ന്യൂയോർക്ക്: 48 ടീമുകൾ പങ്കെടുത്ത ഫിഫയുടെ ഏറ്റവും ബൃഹത്തായ ഫുട്ബോൾ ലോകകപ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. മത്സരങ്ങൾ അവസാന ലാപ്പിലാണ്. ശേഷിക്കുന്നത് 2 സെമി, മൂന്നാം സ്ഥാനം, ഫൈനൽ പോരാട്ടങ്ങൾ മാത്രം. റൗണ്ട് ഓഫ് 16 വരെയുള്ള മത്സരങ്ങൾ എടുത്താൽ ഈ ലോകകപ്പ് കണ്ട ഏറ്റവും വലിയ സവിശേഷത ഹെഡ്ഡർ ഗോളുകളുടെ കുറവാണ്. 2018, 2022 ലോകകപ്പുകളിലും ഈ ലോകകപ്പിൽ റൗണ്ട് ഓഫ് 16 വരെയും ഘട്ടം ഘട്ടമായുള്ള കുറവ് ഹെഡ്ഡർ ഗോളിൽ കാണാം. ഹെഡ്ഡർ ഗോൾ കുറയുമ്പോൾ ഹെഡ്ഡർ അസിസ്റ്റുകൾ ഇതുവരെയുള്ള അധ്യായങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന കൗതുകവും ഉണ്ട്. അതേസമയം ഹെഡ്ഡറുകളുടെ കൃത്യതയിലും വർധനവുണ്ട്.
നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ 'നെറ്റ് എസ്ഐ സ്പോർട്സ്' ഗവേഷണ ഗ്രൂപ്പ് ഇത്തവണത്തെ ലോകകപ്പ് വിവരങ്ങൾ വിശകലനം ചെയ്തത് പ്രകാരമുള്ള കണക്കുകളാണിത്. ഓരോ മത്സരത്തിലും മൂവായിരത്തിലധികം (3,400+) ഇവന്റുകൾ രേഖപ്പെടുത്തുന്ന 'ഹഡിൽ സ്റ്റാറ്റ്സ്ബോംബ്' ഡാറ്റാസെറ്റ് ഉപയോഗിച്ചാണ് ഗവേഷകർ ഈ പഠനം നടത്തുന്നത്.
മുൻ ലോകകപ്പുകളെ അപേക്ഷിച്ച് ഹെഡ്ഡറിലൂടെ നേടുന്ന ഗോളുകളുടെ ശതമാനത്തിൽ ഈ ലോകകപ്പ് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018ൽ ഇത് 23.7% ആയിരുന്നെങ്കിൽ, 2022ൽ 18.4% ആയും, 2026 ലോകകപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അത് 17.9% ആയും കുറഞ്ഞു. എന്നാൽ ഹെഡ്ഡറുകളുടെ കൃത്യത മുൻപത്തേക്കാൾ വർധിച്ചു. ഹെഡ്ഡറുകൾ ഗോളാക്കി മാറ്റുന്നതിൽ മികച്ച കൺവേർഷൻ നിരക്കും (11.4%), ലക്ഷ്യത്തിലേക്ക് തൊടുക്കുന്നതിൽ ഉയർന്ന ഓൺ ടാർഗെറ്റ് നിരക്കും (33.5%) ഈ ലോകകപ്പിൽ കാണാൻ സാധിക്കുന്നുണ്ട്.
കഴിഞ്ഞ 8 വർഷത്തെ അപേക്ഷിച്ച് ഹെഡ്ഡർ വഴിയുള്ള അസിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിൽ മുഴുവനായി വെറും രണ്ട് ഹെഡ്ഡർ അസിസ്റ്റുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ 2026ൽ റൗണ്ട് ഓഫ് 16 കഴിഞ്ഞപ്പോൾ തന്നെ അതിന്റെ എണ്ണം 10ൽ എത്തി. അന്താരാഷ്ട്ര ക്ലബ് ഫുട്ബോളിലെ സമീപകാല പ്രവണതകൾ ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. സെറ്റ് പീസുകളിൽ (പ്രത്യേകിച്ച് ത്രോ ഇന്നുകളിലും കോർണർ കിക്കുകളിലും) മുൻകൂട്ടി ആസൂത്രണം ചെയ്ത തന്ത്രങ്ങൾ ടീമുകൾ കൂടുതലായി നടപ്പിലാക്കുന്നുണ്ട്.
2018 ലോകകപ്പിൽ ഒരു മത്സരത്തിൽ ശരാശരി 1.83 ലോങ് ത്രോ ഇന്നുകളാണ് ബോക്സിലേക്ക് വന്നതെങ്കിൽ 2026ൽ അത് 2.54 ആയി ഉയർന്നു (38.8% വർധനവ്). കോർണർ കിക്കുകളിൽ നിന്നും ത്രോ ഇന്നുകളിൽ നിന്നും നേരിട്ട് ഹെഡ്ഡർ ഷോട്ടുകൾ ഉതിർക്കുന്നതിന് പകരം, പന്ത് വേഗത്തിൽ തലകൊണ്ട് തിരിച്ചുവിട്ട് സഹകളിക്കാർക്ക് ഗോൾ അടിക്കാനുള്ള അവസരങ്ങൾ ഒരുക്കാനാണ് കളിക്കാർ ഇപ്പോൾ കൂടുതൽ താത്പര്യം കാണിക്കുന്നത്.
ബോസ്നിയ- കാനഡ മത്സരത്തിൽ നിന്നുള്ള ഒരു ഉദാഹരണം ഇതിന് അടിവരയിടുന്നു. ഒരു കോർണർ കിക്കിൽ നിന്നു ബോസ്നിയൻ ഡിഫൻഡർ സീദ് കൊളാസിനാക് തലകൊണ്ട് പന്ത് ബോക്സിന്റെ മധ്യഭാഗത്തേക്ക് തിരിച്ചുവിട്ടു. അവിടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹതാരം ഫോർവേഡ് ജോവോ ലൂക്കിച് അത് മനോഹരമായൊരു ഹെഡ്ഡറിലൂടെ വലയിലാക്കി.
സമയം... ഹെഡ്ഡറുകളും ഫൂട്ടറുകളും
റൗണ്ട് ഓഫ് 16 വരെയുള്ള ഹെഡ്ഡർ ഗോളുകളുടെ സമയക്രമം പരിശോധിച്ചാൽ മറ്റൊരു സവിശേഷമായ പാറ്റേൺ കാണാം. ആകെയുള്ള ഹെഡ്ഡർ ഗോളുകളിൽ 33 ശതമാനവും മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് (76 മുതൽ 90+ മിനിറ്റുകളിൽ) പിറന്നത്. കാലുകൊണ്ട് നേടുന്ന ഗോളുകളുടെ കാര്യത്തിലും ഏറ്റവും ഉയർന്ന വിഹിതം (26%) ഈ അവസാന സമയത്താണെങ്കിലും കളിയുടെ മറ്റ് മിനിറ്റുകളിൽ ഹെഡ്ഡറുകളും ഫൂട്ടറുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഹെഡ്ഡർ ഗോളുകളുടെ ഏകദേശം നാലിലൊന്നും (24%) ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് (31 മുതൽ 45+ മിനിറ്റുകളിൽ) വന്നത്. എന്നാൽ കാലുകൊണ്ടുള്ള ഗോളുകൾ മത്സരത്തിലുടനീളം ഒരുപോലെ വിതരണം ചെയ്യപ്പെട്ട രീതിയിലാണ് കാണപ്പെടുന്നത്.
എന്തുകൊണ്ടാണ് പകുതികളുടെ അവസാന സമയങ്ങളിൽ ഭൂരിഭാഗം (57%) ഹെഡ്ഡർ ഗോളുകളും പിറക്കുന്നത്? ഇതിനൊരു പ്രധാന കാരണം ടീമുകളുടെ കടുത്ത വിജയദാഹവും ജാഗ്രതയുമാണ്. പകുതികൾ അവസാനിക്കാറാകുമ്പോൾ കളിയിൽ മേധാവിത്വം നേടാനോ, അല്ലെങ്കിൽ സമനില പിടിക്കാനോ വേണ്ടി ടീമുകൾ തങ്ങളുടെ കളിക്കാരെ കൂടുതൽ മുന്നോട്ട് കയറ്റി നിർത്തി (വലക്ക് സമീപത്തേക്ക്) ഉയർന്ന നിലവാരമുള്ള ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇത് സ്വാഭാവികമായും ബോക്സിലേക്ക് കൂടുതൽ ക്രോസുകൾ എത്തുന്നതിനും ഹെഡ്ഡർ ഗോളുകൾ കൂടുന്നതിനും കാരണമാകുന്നു.
വായുവിലെ ഇംഗ്ലണ്ട്!
ഹെഡ്ഡറുകളുടെ കാര്യത്തിൽ ടൂർണമെന്റിലെ ഏറ്റവും അപകടകാരികളായ ടീം ഇപ്പോഴും മത്സര രംഗത്തുണ്ട്. മറ്റാരുമല്ല തോമസ് ടുക്കലിന്റെ കീഴിൽ ഹൈ പ്രസിങ് ഫുട്ബോൾ കളിച്ച് കടുത്ത ആക്രമണം നടത്തുന്ന ഇംഗ്ലണ്ട് തന്നെ. ഹെഡ്ഡർ ഷോട്ടുകളിൽ നിന്ന് ഏറ്റവും ഉയർന്ന എക്സ്പെക്റ്റഡ് ഗോൾ നിരക്ക് (2.9 xജി - 22 ശ്രമങ്ങളിൽ നിന്ന് 4 ഗോളുകൾ) ഉള്ളത് ഇംഗ്ലണ്ടിനാണ്. മറ്റേത് ടീമിനേക്കാളും വളരെ കൂടുതലാണിത്. ഈ പട്ടികയിൽ 2.3 xജി-യുമായി ബ്രസീൽ ആണ് ഇംഗ്ലണ്ടിന് തൊട്ടുപിന്നിലുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ പരീക്ഷിച്ച് വിജയിച്ച ഹെഡ്ഡർ ഭീഷണി ഇംഗ്ലണ്ട് ഉയർത്തുന്നതിൽ അത്ഭുതം വേണ്ട. കാരണം പീരങ്കിപ്പടയുടേയും ഇംഗ്ലീഷ് ടീമിന്റേയും കളിയുടെ കടിഞ്ഞാൺ ഏന്തുന്ന ആൾ ഒന്നാണ്. ഡെക്ലൻ റൈസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates