Cristiano Ronaldo x
Fifa World Cup 2026

'ക്രിസ്റ്റ്യാനോ റൊണാൾഡോ സഹ താരങ്ങൾക്ക് ഐപാഡും മൊബൈൽ ഫോണും പെർഫ്യൂമുകളും സമ്മാനം നൽകും'

പോർച്ചു​ഗൽ ഇതിഹാസത്തെക്കുറിച്ച് മുൻ റയൽ സഹ താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഫുട്ബോളിൽ കഠിനാധ്വാനത്തിന്റേയും ആത്മാർപ്പണത്തിന്റെയും പ്രത്യക്ഷ ഉദാ​​​ഹരണമാണ് പോർച്ചു​ഗൽ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. 41ാം വയസിൽ തന്റെ ആറാം ലോകകപ്പിനെത്തുമ്പോൾ സൂപ്പർ താരത്തിന്റെ മുന്നിൽ ഒറ്റ ലക്ഷ്യം മാത്രം. ചരിത്രത്തിലാദ്യമായി പോർച്ചു​ഗലിന് ലോക കിരീടം സമ്മാനിച്ച് ടീമിന്റെ പടിയിറങ്ങുക. യൂറോ കപ്പും നേഷൻസ് ലീ​ഗുമടക്കം രാജ്യത്തിനു ആദ്യമായി കിരീടങ്ങളുടെ തിളക്കം സമ്മാനിച്ച ക്രിസ്റ്റ്യാനോയെക്കുറിച്ച് ചില കൗതുകകരമായ കാര്യങ്ങൾ പങ്കിടുകയാണ് മുൻ റയൽ മാഡ്രി‍ഡ് സഹ താരവും സ്പാനിഷ് താരവുമായ ആൽവരോ മൊറാറ്റ. ഒരു അഭിമുഖ പരിപാടിക്കിടെയാണ് അദ്ദേഹം രസകരമായ ഓർമകൾ പങ്കിട്ടത്.

'കരിയറിന്റെ തുടക്കത്തിൽ ഞങ്ങൾ പ്രീ സീസൺ പോരാട്ടങ്ങൾക്കു പോയത് ഞാൻ ഓർക്കുന്നു. എനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചറിയുമായിരുന്നു. അല്ലെങ്കിൽ ഞങ്ങൾ ഒന്നിച്ച് ഷോപ്പിങിനു പോകും. അദ്ദേഹം ഞങ്ങൾക്ക് ഐപാഡ്, മൊബൈൽ ഫോൺ, പെർഫ്യൂമുകൾ എന്നിവയൊക്കെ സമ്മാനമായി തരും. അതെല്ലാം തികച്ചും അത്ഭുതപ്പെടുത്തുന്നതായിരുന്നു.'

'ടീമിലെത്തിയ ആദ്യ സമയങ്ങളിൽ ഞാൻ വളരെ ചെറുപ്പമായിരുന്നു. അതിനാൽ റൊണാൾഡോയെപ്പോലൊരു ലോകോത്തര താരം മുന്നോട്ടുവെക്കുന്ന കടുത്ത ആവശ്യങ്ങളോട് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. ബെഞ്ചിൽ നിന്നിറങ്ങുന്ന ഒരു ചെറുപ്പക്കാരൻ സ്റ്റേഡിത്തിലുള്ള തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും മുന്നിൽ മിന്നും പ്രകടനം നടത്താനും ഗോൾ അടിക്കാനും ശ്രമിക്കുന്നത് സ്വാഭാവികമാണ്. റൊണാൾഡോയുടെ ഭാഗത്തു നിന്നുള്ള ഡിമാൻഡുകൾ കഠിനമായിരുന്നു. എന്നാൽ വ്യക്തിപരമായി എന്നോട് അദ്ദേഹം എപ്പോഴും നല്ല രീതിയിലാണ് പെരുമാറിയിരുന്നത്.'

'ഞങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കുകയും പല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തു നിന്ന് കാണുന്നതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു എനിക്കനുഭവപ്പെട്ട കാര്യങ്ങൾ. അദ്ദേഹത്തോടൊപ്പം അത്താഴം കഴിക്കാൻ പോകുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുമുണ്ട്. ജീവിതത്തിലെ എല്ലാ മേഖലകളെക്കുറിച്ചും അദ്ദേഹം ബോധവാനാണ്. അത് ശരിക്കും നമ്മളെ ആകർഷിക്കും.'

'അദ്ദേഹം നമ്മെ നിശബ്ദരാക്കുന്ന ചില കാര്യങ്ങളുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് ഒരു യാത്ര കഴിഞ്ഞ് എത്രയും വേഗം വീട്ടിലെത്തി കിടന്നുറങ്ങാൻ നമ്മൾ ആഗ്രഹിക്കുമ്പോൾ ഈ മനുഷ്യൻ അവിടെയിരുന്ന് സിറ്റ് അപ്പുകളും സൈക്ലിങും ചെയ്യാൻ തുടങ്ങും. ഒപ്പം തണുത്ത വെള്ളത്തിൽ കുളിക്കുകയും ചെയ്യും. അങ്ങനെയൊരാൾ ജീവിക്കുന്നതും ജീവിതത്തെ സമീപിക്കുന്നതും കാണുമ്പോൾ ഞാൻ ഒപ്പം കളിച്ചിട്ടുള്ളവരിൽ വെച്ച് ഏറ്റവും മികച്ച താരം എന്ന് മാത്രമല്ല അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം (​ഗോട്ട്) എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ തോന്നുന്നത്'- മൊറാറ്റ വ്യക്തമാക്കി.

Cristiano Ronaldo is on an unfinished mission - FIFA World Cup glory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മൈ ഫ്രന്റിനെ' കാണും; മോദി - ട്രംപ് കൂടിക്കാഴ്ച ജൂണ്‍ 17ന്

'അവതാരങ്ങള്‍ അടുത്തുവന്നോ? ചോദ്യം ചോദിക്കാന്‍ ഭയപ്പെടരുത്'; പിണറായി വിമര്‍ശനവും വിശദീകരണവുമായി ബിനോയ് വിശ്വം

'സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍'; പരിപാടിയില്‍ പങ്കെടുത്ത് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍; വിവാദം

ധരംശാലയില്‍ ഗില്ലാട്ടം; ക്യാപ്റ്റന്റെ കരുത്തില്‍ ടീം ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് ജയം

ദേവസ്വം മന്ത്രിയായ ശേഷം ആദ്യസന്ദര്‍ശനം; കെ മുരളീധരന്‍ തിങ്കളാഴ്ച ഗുരുവായൂരില്‍

SCROLL FOR NEXT