Emiliano Martinez ap
Fifa World Cup 2026

ഓർക്കാൻ അസാധ്യ സേവുകൾ; വലയ്ക്ക് മുന്നിൽ റെക്കോർ‍ഡിട്ട് 'എമി'!

റെക്കോർ‍ഡ് നേട്ടത്തിൽ എമി മാർട്ടിനസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ ടോട്ടൽ ഫുട്ബോളിനു മുന്നിൽ ഒരുനിലയ്ക്കും പിടിച്ചു നിൽക്കാൻ സാധിക്കാതെ അർജന്റീന അടിമുടി തോറ്റു പോയപ്പോൾ അത്ര എളുപ്പം കീഴടങ്ങാൻ കൂട്ടാക്കാതെ ഒരു മനുഷ്യൻ ​ഗോൾ വലയ്ക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. അയാളോടു മാത്രമാണ് 106 മിനിറ്റ് വരെ സ്പെയിൻ പരാജയപ്പെട്ടത്. അർജന്റീന ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് എന്ന എമിയാണ് കോട്ട കെട്ടി ടീമിനെ കാത്തത്. ഒന്നിനു പിന്നാലെ ഒന്നായി അടിച്ചു കയറി വന്ന സ്പാനിഷ് തിരമാലകളെ താരം കൂസലില്ലാതെ തന്നെ നേരിട്ടു.

മത്സരത്തിൽ താരം 11 സേവുകളാണ് നടത്തിയത്. മിന്നും പ്രകടനത്തോടെ താരം റെക്കോർഡ് ബുക്കിലും തന്റെ പേര് എഴതി ചേർത്തു. ഫിഫ 1966 മുതൽ ഔദ്യോഗികമായി മത്സര റെക്കോര്‍ഡുകള്‍ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ഫൈനലില്‍ മാത്രം എമിലിയാനോ നടത്തിയത് 11 സേവുകളാണ്. ലോകകപ്പിന്റെ റെക്കോർഡ് രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള 60 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രകടനം.

സ്പെയിൻ കളം നിറഞ്ഞു കളിച്ചതോടെ ഫൈനലിൽ അർജന്‍റീനയുടെ കളി പൂർണമായും പാളിയപ്പോയി. നിശ്ചിത സമയത്ത് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല. അർജന്‍റീനൻ പ്രതിരോധക്കോട്ട തകർത്ത് സ്പാനിഷ് താരങ്ങൾ ബോക്സിലേക്ക് നിരന്തരം വെടിയുണ്ടകൾ പായിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഓരോ തവണയും അർജന്‍റീനയുടെ രക്ഷകനായി എമി അവതരിച്ചു. പാവ് കുബാർസി, നിക്കോ വില്യംസ്, ഡാനി ഓൽമോ, ബയ്ന എന്നിവരുടെ ലോങ് റേഞ്ച് ഷോട്ടുകൾ മാർട്ടിനസ് പറന്നു തടഞ്ഞു. വണ്ടർ കിഡ് ലാമീൻ യമാലിന്‍റെ ഡിഫ്ലെക്റ്റ് ചെയ്ത അപകടകരമായ ഷോട്ട് അസാധ്യമായ ഡൈവിങിലൂടെയാണ് താരം പുറത്തേക്ക് തട്ടിയത്. ക്ലോസ് റേഞ്ചില്‍ നിന്നുള്ള സ്പാനിഷ് താരങ്ങളുടെ പവർഫുൾ ഹെഡ്ഡറുകൾ പോലും മാർട്ടിനസിന്‍റെ കൈകളിൽ ഒതുങ്ങി.

താരത്തിന്റെ ഏറ്റവും മികച്ച സേവ് മത്സരത്തിന്റെ അവസാന ഇഞ്ച്വറി സമയത്താണ് കണ്ടത്. എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് തൊട്ടുപിന്നാലെയാണ് ആ മാന്ത്രിക സേവിന്റെ പിറവി. 22 വാര അകലെ നിന്നു സ്പാനിഷ് താരം ലാമിൻ യമാൽ എടുത്ത മനോഹരമായ ഫ്രീകിക്ക് അർജന്‍റീനൻ വലയുടെ ടോപ്പ് കോർണറിലേക്ക് വളഞ്ഞിറങ്ങി. സ്റ്റേഡിയം ഒന്നടങ്കം ഗോൾ എന്ന് ഉറപ്പിച്ച നിമിഷം. എന്നാൽ വായുവിൽ ഉയർന്ന ചാടിയ മാർട്ടിനസ് വിരൽത്തുമ്പുകൾ കൊണ്ട് പന്ത് തട്ടിയകറ്റി മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയായിരുന്നു. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രക്ഷപ്പെടുത്തലുകളിൽ ഒന്നായി ഇത് മാറി.

ഒടുവിൽ മത്സരത്തിന്‍റെ 106ാം മിനിറ്റിൽ പകരക്കാരനായി വന്ന ഫെറാൻ ടോറസിന് മാത്രമാണ് മാർട്ടിനസിന്‍റെ പ്രതിരോധക്കോട്ട തകർത്ത് പന്ത് വലയിലെത്തിക്കാൻ സാധിച്ചത്. ആ ഒരൊറ്റ ഗോളിൽ സ്പെയിൻ 1-0 ന് വിജയിച്ച് തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം ഉയർത്തുകയും ചെയ്തു.

ഒടുവിൽ വീണു പോയെങ്കിലും ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു വ്യക്തിഗത പ്രകടനത്തിനാണ് ന്യൂജേഴ്സി സ്റ്റേഡിയം സാക്ഷ്യം നിന്നത്. തോറ്റെങ്കിലും കായിക ലോകത്തിന്‍റെ മുഴുവൻ കൈയടിയും അർജന്‍റീന കോട്ട കാത്ത ഈ കാവൽക്കാരനാണ്. ലോകകപ്പിന് തൊട്ടുമുൻപ് താരത്തിന്റെ കൈവിരലില്‍ പൊട്ടലുണ്ടായിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് പോലും വിധേയനാകാതെ വേദന സംഹാരികള്‍ കഴിച്ചാണ് എമി ലോകകപ്പില്‍ ഗോള്‍ വല കാത്തത്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം എമിലിയാനോ മാര്‍ട്ടിനെസിനായിരുന്നു. അന്നും നിർണായകമൊരു സേവ് താരം നടത്തിയാണ് ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങൾ നീട്ടിയത്. ഇത്തവണ പക്ഷേ അതിനു സാധിച്ചില്ലെന്നു മാത്രം.

Emiliano Martinez makes record: Emi made World Cup history with the Argentina national team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്

പണം ഇരട്ടിപ്പിക്കാം, ശ്രദ്ധ നേടി സര്‍ക്കാര്‍ പദ്ധതി; അഞ്ചു ലക്ഷം പത്തു ലക്ഷമാകാന്‍ എത്ര സമയം വേണം?

വഖഫ് ബോര്‍ഡ്: 'സുപ്രീം കോടതി ഉത്തരവ് ആശ്വാസകരം, സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം'