ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന തന്റെ 16 ഗോളുകളുടെ റെക്കോർഡ് ഇത്തവണത്തെ വിപുലീകരിച്ച ടൂർണമെന്റിൽ തകരാൻ സാധ്യതയുണ്ടെന്ന് ജർമനിയുടെ ഇതിഹാസ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെ. ലയണൽ മെസിയും കിലിയൻ എംബാപ്പെയും റെക്കോർഡ് നേട്ടത്തിനു തൊട്ടരികിലുണ്ട്. തന്റെ ആറാം ലോകകപ്പിന് ഇറങ്ങുന്ന, ലോക ചാംപ്യൻമാരായ അർജന്റീനയുടെ ക്യാപ്റ്റൻ മെസി നിലവിൽ 13 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലോസെയുടെ റെക്കോർഡിലെത്താൻ വെറും മൂന്ന് ഗോളുകളും മറികടക്കാൻ 4 ഗോളുകളും മതി. നാല് വർഷം മുമ്പ് ഖത്തറിലെ ഫൈനലിൽ ഹാട്രിക്കടക്കം നേടിയ ഫ്രാൻസ് ക്യാപ്റ്റൻ എംബാപ്പെ 12 ഗോളുകളുമായി ഇവർക്ക് തൊട്ടുപിന്നാലെയുണ്ട്. താരത്തിനു ക്ലോസെയുടെ നേട്ടത്തിലെത്താൻ 4 ഗോളും മറികടക്കാൻ 5 ഗോളും മതി.
ഒരു ജർമൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ റെക്കോർഡിനെക്കുറിച്ച് ക്ലോസെ പറഞ്ഞത്. ഇത്തവണ 32 ടീമുകളിൽ നിന്ന് 48 ടീമുകളായി ഉയർത്തിയത് തന്റെ റെക്കോർഡ് തകരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ക്ലോസെ സൂചിപ്പിച്ചു. മെസിയുടെ കളി താൻ ആരാധനയോടെയാണ് നോക്കി കാണാറുള്ളതെന്നും ക്ലോസെ വ്യക്തമാക്കി.
'ഈ ടൂർണമെന്റിൽ എന്റെ റെക്കോർഡ് തകരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൂടുതൽ ടീമുകൾ ഉള്ളപ്പോൾ കൂടുതൽ മത്സരങ്ങൾ ഉണ്ടാകും, അതിനാൽ ഗോളുകൾ നേടാനുള്ള അവസരങ്ങളും വർധിക്കും. അർജന്റീനയും ഫ്രാൻസും ടൂർണമെന്റിൽ ബഹുദൂരം മുന്നോട്ട് പോകുമെന്നാണ് ഞാൻ കരുതുന്നത്. അത് തികച്ചും സ്വാഭാവികമാണ്. ഈ റെക്കോർഡ് എന്നായാലും ഒരിക്കൽ തകരും. മെസി എന്റെ റെക്കോർഡ് തകർക്കുന്നതിൽ സന്തോഷമേയുള്ളൂ. ഞാൻ എപ്പോഴും മെസിയുടെ ഒരു വലിയ ആരാധകനാണ്.'
ലാസിയോ ക്ലബിൽ ക്ലോസെയ്ക്കൊപ്പം ഒന്നിച്ചു കളിച്ച ആളാണ് അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി. അദ്ദേഹത്തോടുള്ള തന്റെ സ്നേഹവും അദ്ദേഹം അഭിമുഖത്തിൽ പങ്കിട്ടു.
'മെസി ഒരു പ്രതിഭാസമാണ്. കൂടാതെ അർജന്റീന കോച്ച് സ്‌കലോണിയോട് എനിക്ക് വലിയ ബഹുമാനവുമുണ്ട്. ഞാൻ ലാസിയോയിൽ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം എനിക്ക് നഗരമെല്ലാം ചുറ്റിക്കാണിച്ചു തന്നിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്'- അദ്ദേഹം പറഞ്ഞു.
ലോകകപ്പിനു തൊട്ടുമുൻപ് മെസിക്ക് പരിക്കേറ്റത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. ബുധനാഴ്ച ഐസ്‌ലൻഡിനെതിരെ നടന്ന അവസാന പ്രീ വേൾഡ് കപ്പ് സൗഹൃദ മത്സരത്തിലെ വിജയത്തിന് ശേഷം തന്റെ പ്രകടനത്തിലും ശാരീരികക്ഷമതയിലും മെസി സംതൃപ്തി പ്രകടിപ്പിച്ചു. ലോക കിരീടം പ്രതിരോധിക്കാൻ ഒരുങ്ങുന്ന അർജന്റീന അൾജീരിയക്കെതിരെയാണ് ആദ്യ പോരിനിറങ്ങുന്നത്. ഈ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ മെസി ഇറങ്ങാൻ സാധ്യതയുണ്ട്. ഓസ്ട്രിയ, ജോർദാൻ ടീമുകൾക്കെതിരെയാണ് അർജന്റീനയുടെ പിന്നീടുള്ള പോരാട്ടങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates