ബോസ്റ്റണ്‍: ലോകകപ്പില്‍ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഘാനയുടെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിലുടനീളം കുറച്ച് അവസരങ്ങള്‍ മാത്രമാണ് ഇംഗ്ലീഷ് നിരയ്ക്ക് സൃഷ്ടിക്കാന്‍ സാധിച്ചത്. ഘാനയുടെ ശക്തമായ ഡിഫന്‍സീവ് 'ലോ ബ്ലോക്ക്' മറികടക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായതുമില്ല.
ജയം തുടരുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇംഗ്ലണ്ടും ഘാനയും കളത്തിലിറങ്ങിയതെങ്കിലും കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ആദ്യ പകുതി ഗോളില്ലാതെ വിരസമായി പിരിഞ്ഞതോടെ, രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെ ഘാന കൃത്യമായി പ്രതിരോധിച്ചു. കൂടുതല്‍ നേരം പന്തു കൈവശം വച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ ഹാരി കെയ്‌നും കൂട്ടര്‍ക്കും സാധിച്ചില്ല.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ട് ഗോളിന് തൊട്ടരുകിലെത്തി. നിക്കോ ഒറെയ്ലി തൊടുത്ത ഹെഡ്ഡര്‍ പോസ്റ്റിലിടിച്ച് മടങ്ങി. പന്ത് റീബൗണ്ടിലൂടെ ലഭിച്ച ഹാരി കെയ്ന്‍ ശക്തമായി അടിച്ചെങ്കിലും പന്ത് ഗോള്‍വലയ്ക്കും മുകളിലൂടെ പോയി. ഇംഗ്ലണ്ടിന്റെ സുവര്‍ണാവസരവും പറന്നുപോയി. സമനിലയോടെ ഇംഗ്ലണ്ടിനും ഘാനയ്ക്കും രണ്ട് മത്സരങ്ങളില്‍ നിന്ന് നാലുപോയന്റ് വീതമായി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയപ്പോള്‍ ഘാന പാനമയെ കീഴടക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates