belgium vs iran ap
Fifa World Cup 2026

ആക്രമണം, പ്രത്യാക്രമണം, പ്രതിരോധം; ബെൽജിയവും ഇറാനും ശ്രമിച്ചു; പക്ഷേ ​​ഗോൾ മാത്രം ഇല്ല

ബെൽജിയം ഇറാൻ പോരാട്ടം ​ഗോളില്ലാ സമനില

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കാലിഫോർണിയ: കടുത്ത ആക്രമണ പ്രത്യാക്രമണങ്ങളും കിടിലൻ ​ഗോൾ കീപ്പർ സേവുകളും കണ്ട പോരിൽ ​ഗോളടിക്കാതെ പിരിഞ്ഞ് ബെൽജിയവും ഇറാനും. രണ്ടാം പകുതിയിൽ ബെൽജിയം 67ാം മിനിറ്റ് മുതൽ 10 പേരായി ചുരുങ്ങിയിട്ടും പിടിച്ചു നിന്നു. 90 മിനിറ്റും ഇരു ടീമുകളും പോരടിച്ചെങ്കിലും ആർക്കും വല കുലുക്കാനായില്ല. മത്സരം 0-0 എന്ന നിലയിൽ അവസാനിച്ചു. ഇരു ടീമുകളുടേയും തുടരെ രണ്ടാം മത്സരത്തിലും വിജയവും തോൽവിയും ഇല്ലാതെ മൈതാനം വിട്ടു. നോക്കൗട്ട് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും അടുത്ത കളിയിൽ ജയം അനിവാര്യം.

മത്സരം ആരംഭിച്ചതു മുതൽ ഗോൾ ലക്ഷ്യമിട്ട് ബെൽജിയം ആക്രമണമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി ബെൽജിയത്തിന്റെ മുന്നേറ്റനിര ഇറാൻ ഗോൾ മുഖത്ത് ഇരച്ചെത്തി. റൊമേലു ലുകാകുവും കെവിൻ ഡിബ്രുയ്നെയും ലിയാൻഡ്രോ ട്രൊസ്സാർഡും ഇറാൻ പ്രതിരോധത്തെ വിറപ്പിച്ചു. ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ ഒട്ടേറെ അവസരങ്ങളാണ് അവർ സൃഷ്ടിച്ചത്. പലപ്പോഴും ഗോളിനടുത്തെത്തി. എന്നാൽ ഇറാൻ പ്രതിരോധത്തെ മറികടക്കാനായില്ല.

കിട്ടിയ അവസരങ്ങളിൽ ഇറാനും മുന്നേറി. 26ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് തന്ത്രപരമായി ഇറാൻ വല കുലുക്കി. ഇറാൻ താരങ്ങൾ ഗോളാഘോഷവും നടത്തി. എന്നാൽ വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിച്ചു.

പിന്നാലെ ബെൽജിയം ഗോളിനായി ആക്രമണം കടുപ്പിച്ച് മുന്നേറിക്കൊണ്ടേയിരുന്നു. ഇറാൻ താരങ്ങൾ പ്രതിരോധിക്കാൻ നന്നായി ബുദ്ധിമുട്ടി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ എണ്ണമറ്റ മുന്നേറ്റങ്ങളാണ് ബെൽജിയം നടത്തിയത്. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. ഇറാൻ കെട്ടിയ പ്രതിരോധക്കോട്ട മറികടക്കാൻ ബെൽജിയത്തിന്റെ പേരുകേട്ട മുന്നേറ്റത്തിന് സാധിച്ചില്ല. അതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. ഇറാൻ ​ഗോൾ കീപ്പർ അലിറെസ ബെയ്റൻവാണ്ട് എന്ന ​വൻ മതിലും ബെൽജിയത്തെ അസാധ്യ പ്രകടനത്താൽ തടഞ്ഞു.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ഇരു ടീമുകളും മികച്ച നീക്കങ്ങൾ തന്നെ നടത്തി. അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറിയത് ബെൽജിയമായിരുന്നു. ഇറാൻ ഗോൾകീപ്പറുടെ ഉജ്ജ്വല സേവുകളാണ് ബെൽജിയത്തിന്റെ ഗോളെന്നുറച്ച ഷോട്ടുകളെ തടുത്തിട്ടത്. എന്നാൽ ഇറാനും വിട്ടുകൊടുത്തില്ല. മെഹദി തരേമിയും ജഹൻബക്ഷും ഗോളിനടുത്തെത്തി. ബെൽജിയം ഗോളി തിബോർട്ട് കോർട്ടുവയുടെ മികച്ച സേവുകളാണ് രക്ഷക്കെത്തിയത്. മത്സരം 60 മിനിറ്റ് പിന്നിട്ടപ്പോഴും ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല.

66ാം മിനിറ്റിൽ ബെൽജിയം പ്രതിരോധ താരം നതാൻ എൻഗോയ്ക്ക് ചുവപ്പ് കാർഡ് കിട്ടി. പന്ത് പിന്നിലേക്ക് പാസ് നൽകുന്നതിൽ താരത്തിന് പിഴച്ചു. ഉടൻ തന്നെ മുന്നേറിയ മെഹദി തരേമിയെ എൻഗോയ് ഫൗൾ ചെയ്തു. അതോടെ റഫറി ചുവപ്പ് കാർഡ് കാണിക്കുകയായിരുന്നു.

ബെൽജിയം പത്ത് പേരായി ചുരുങ്ങിയതോടെ ഇറാൻ ഗോളിനായി ആഞ്ഞു ശ്രമിച്ചു. പിന്നീട് ഇറാനായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത്. പലതവണ ഇറാൻ ഷോട്ടുതിർത്തെങ്കിലും ബെൽജിയം ഗോൾ കീപ്പർ തിബോട്ട് കോർട്ടുവ കിടിലൻ സേവുകളുമായി കളം നിറഞ്ഞു. ബെൽജിയത്തിന്റെ കൗണ്ടർ അറ്റാക്കുകൾ ഇറാനും പ്രതിരോധിച്ചു.

belgium vs iran: Team Mellli's Alireza Beiranvand did the star turn with with seven saves as Iran held Belgium to a goalless draw

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

സൗദി അറേബ്യയില്‍ ബസ് അപകടം; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് മരണം

സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ്; 10 ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവെന്ന് കണക്കുകള്‍

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് ഈ മാസം നാലാമത്തേത്

തകർപ്പൻ ജയത്തോടെ സ്പെയിൻ, നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം, അയോധ്യയിൽ വൻ കൊള്ള; ഇന്നത്തെ 5 പ്രധാന വാർത്തകൾ