നെയ്മര്‍ 
Fifa World Cup 2026

നെയ്മര്‍ 'വര്‍ക്ക് ഫ്രം ഹോം' കളിക്കാരന്‍; സൂപ്പര്‍ താരത്തെ ട്രോളി ബ്രസീല്‍ പ്രസിഡന്റ്

പരിക്കിന്റെ പിടിയിലുള്ള താരം വൈകാതെ കളിക്കളത്തില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബ്രസീലിയ: ലോകകപ്പ് സ്‌ക്വാഡിലുണ്ടെങ്കിലും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കളത്തിലിറങ്ങാത്തത് ആരാധകര്‍ക്ക് നിരാശയായിട്ടുണ്ട്. പരിക്കിന്റെ പിടിയിലുള്ള താരം വൈകാതെ കളിക്കളത്തില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും രണ്ടാം കളിയില്‍ ബ്രസീല്‍ വിജയവഴിയില്‍ എത്തിയിട്ടുണ്ട്. ലോകകപ്പ് ആവേശത്തിനിടെ, മൈതാനത്ത് എത്താത്ത നെയ്മറെ ട്രോളി ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡാ സില്‍വ രംഗത്തെത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

പരിക്ക് മൂലം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നെയ്മറെ 'ലോകത്തിലെ ആദ്യ ഹോം ഓഫീസ് (വര്‍ക്ക് ഫ്രം ഹോം) ഫുട്‌ബോള്‍ താരം' എന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ബെലോ ഹൊറിസോണ്ടെയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു ലൂലയുടെ തമാശരൂപേണയുള്ള പരാമര്‍ശം. പരിപാടിയില്‍ പങ്കെടുത്ത കുട്ടിയോട് ബ്രസീല്‍ ടീമിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന് പ്രസിഡന്റ് ലൂല ചോദിക്കുകയുണ്ടായി. ഒട്ടും മടിക്കാതെ കുട്ടി 'നെയ്മര്‍' എന്ന് മറുപടി നല്‍കി. ഇതോടെയാണ് ചിരിച്ചുകൊണ്ട് പ്രസിഡന്റ് നെയ്മറെ ട്രോളിയത്.

'നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നതേയില്ലല്ലോ സുഹൃത്തേ, അവന്‍ ലോകത്തിലെ ആദ്യത്തെ ഹോം ഓഫീസ് കളിക്കാരനാണ്. ഞാന്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ കണ്ട ഒരു തമാശയാണിത്. ഇങ്ങനെ പോയാല്‍ ഏതെങ്കിലും ഒരു ദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് 11 പെലെമാരുള്ള ഒരു ദേശീയ ടീമിനെ ഉണ്ടാക്കേണ്ടി വരും' -ലൂല പറഞ്ഞു.

മേയ് 17ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെ വലത് കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് 34കാരനായ നെയ്മര്‍ക്ക് ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായത്. 2023 ഒക്ടോബറില്‍ ഉണ്ടായ എസിഎല്‍ പരിക്കില്‍ നിന്നു താരം പൂര്‍ണ മുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മൊറോക്കോയ്ക്കെതിരെ 1-1 സമനിലയിലായ മത്സരത്തിലും, ഹെയ്തിക്കെതിരെ 3-0 വിജയം നേടിയ മത്സരത്തിലും നെയ്മര്‍ കളിച്ചിരുന്നില്ല.

എന്നാല്‍ ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. താരം പരിക്കില്‍ നിന്ന് വേഗത്തില്‍ മുക്തനാവുകയാണെന്നും സ്‌കോട്ട്ലന്‍ഡിനെതിരെയുള്ള അടുത്ത നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ നെയ്മര്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്നും ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ താരം ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കും. നോക്കൗട്ട് മുതല്‍ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ആഞ്ചലോട്ടി ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മര്‍ക്കു വിശ്രമം നല്‍കിയത്.

129 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ നെയ്മറുടെ തിരിച്ചുവരവ്, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുന്ന കാനറികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. സ്‌കോട്‌ലന്‍ഡിനെതിരെ വിജയം തുടര്‍ന്ന് ഗ്രൂപ്പ് ഘട്ടം മികച്ച രീതിയില്‍ അവസാനിപ്പിക്കാനാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്. നെയ്മറുടെ അനുഭവസമ്പത്തും ക്രിയേറ്റിവിറ്റിയും ടീമിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്.

Brazil president Lula mocks Neymar, calls him 'home office player'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

'എന്നെ ഏറ്റവും കൂടുതൽ‌ ഇഷ്ടപ്പെടുന്നത് ജെൻ ആൽഫയാണ്; അവർക്ക് രവീന്ദ്രനെ അറിയില്ല, പക്ഷേ 'ബെന്നി ബ്രോ'യെ അറിയാം'- വിഡിയോ

കാത്തിരിപ്പ് വിഫലം; പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ടിക്കറ്റില്ലാതെയുള്ള ട്രെയിന്‍ യാത്ര: പിഴ ഇരട്ടിയാക്കി ഇന്ത്യന്‍ റെയില്‍വേ

'ഇടമുറിയാതെ മഴ', കുരുമുളക് നടാന്‍ അനുയോജ്യമായ സമയം; തിരുവാതിര ഞാറ്റുവേലയ്ക്ക് നാളെ തുടക്കം, പ്രാധാന്യം