ഡാലസ്: ലോകകപ്പിൽ ഇന്ന് ആവേശകരമായ പോരാട്ടങ്ങൾ. ആദ്യ കളിയിൽ ഹാട്രിക്ക് ഗോളുകളുമായി തിളങ്ങി ലോകകപ്പിലെ ഗോൾ വേട്ട റെക്കോർഡിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ (16) റെക്കോർഡിനൊപ്പമെത്തിയ മെസി ഇന്ന് ആ റെക്കോർഡ് സ്വന്തം പേരിലേക്ക് മാറ്റുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. അർജന്റീന ഇന്ന് രണ്ടാം പോരിൽ ഓസ്ട്രിയയെ നേരിടും. ജയിച്ചാൽ നിലവിലെ ചാംപ്യൻമാർ നോക്കൗട്ടിലെത്തും.
കിലിയൻ എംബാപ്പെയുടെ ഫ്രാൻസും ഇന്ന് തങ്ങളുടെ രണ്ടാം മത്സരങ്ങൾക്കായി കളത്തിലിറങ്ങും. കൂടാതെ ഏർലിങ് ഹാളണ്ടിന്റെ നോർവെയും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.
അർജന്റീന- ഓസ്ട്രിയ
ആദ്യ മത്സരത്തിൽ അൾജീരിയയെ 3-0 ന് തകർത്ത് തകർപ്പൻ തുടക്കം കുറിച്ച നിലവിലെ ചാംപ്യന്മാരായ അർജന്റീന ഇന്ന് ഓസ്ട്രിയയെ നേരിടും. ആദ്യ കളിയിൽ അവിസ്മരണീയ ഹാട്രിക് നേടിയ 38കാരനായ ലയണൽ മെസി തന്നെയാണ് പ്രധാന ആകർഷണം. ഈ മത്സരത്തിൽ വിജയിച്ചാൽ അർജന്റീനയ്ക്ക് റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കാം. എന്നാൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ജോർദാനെ 3-1 ന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് റാൽഫ് റാഗ്നിക്കിന്റെ ഓസ്ട്രിയ വരുന്നത്. കരുത്തുറ്റ നിരയെയാണ് അർജന്റീനയ്ക്ക് ഇന്ന് നേരിടാനുള്ളത്. മത്സരം ആവേശകരമാകുമെന്നു ഉറപ്പ്. ഇന്ത്യൻ സമയം രാത്രി 10.30നാണ് പോരാട്ടം.
ഫ്രാൻസ് - ഇറാഖ്
ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയുടെ കരിയറിലെ 100ാം അന്താരാഷ്ട്ര മത്സരമാണിത് എന്ന പ്രത്യേകത ഇന്നത്തെ കളിക്കുണ്ട്. കഴിഞ്ഞ മത്സരത്തിൽ സെനഗലിനെ 3-1 ന് തോൽപ്പിച്ചപ്പോൾ ഇരട്ട ഗോൾ നേടിയ 27കാരനായ എംബാപ്പെ ഒലിവർ ജിറൂഡിന്റെ (57 ഗോൾ) റെക്കോർഡ് മറികടന്ന് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി (58 ഗോളുകൾ) മാറിയിരുന്നു. മറുവശത്ത് 1986ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഇറാഖ് ആദ്യ മത്സരത്തിൽ നോർവേയോട് 4-1 ന് പരാജയപ്പെട്ടിരുന്നു. ഇന്ന് ജയിച്ചാൽ ഫ്രാൻസിന് അവസാന 32ലേക്ക് കടക്കാം. ഇന്ത്യൻ സമയം പുലർച്ചെ 2-30നാണ് ഫ്രാൻസ്- ഇറാഖ് പോരാട്ടം.
നോർവെ- സെനഗൽ
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാളണ്ട് നയിക്കുന്ന നോർവെ ഇന്ന് സെനഗലിനെ നേരിടും. ആദ്യ മത്സരത്തിൽ ഇറാഖിനെതിരെ ഹാളണ്ട് ഇരട്ട ഗോളുകൾ നേടിയിരുന്നു. ഫ്രാൻസിനോട് ആദ്യ മത്സരത്തിൽ 3-1 ന് പരാജയപ്പെട്ട സെനഗലിന് ടൂർണമെന്റിൽ നിലനിൽക്കാൻ ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് പോരാട്ടം.
ജോർദാൻ- അൾജീരിയ
ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് ലക്ഷ്യമിട്ടാണ് നവാഗതരായ ജോർദാൻ അൾജീരിയക്കെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഇരു ടീമുകളും യഥാക്രമം ഓസ്ട്രിയയോടും അർജന്റീനയോടും പരാജയപ്പെട്ടിരുന്നു. അതിനാൽ ഇരുവർക്കും ഈ മത്സരം നിർണയകമാണ്. നാളെ രാവിലെ 8.30 മുതലാണ് മത്സരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates