England head coach Thomas Tuchel talks to his team during training ap
Fifa World Cup 2026

'ദൈവത്തിന്റെ കൈ ​ഗോൾ പിറന്ന മണ്ണിൽ ഞങ്ങൾ പുതു ചരിത്രമെഴുതും, കണ്ടോളു'

ഇം​ഗ്ലണ്ട്- മെക്സിക്കോ ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടം നാളെ പുലർച്ചെ 5.30ന്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഞായറാഴ്ച നടക്കുന്ന ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആതിഥേയരായ മെക്സിക്കോയെ പുറത്താക്കി, എസ്റ്റാഡിയോ അസ്റ്റെക്കയിലെ പഴയ ലോകകപ്പ് പരാജയത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മകളെ മറികടക്കാൻ ഇംഗ്ലണ്ടിന് സാധിക്കുമെന്ന് മാനേജർ തോമസ് ടുക്കൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1986ൽ ഈ സ്റ്റേഡിയത്തിൽ ഇം​ഗ്ലണ്ടിനെതിരെയുള്ള ലോകകപ്പ് ക്വാർട്ടർ പോരിലാണ് അർജന്റീന ഇതിഹാസം ഡീ​ഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ​ഗോളും ഇം​ഗ്ലീഷ് പ്രതിരോധ നിരയെ ഒന്നൊന്നായി വെട്ടിച്ചുള്ള 'നൂറ്റാണ്ടിലെ ​ഗോളും' പിറന്നത്. മത്സരത്തിൽ ഇം​ഗ്ലണ്ട് 2-1നു പരാജയപ്പെട്ടിരുന്നു. 40 വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോ സിറ്റിയിലെ അസ്റ്റെക്ക സ്റ്റേഡിയമാണ് ഈ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. അന്നത്തെ പരാജയത്തിന്റെ വേദന പേറിയാണ് ഇം​ഗ്ലണ്ട് പ്രീ ക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയെ നേരിടാനിറങ്ങുന്നത്.

60 വർഷത്തിനിടയിലെ തങ്ങളുടെ ആദ്യത്തെ ലോക കിരീടമെന്ന സ്വപ്നം സജീവമായി നിലനിർത്താൻ ഇംഗ്ലണ്ടിന് ആതിഥേയരായ മെക്സിക്കോയെ ചരിത്രമുറങ്ങുന്ന അസ്റ്റെക്കയൽ വച്ച് തന്നെ പരാജയപ്പെടുത്തിയേ തീരൂ. 1986ന് ശേഷം ആദ്യമായി ഒരു ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന മെക്സിക്കോയ്ക്കും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ മത്സരമാണിത്.

'ആ തോൽവി വേദനാജനകം'

'ചരിത്രപ്രസിദ്ധമായ ഒരു സ്റ്റേഡിയത്തിലാണ് നമ്മളിപ്പോൾ ഉള്ളത്. ഇവിടെയെത്തുമ്പോൾ തന്നെ ഇവിടുത്തെ ആവേശവും വികാരങ്ങളും നമ്മെ വേട്ടയാടും. വരാനിരിക്കുന്നത് കടുത്ത ലോകകപ്പ് പോരാട്ടമായിരിക്കുമെന്ന് എനിക്ക് നിശ്ചയമുണ്ട്'- തോമസ് ടുക്കൽ വ്യക്തമാക്കി.

രണ്ട് ലോകകപ്പ് ഫൈനലുകൾക്ക് വേദിയായ ഈ ചരിത്ര സ്റ്റേഡിയത്തിൽ തങ്ങൾ 'പ്രതികാരം' വീട്ടാനല്ല വന്നിരിക്കുന്നതെന്ന് ജർമൻ പരിശീലകൻ പറയുന്നു.

'ആ തോൽവി വേദനാജനകമാണ്, ഇപ്പോഴും അത് വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് പ്രതികാരം ചെയ്യാനല്ല. ഇത് പഴയ അതേ സ്റ്റേഡിയമാണ്. പക്ഷേ എതിരാളികൾ അവരല്ല (അർജന്റീനയല്ല). അതുകൊണ്ട് പ്രതികാരമെന്ന ചിന്തിക്കുന്നതിൽ കാര്യമില്ല. ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് ഞങ്ങളുടെ സ്വന്തം ചരിത്രം എഴുതാനാണ്.'

മെക്സിക്കൻ ആരാധകരുടെ കടുത്ത പിന്തുണയെ നേരിടുന്നതിനൊപ്പം സമുദ്ര നിരപ്പിൽ നിന്ന് 2,240 മീറ്ററിലധികം (7,350 അടി) ഉയരത്തിലുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്ന വലിയ വെല്ലുവിളിയും ഇംഗ്ലണ്ടിന് മുന്നിലുണ്ട്. ഇതിനായി സാധാരണയേക്കാൾ ഒരു ദിവസം മുമ്പ്, വെള്ളിയാഴ്ച തന്നെ ടുക്കലും സംഘവും മെക്സിക്കോയിൽ എത്തിയിരുന്നു.

ടൂർണമെന്റിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ഒരു ഗോൾ പോലും വഴങ്ങാതെ ജയിച്ച മെക്സിക്കോയുടെ ആക്രമിച്ച് കളിക്കുന്ന ശൈലിയെക്കുറിച്ച് ടുക്കലിനു നല്ല ​ധാരണയുണ്ട്.

'പരിശീലനത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ കളിക്കാർക്ക് സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരത്തിന്റെ വ്യത്യാസം അനുഭവപ്പെട്ടു. എന്നാൽ സമയം പോകും തോറും അവർ അതുമായി പൊരുത്തപ്പെട്ടു തുടങ്ങി. സാഹചര്യങ്ങൾ അടുത്തറിയാനാണ് ഞങ്ങൾ ഒരു ദിവസം മുന്നേ എത്തിയത്. മെക്സിക്കോ അവരുടെ ഹോം മാച്ചുകൾ വളരെ ശക്തമായി, ആക്രമണാത്മകമായി തുടങ്ങുന്നത് യാദൃശ്ചികമല്ല. മത്സരത്തിന്റെ ആദ്യ 15-20 മിനിറ്റുകളായിരിക്കും ഏറ്റവും കഠിനമെന്ന് ഞാൻ കരുതുന്നു'- ടുക്കൽ വ്യക്തമാക്കി.

പരിക്കിന്റെ ആശങ്കകൾ

റൈറ്റ് ബാക്ക് താരം റീസ് ജെയിംസ് ആദ്യ ഇലവനിൽ കളിക്കാൻ പൂർണ ഫിറ്റല്ലെന്ന് ടൂക്കൽ സ്ഥിരീകരിച്ചു. ഇത് ഇംഗ്ലണ്ട് നിരയിൽ മറ്റൊരു തലവേദനയ്ക്ക് കാരണമായിട്ടുണ്ട്. ചെൽസി ഡിഫൻഡറായ ജെയിംസിന് ഹാംസ്ട്രിങ് ഇഞ്ച്വറി പറ്റിയതിന് ശേഷം ആ സ്ഥാനത്തേക്ക് മറ്റൊരു സ്പെഷ്യലിസ്റ്റ് ബാക്കപ്പ് താരത്തെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

പാനമയ്ക്കെതിരെയുള്ള 2-0 വിജയത്തിൽ സെന്റർ ബാക്ക് ജാരെൽ ക്വാൻസയാണ് റൈറ്റ് ബാക്കായി കളിച്ചത്. കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മുക്തനായി താരം തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം ഡിആർ കോംഗോയ്ക്കെതിരായ 2-1 വിജയത്തിൽ പകരക്കാരനായി ഇറങ്ങിയ ജെഡ് സ്പെൻസ് കളം നിറയാൻ ബുദ്ധിമുട്ടിയിരുന്നു.

England manager Thomas Tuchel said the Three Lions can banish memories of World Cup pain at the Estadio Azteca by rising to the challenge of eliminating Mexico on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അദാനിയും എംഎസിയും തമ്മില്‍ നിയമലംഘനമുണ്ടായിട്ടില്ല; വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് തന്നെ'

ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ആവേശമായി കണ്ണൂർ കോർപ്പറേഷന്റെ 'ഫാൻ പാർക്ക്'; ജവഹർ സ്റ്റേഡിയത്തിലേക്ക് ഒഴുകി ഫുട്ബോൾ പ്രേമികൾ

വേ​ഗം ഭക്ഷണം കഴിക്കുന്നവരാണോ? ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിൽ ചില ശീലങ്ങൾക്കും പങ്കുണ്ട്

ICAI: ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ, ഡിഗ്രി മതി

കീഴ്‌വഴക്കങ്ങള്‍ മാറണം; സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ എല്‍ഡിഎഫിന് ഈ ഗതി വരില്ലായിരുന്നു: പിപി സുനീര്‍