ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരെ സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് കിരീട പ്രതീക്ഷയിൽ മുന്നിലുള്ള പോർച്ചുഗൽ ടീം. സൂപ്പർ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ വലിയ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ടീമിലെ താരങ്ങൾ തമ്മിലുള്ള മാനസിക അടുപ്പമില്ലായ്മയടക്കമുള്ളവയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും ചേരിപ്പോരിനും വരെ വഴിയൊരുക്കി.
ഇന്ന് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ നേരിടാൻ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ഹൂസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരം ജയിക്കേണ്ടത് പോർച്ചുഗലിന് അനിവാര്യമാണ്. ജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു കടക്കാനുള്ള സാധ്യത നിലനിർത്താൻ സാധിക്കു എന്ന നിലയിലാണ് അവർ ഇറങ്ങുന്നത്.
അതിനിടെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ നിർണായക ചോദ്യത്തിനുള്ള മൗനം വലിയ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് പറയാൻ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് തയ്യാറായില്ല. മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ എവിടെയും തൊടാതെയുള്ള മറുപടി.
'ആദ്യ ഇലവനെക്കുറിച്ച് എനിക്ക് ഇപ്പോൾ നിങ്ങളെ അറിയിക്കാൻ കഴിയില്ല. കാരണം ഞാൻ ഇതുവരെ എന്റെ കളിക്കാരോട് അതിനെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ല'- റൊണാൾഡോ ടീമിൽ തുടരുമോ എന്ന ചോദ്യത്തിന് മറുപടിയായി മാർട്ടിനെസ് പറഞ്ഞു.
കോംഗോയുമായുള്ള പോർച്ചുഗലിന്റെ 1-1 സമനിലയിൽ 41 കാരനായ റൊണാൾഡോയ്ക്ക് ഗോൾ നേടാനായിരുന്നില്ല. രണ്ടാം പകുതിയിൽ ലഭിച്ച ചില മികച്ച സ്കോറിങ് അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തിയതിനെത്തുടർന്ന് ആരാധകരുടെ കടുത്ത വിമർശനവും അദ്ദേഹം നേരിട്ടു. ടീം മുന്നേറ്റ നിരയിൽ പതറിയപ്പോൾ എന്തുകൊണ്ടാണ് മാർട്ടിനെസ് അദ്ദേഹത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാതിരുന്നത് എന്ന ചോദ്യം ചിലർ ഉന്നയിക്കുകയും ചെയ്തു.
വിമർശനങ്ങൾ തന്റെ ടീമിനെ ബാധിക്കില്ലെന്ന് പറഞ്ഞ മാർട്ടിനെസ് ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റിന്റെ ഭാഗമാകുമ്പോൾ ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.
'ഞങ്ങൾ കളിക്കുന്നത് ലോകകപ്പാണ്. അതിനാൽ സ്വാഭാവികമായും വലിയ രീതിയിലുള്ള ബഹളങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകും. അത് കളിയുടെ ഭാഗമാണ്. പക്ഷേ ഞങ്ങളുടെ ശ്രദ്ധ മുഴുവൻ ടീമിലാണ്. മികച്ച മനോഭാവം പ്രകടിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മത്സരത്തിനായി തയ്യാറെടുക്കുന്നതിൽ ഞങ്ങൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഞങ്ങൾ ശക്തരാണ്. ടീം മുമ്പത്തേക്കാളും കൂടുതൽ ഒറ്റക്കെട്ടാണ്.'
റൊണാൾഡോയുടെ പേര് എടുത്തു പറയാതെ തന്നെ 'ചില വിമർശനങ്ങൾ അന്യായവും നീതിരഹിതവുമാണ്' എന്ന് മാർട്ടിനെസ് പ്രതികരിച്ചു. ആദ്യ മത്സരത്തിൽ വെറും 25 തവണ മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പന്ത് തൊടാൻ പോലും സാധിച്ചത്. റൊണാൾഡോയുടെ മോശം ഫോമിലും ഫൈനൽ തേർഡിൽ അവസരങ്ങൾ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിനുള്ള കഴിവിൽ മാർട്ടിനെസ് ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
'ഗോളടിക്കാൻ ഏറ്റവും അനുയോജ്യനായ താരം ക്രിസ്റ്റ്യാനോ തന്നെയാണ്. ഐതിഹാസിക കളിക്കാരന്റെ കണക്കുകൾ ഇതിനെ പിന്തുണയ്ക്കുന്നതുമാണ്. കഴിഞ്ഞ 32 മത്സരങ്ങൾ എടുത്തു നോക്കിയാൽ അധിക മൂവ്‌മെന്റുകളിലൂടെ ഇടങ്ങൾ കണ്ടെത്താനും അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞ താരം അദ്ദേഹമാണ്.'
ആദ്യ മത്സരത്തിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. എന്നാൽ സമനിലയ്ക്ക് ശേഷം രണ്ട് തവണ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
'ഞങ്ങൾ ആഗ്രഹിച്ച തുടക്കമായിരുന്നില്ല ഇത്. എന്നാൽ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. തലയുയർത്തി പിടിച്ച് അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക'. പിന്നാലെ ഞയറാഴ്ച ടീമിന്റെ പരിശീലന സെഷനിൽ നിന്നുള്ള നാല് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു- 'ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates