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നി ടീമുകളെ തകര്‍ത്തായിരുന്നു അര്‍ജന്റീന റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറിയിരുന്നത്. അള്‍ജീരിയയെ എതിരില്ലാത്ത മൂണ്‍ ഗോളുകള്‍ക്കും ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കും തകര്‍ത്തപ്പോള്‍ ജോര്‍ദാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയിച്ചത്. റൗണ്ട് ഓഫ് 32ല്‍ കാബോ വെര്‍ദെയുമായി ഒരു ത്രില്ലിംഗ് പോരാട്ടത്തിന് ഒടുവിലായിരുന്നു അര്‍ജന്റീനയുടെ ജയം. പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മെസിയും സംഘവും പരാജയപ്പെടുത്തിയതെങ്കില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്വിറ്റസര്‍ലാന്‍ഡിനെതിരായ ക്വാര്‍ട്ടറില്‍ ജയം.

ലോകകപ്പില്‍ ആറാം തവണയാണ് അര്‍ജന്റീന ഫൈനലില്‍ എത്തുന്നത്. ഇതില്‍ മൂന്ന് തവണ കിരീടം നാട്ടിലെത്തിച്ചപ്പോള്‍ മൂന്ന് തവണ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ആറ് തവണ ഫൈനലില്‍ എത്തിയതില്‍ ഒരിക്കല്‍പ്പോലും അവര്‍ക്ക് സെമിയില്‍ കാലിടറിയിട്ടില്ല. 1930ലെ ആദ്യ ലോകകപ്പ് മുതല്‍ 2026 ലോകകപ്പ് വരെയും ഇതാണ് അര്‍ജന്റീനയുടെ ചരിത്രം.

1930ലെ ആദ്യ ലോകകപ്പില്‍ 6-1ന് അമേരിക്കയെ സെമിയില്‍ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിന് യോഗ്യത നേടിയത്. 1986ല്‍ അവര്‍ ജേതാക്കളായ ലോകകപ്പിന്റെ സെമിയില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിനെത്തിയത്. 1990ല്‍ സെമിയില്‍ ഇറ്റലിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി. 2014ല്‍ വീണ്ടും ഷൂട്ടൗട്ടിലേക്ക് നീണ്ട മറ്റൊരു സെമിയില്‍ നെതര്‍ലാന്‍ഡ്സിനെ വീഴ്ത്തിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. 2022ല്‍ മൂന്നാം ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ 3-0ന് ക്രൊയേഷ്യയെ ആണ് സെമിയില്‍ തോല്‍പ്പിച്ചത്.1978ല്‍ അര്‍ജന്റീന ലോകകപ്പ് നേടിയ വര്‍ഷം സെമി പോരാട്ടങ്ങള്‍ ഇല്ലായിരുന്നു. അന്ന് രണ്ടാം ഗ്രൂപ്പിലെ ജേതാക്കളായിട്ടാണ് അര്‍ജന്റീന കലാശപ്പോരിന് യോഗ്യത നേടിയതും ആദ്യ വിശ്വകിരീടം ഉയര്‍ത്തിയതും.

Argentina in the World Cup Final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം