

റിയാദ്: പശ്ചിമേഷ്യയില്‍ മാറിമറിയുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍, തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാര്‍ - മക്ക ജോയിന്റ് ഡിഫന്‍സ് പാക്ട് - വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇസ്രായേലിനും ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ടിനുമിടയില്‍ ഒരു മൂന്നാം പ്രാദേശിക ശക്തിയായി ഈ സഖ്യം ഉയര്‍ന്നുവരുമോ എന്ന ചോദ്യമാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നത്.
കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ ഉണ്ടാക്കിയ പ്രതിരോധ കരാറിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച തുര്‍ക്കിയെയെക്കൂടി ഉള്‍പ്പെടുത്തി മക്കയില്‍ വെച്ച് പുതിയ കരാര്‍ ഒപ്പുവെച്ചത്. അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മറ്റു രാജ്യങ്ങള്‍ക്ക് നേരെയും ഉള്ളതായി കണക്കാക്കപ്പെടും എന്നതാണ് ഈ ധാരണയുടെ പ്രധാന വശം. എന്നാല്‍, ഈ വ്യവസ്ഥയുടെ പ്രായോഗിക നിര്‍വ്വഹണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, യെമനിലെ ഹൂതികള്‍ സൗദിയെ ആക്രമിച്ചാലോ, അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പാകിസ്താന്‍ പെട്ടാലോ, അല്ലെങ്കില്‍ കുര്‍ദിഷ് സേനയുമായുള്ള സംഘര്‍ഷത്തില്‍ തുര്‍ക്കി ഏര്‍പ്പെട്ടാലോ മറ്റ് സഖ്യകക്ഷികള്‍ സൈനികമായി ഇടപെടാന്‍ ബാധ്യസ്ഥരാകുമോ എന്നത് വ്യക്തമല്ല.
ഈ മൂന്ന് രാഷ്ട്രങ്ങളും ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന തന്ത്രപരമായ കരുത്ത് ചെറുതല്ല. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ഏക ആണവശക്തിയാണ് പാകിസ്ഥാന്‍. നാറ്റോ അംഗമായ തുര്‍ക്കി ഡ്രോണ്‍ സാങ്കേതികവിദ്യ, ആധുനിക ആയുധ നിര്‍മ്മാണ ശേഷി എന്നിവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. പ്രതിരോധ പദ്ധതികള്‍ക്ക് അടിത്തറ പാകാനുള്ള വന്‍ സാമ്പത്തിക ശേഷിയുള്ള രാജ്യമാണ് സൗദി അറേബ്യ.
പശ്ചിമേഷ്യയില്‍ അമേരിക്ക നല്‍കിയിരുന്ന സുരക്ഷാ ഉറപ്പുകളില്‍ സംശയം ഉയര്‍ന്നതാണ് ഇത്തരമൊരു ബദല്‍ അച്ചുതണ്ടിന് വഴിതെളിച്ചത്. ട്രംപ് ഭരണകൂടത്തിന് കീഴില്‍ യുഎസ് വിദേശനയം കൂടുതല്‍ അനിശ്ചിതത്വത്തിലായതും, അമേരിക്കയുടെ മുന്‍ഗണന പൂര്‍ണമായും ഇസ്രായേലിലേക്ക് കേന്ദ്രീകരിച്ചതും സൗദിയെയും തുര്‍ക്കിയെയും ബദല്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചു. 2018ലെ ജമാല്‍ ഖഷോഗി വധത്തിന് ശേഷം അകല്‍ച്ചയിലായിരുന്ന സൗദിയും തുര്‍ക്കിയും സമീപകാലത്ത് പ്രായോഗിക രാഷ്ട്രീയം മുന്‍നിര്‍ത്തി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
വിദേശ ശക്തികളെ ലക്ഷ്യമിട്ടല്ല ഈ സഖ്യമെന്ന് ഔദ്യോഗികമായി പറയുമ്പോഴും, മേഖലയിലെ രണ്ട് പ്രധാന ശക്തികളില്‍ നിന്നുള്ള ഭീഷണികളാണ് ഈ ഒത്തുചേരലിന് വേഗം കൂട്ടിയത്. ഗാസയിലെ വംശഹത്യക്കും പശ്ചിമേഷ്യയിലെ വ്യാപ്തി കൂടിയ യുദ്ധങ്ങള്‍ക്കും ശേഷം, നയതന്ത്രത്തേക്കാള്‍ സൈനിക ശക്തിയില്‍ വിശ്വസിക്കുന്ന ഇസ്രായേലാണ് ഏറ്റവും വലിയ ഭീഷണിയായി ഈ രാജ്യങ്ങള്‍ കാണുന്നത്. സൗദി അറേബ്യയ്ക്ക് ഇറാനില്‍ നിന്നും അതിന്റെ പോഷക സംഘടനകളില്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ മറ്റൊരു ഭീഷണിയാണ്.
ഈ സഖ്യത്തിലേക്ക് ഈജിപ്ത്, യുഎഇ, ഖത്തര്‍ തുടങ്ങിയ മറ്റ് സുന്നി ഭൂരിപക്ഷ രാജ്യങ്ങള്‍ കൂടി എത്തുമോ എന്നത് വ്യക്തമല്ല. മുന്‍കാലങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളും സാമ്പത്തിക-വിദേശനയ മുന്‍ഗണനകളും കാരണം സഖ്യത്തിന്റെ വികാസം എളുപ്പമാകില്ല. ഇസ്രയേലും ഇറാനും യുദ്ധത്തിലേക്ക് നീങ്ങാന്‍ സന്നദ്ധത കാണിച്ച സാഹചര്യത്തില്‍, മക്ക കരാറിലെ പങ്കാളികളായ സൗദിയും തുര്‍ക്കിയും പാകിസ്ഥാനും പരസ്പര സുരക്ഷയ്ക്കായി എത്രത്തോളം മുന്നിട്ടിറങ്ങും എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ സഖ്യത്തിന്റെ ഭാവി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates