മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുന്ന ദക്ഷിണ കൊറിയ ടീമിന്റെ പരിശീലന ക്യാംപിനു മുകളിലൂടെ പറന്ന ഡ്രോൺ മെക്സിക്കൻ സൈന്യം വെടിവച്ചിട്ടു. ഗ്വാഡലഹാരയിലാണ് ടീമിന്റെ പരിശീലന ഗ്രൗണ്ട്. ഗ്രൂപ്പ് എ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടാനിരിക്കെയാണ് സുരക്ഷാ ആശങ്കയുണർത്തുന്ന സംഭവം. ആദ്യ മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെയും ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനേയും പരാജയപ്പെടുത്തിയിരുന്നു.
പ്രത്യേക സൈനിക സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് ദക്ഷിണ കൊറിയ ക്യാംപിനു സമീപം പറന്നിരുന്ന ഡ്രോൺ കണ്ടെത്തിയത്. വിഷയം പരസ്യമായി ചർച്ച ചെയ്യാൻ അനുവാദമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഫെഡറൽ ഉദ്യോഗസ്ഥൻ ടീമിന്റെ പരിശീലന കേന്ദ്രത്തിന് സമീപത്തുനിന്നുമാണ് ഈ ഡ്രോൺ വെടിവച്ചിട്ടതെന്നു സ്ഥിരീകരിച്ചു.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ദക്ഷിണ കൊറിയയുടെ തന്ത്രങ്ങൾ ചോർത്താനാണോ ഡ്രോൺ ഉപയോഗിച്ചത് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. അതല്ലെങ്കിൽ തെറ്റായി ആരെങ്കിലും പ്രവർച്ചതാണോ ആരാണ് ഇതിനു പിന്നിലെന്നോ എന്ന കാര്യങ്ങളൊന്നും നിലവിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ് ബോ നിരാശ പ്രകടിപ്പിച്ചെങ്കിലും ഇത് ടീമിന്റെ പദ്ധതികളെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്നലെ ഞങ്ങൾ പരിശീലനം നടത്തുന്നതിനിടെയാണ് ആകാശത്ത് ഒരു ഡ്രോൺ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ഭാഗ്യവശാൽ, ഞങ്ങൾ തന്ത്രങ്ങൾ പരിശീലിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. അതിനാൽ അത് ഞങ്ങളെ ബാധിച്ചില്ല. എന്നാൽ ഞങ്ങൾ മത്സരത്തിനായി തയ്യാറെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമയത്താണ് ഇത് സംഭവിച്ചത് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്'- പരിശീലകൻ വ്യക്തമാക്കി.
ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഡ്രോൺ വെടിവച്ചിട്ടത്. മെക്സിക്കോ സിറ്റി, ഗ്വാഡലഹാര, മോന്റെറെ എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, ടീം ക്യാംപുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള നിയന്ത്രിത മേഖലകളിൽ പ്രവേശിച്ച നിരവധി ഡ്രോണുകളെ കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷാ സേന കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഫെഡറൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ മാർച്ചിലാണ് മെക്സിക്കോ തങ്ങളുടെ ലോകകപ്പ് സുരക്ഷാ പദ്ധതിയായ 'പ്ലാൻ കുക്കുൽകാൻ' ആരംഭിച്ചത്. മിലിട്ടറി, ഫെഡറൽ, പ്രാദേശിക പൊലീസ് വിഭാഗങ്ങളിൽ നിന്നായി ഏകദേശം 100,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതിൽ പങ്കാളികളാകുന്നത്. സ്റ്റേഡിയങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളും സുരക്ഷാ പരിശോധനകളും ടീമുകൾക്കും ഉദ്യോഗസ്ഥർക്കും ആരാധകർക്കുമുള്ള സുരക്ഷയൊരുക്കൽ നടപടികളും ഇതിൽ ഉൾപ്പെടുന്നു.
കാനഡയിലെ അവസാന ലോകകപ്പ് മത്സരം നിശ്ചയിച്ചിരിക്കുന്ന ജൂലൈ 7 വരെ വാൻകൂവർ, ടൊറന്റോ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പരിശീലന സ്ഥലങ്ങളിലും സ്റ്റേഡിയങ്ങളിലും അനധികൃത ഡ്രോൺ ഫ്ലൈറ്റുകൾക്ക് കാനഡയും താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പാരിസ് ഒളിംപിക്സിൽ കാനഡയുടെ വനിതാ ഫുട്ബോൾ ടീം ഉൾപ്പെട്ട ഡ്രോൺ പറത്തി തന്ത്രങ്ങൾ ചോർത്തുന്നുവെന്ന വിവാദം നടന്നു രണ്ട് വർഷം തികയുന്നതിന് മുൻപാണ് ലോകകപ്പിലെ ഈ പുതിയ സംഭവം. ഒളിംപിക്സ് പോരാട്ടത്തിനു തൊട്ടുമുൻപ് എതിരാളികളായ ന്യൂസിലൻഡിന്റെ പരിശീലന സെഷൻ നിരീക്ഷിക്കാൻ കനേഡിയൻ ടീം ഡ്രോൺ ഉപയോഗിച്ചതായി കോച്ചിങ് സ്റ്റാഫിനെതിരെ ആരോപണം വന്നതാണ് വിവാദത്തിലായത്.
സംഭവത്തെത്തുടർന്ന് രണ്ട് സ്റ്റാഫ് അംഗങ്ങളെയും ഹെഡ് കോച്ച് ബെവ് പ്രീസ്റ്റ്മാനെയും കാനഡ ഫുട്ബോൾ അസോസിയേഷൻ നേതൃത്വം സസ്പെൻഡ് ചെയ്യുകയും പിന്നീട് ഇവരെ പുറത്താക്കുകയും ചെയ്തു. കൂടാതെ ഒളിംപിക് മത്സരത്തിനിടെ കനേഡിയൻ ടീമിന് ആറ് പോയിന്റുകൾ നഷ്ടമാവുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates