Spain vs Argentina ap
Fifa World Cup 2026

648... മുതല്‍ 4 വരെ! സ്പെയിൻ vs അർജന്റീന; 'അക്കപ്പോരിന്റെ ഫുട്‌ബോള്‍ വര്‍ഷങ്ങള്‍'

ഫൈനല്‍ പോരിലെത്തും മുന്‍പ് അറിയാം ചില കൗതുക കണക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനും അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇരു ടീമുകളിലേയും ചില കൗതുകം നിറയ്ക്കുന്ന കളി കണക്കുകള്‍ അറിയാം.

648

പാസുകളുടെ കാര്യത്തില്‍ സ്‌പെയിന്‍ ടീമിന്റെ എന്‍ജിനായി പ്രവര്‍ത്തിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രി സ്വന്തം റെക്കോര്‍ഡ് തിരുത്തി. ഒരു ലോകകപ്പ് അധ്യായത്തില്‍ ഏറ്റവും കൂടുതല്‍ പാസ് നല്‍കുന്ന താരമെന്ന റെക്കോര്‍ഡാണ് താരം ഇത്തവണ തിരുത്തിയത്. ഈ ലോകകപ്പില്‍ 648 പാസുകളാണ് താരം നല്‍കിയത്. 2022ല്‍ ഖത്തര്‍ ലോകകപ്പില്‍ താരം തന്നെ സ്ഥാപിച്ച 638 പാസുകളുടെ റെക്കോര്‍ഡാണ് വഴിമാറിയത്. 2010ല്‍ സ്‌പെയിന്‍ ആദ്യ കിരീടം സ്വന്തമാക്കിയ ലോകകപ്പില്‍ സ്പാനിഷ് ഇതിഹാസം ഷാവി ഹെര്‍ണാണ്ടസ് സ്ഥാപിച്ച 599 പാസുകളുടെ റെക്കോര്‍ഡാണ് റോഡ്രി ഖത്തറില്‍ തിരുത്തിയത്. ഇത്തവണ താരം സ്വന്തം റെക്കോര്‍ഡ് പുതുക്കി. ഈ പട്ടികയില്‍ നിലവില്‍ റോഡ്രിയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്നത് സഹ താരങ്ങള്‍ തന്നെയാണ്. 547 പാസുകളുമായി പാവ് കുബാര്‍സിയും 533 പാസുകളുമായി അയ്മറിക്ക് ലാപോര്‍ട്ടെയുമുണ്ട്.

37

സ്‌പെയിന്‍ തുടരെ 37 മത്സരങ്ങള്‍ പരാജയമറിയാതെയാണ് ലോകകപ്പ് ഫൈനല്‍ കളിക്കാനിറങ്ങുന്നത്. നിലവില്‍ പുരുഷ ഫുട്‌ബോളിലെ റെക്കോര്‍ഡിനൊപ്പമാണ് സ്‌പെയിന്‍ ഉള്ളത്. ഇറ്റലിയും അര്‍ജന്റീനയുമാണ് നേരത്തെ തുടരെ 37 മത്സരങ്ങള്‍ പരാജയപ്പെടാതെ കളിച്ചവര്‍. 2024 മാര്‍ച്ചില്‍ കൊളംബിയയോട് 1-0ത്തിനു തോറ്റ ശേഷം സ്‌പെയിന്‍ 27 മത്സരങ്ങള്‍ ജയിച്ചു കയറി. 10 മത്സരങ്ങള്‍ സമനില. 2018 മുതല്‍ 2021വരെയാണ് ഇറ്റലി അപരാജിതരായി നിന്നത്. അര്‍ജന്റീനയാകട്ടെ 2019 മുതല്‍ 2022 വരെ.

30

സ്‌പെയിന്‍ വിങറും കൗമാര വിസ്മയവുമായ ലമീന്‍ യമാല്‍ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് ഡ്രിബിള്‍ ചെയ്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. താരം 30 തവണയാണ് ഇത്തരത്തില്‍ മൈതാനത്ത് മികവ് പ്രകടിപ്പിച്ചത്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ (24), ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍ (23), അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി (22), ബെല്‍ജിയത്തിന്റെ ജെറമി ഡോകു (21) എന്നിവരാണ് യമാലിനു പിന്നില്‍.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രബിള്‍ ഒറ്റ അധ്യായത്തില്‍ പുറത്തെടുത്തതിന്റെ റെക്കോര്‍ഡ് അര്‍ജന്റീന മാന്ത്രികന്‍ ഡീഗോ മറോഡണയുടെ പേരിലാണ്. 1986ലെ മെക്‌സിക്കോ ലോകകപ്പില്‍ മറഡോണ 53 തവണയാണ് വിജയകരമായി ടേക്ക് ഓണുകള്‍ നേടിയത്. 21ാം നൂറ്റാണ്ടില്‍ ഒരു ലോകകപ്പ് അധ്യായത്തിലെ ഡ്രിബിള്‍ റെക്കോര്‍ഡ് മെസിയുടെ പേരിലാണ്. 2014ലെ ലോകകപ്പില്‍ 46 തവണ.

19

ഈ ലോകകപ്പില്‍ അര്‍ജന്റീന അടിച്ചു കൂട്ടിയത് 19 ഗോളുകള്‍. ശരാശരി ഒരു മത്സരത്തില്‍ 2.71 എന്ന കണക്കിലാണ് സ്‌കോറിങ്. 1970ല്‍ ബ്രസീല്‍ സാധ്യമാക്കിയ 19 ഗോള്‍ നേട്ടങ്ങള്‍ക്കു ശേഷം ലോകകപ്പ് ചരിത്രത്തില്‍ സിംഗിള്‍ എഡിഷനില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫൈനലില്‍ ഗോള്‍ നേടിയാല്‍ ഇത് മറികടക്കാം. റെക്കോര്‍ഡില്‍ മുന്നിലുള്ളത് ഹംഗറിയാണ്. 1954 ലോകകപ്പില്‍ അവര്‍ 27 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതേ എഡിഷനില്‍ തന്നെയാണ് റെക്കോര്‍ഡ് പട്ടികയിലെ രണ്ടാമത്തെ ഗോള്‍ എണ്ണവും പിറന്നത്. വെസ്റ്റ് ജര്‍മനിയുടെ 25 ഗോളുകള്‍. 1958ല്‍ ഫ്രാന്‍സ് 23 ഗോളുകള്‍, 1950ല്‍ ബ്രസീല്‍ 22 ഗോളുകള്‍ എന്നിവരാണ് റെക്കോര്‍ഡില്‍ പിന്നാലെയുള്ളത്.

13

അര്‍ജന്റീന തുടര്‍ച്ചയായി 13 മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ മിനിമം എതിര്‍ ടീമിനെതിരെ അടിച്ചിട്ടുണ്ട്. ഇത് ലോകകപ്പിലെ റെക്കോര്‍ഡാണ്. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോടു 2-1നു തോറ്റ മത്സരത്തിലാണ് അവര്‍ അവസാനമായി ഒരു ഗോള്‍ മാത്രം നേടിയത്. പിന്നീട് ഈ ലോകകപ്പിലെ സെമി വരെ അവര്‍ തുടരെ എല്ലാ മത്സരങ്ങളിലും 2 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ചിട്ടുണ്ട്.

8

അര്‍ജന്റീന നായകനും ഇതിഹാസവുമായ ലയണല്‍ മെസി ഈ ലോകകപ്പില്‍ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 10 ഗോളുകളുമായി ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയാണ് നിലവില്‍ മുന്നില്‍.

7

ഒരു ലോകകപ്പ് അധ്യായത്തില്‍ 7 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡിനൊപ്പം അര്‍ജന്റീന എത്തി. ഫൈനല്‍ ജയിച്ചാല്‍ റെക്കോര്‍ഡ് അര്‍ജന്റീനയ്ക്ക് സ്വന്തം. ബ്രസീലാണ് നിലവില്‍ ഈ നേട്ടമുള്ള ആദ്യ ടീം. 2002ല്‍ അവര്‍ ഫൈനലടക്കം 7 തുടര്‍ വിജയങ്ങളുമായാണ് കപ്പുയര്‍ത്തിയത്. സ്‌പെയിനിനെതിരെ ജയിച്ചാല്‍ 100 ശതമാനം വിജയവുമായി കിരീടമുയര്‍ത്തിയ ടീമുകളുടെ എലീറ്റ് പട്ടികയിലും അര്‍ജന്റീന വരും. 1930ല്‍ ഉറുഗ്വെയും 1938ല്‍ ഇറ്റലിയും 1970ലും 2002ലും ബ്രസീലുമാണ് ഇത്തരത്തില്‍ ലോകകപ്പുയര്‍ത്തിയവര്‍.

6

സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സിമോണ്‍ ലോകകപ്പിലെ 7 മത്സരങ്ങളില്‍ 6ലും ഗോള്‍ വഴങ്ങിയില്ല. 6 ക്ലീന്‍ ഷീറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. ഇത് റെക്കോര്‍ഡാണ്. ഒരു ലോകകപ്പ് അധ്യായത്തില്‍ മറ്റൊരു ഗോള്‍ കീപ്പറും ഇത്തരത്തില്‍ 6 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ വല കാത്തിട്ടില്ല. 5 തവണ ഈ നേട്ടം സ്വന്തമാക്കിയ 7 താരങ്ങളുണ്ട്. 1974ല്‍ യാന്‍ യോങ്ബ്ലഡ്, 1990ല്‍ ഇറ്റലിയുടെ വാള്‍ടര്‍ സെംഗ, 1994ല്‍ ബ്രസീലിന്റെ ടഫ്‌റേല്‍, 1998ല്‍ ഫ്രാന്‍സിന്റെ ഫാബിയന്‍ ബര്‍തേസ്, 2002ല്‍ ജര്‍മനിയുടെ ഒലിവര്‍ കാന്‍, 2006ല്‍ ഇറ്റലിയുടെ ജിയാന്‍ലൂയി ബുഫണ്‍, 2010ല്‍ സ്‌പെയിനിന്റെ ഇകര്‍ കാസിയസ്.

650 മിനിറ്റുകളാണ് സിമോണ്‍ ഗോള്‍ വഴങ്ങാതെ നിന്നത്. ഇതും റെക്കോര്‍ഡാണ്. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ ചാള്‍സ് ഡികെറ്റ്‌ലറാണ് സിമോണിന്റെ കോട്ട ഒടുവില്‍ ഭേദിച്ചത്. ഗോള്‍ഡന്‍ ഗ്ലൗ പോരാട്ടത്തില്‍ സിമോണ്‍ തന്നെയാണ് മുന്നിലുള്ളത്.

5

പെനാല്‍റ്റി ഏരിയക്ക് പുറത്തു നിന്ന് ഈ ലോകകപ്പില്‍ അര്‍ജന്റീന 5 ഗോളുകള്‍ വലയിലിട്ടു. ഒരു ലോകകപ്പില്‍ ഇത്തരത്തില്‍ ഗോള്‍ നേടുന്ന ടീമുകളുടെ റെക്കോര്‍ഡിനൊപ്പവും അര്‍ജന്റീന എത്തി. മെസി 2, ജിയോവാനി ലോസെല്‍സോ, ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഓരോ ഗോള്‍ വീതവും ബോക്‌സിനു പുറത്തു വച്ചു തൊടുത്തു. ഔട്ട് സൈഡില്‍ നിന്നു ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തം പേരിലാക്കുകയും ചെയ്തു. ബ്രസീല്‍ ഇതിഹാസം റിവെലിനോയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്.

5

സ്‌പെയിനിന്റെ മികേല്‍ ഒയര്‍സബാല്‍ ഈ ലോകകപ്പില്‍ 5 ഗോളുകള്‍ നേടി. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന സ്പാനിഷ് താരമെന്ന റെക്കോര്‍ഡിനൊപ്പം താരവും എത്തി. ഫൈനലില്‍ ഗോളടിച്ചാല്‍ റെക്കോര്‍ഡ് ഒറ്റയ്ക്ക് സ്വന്തമാക്കാം. 2010ല്‍ ഡേവിഡ് വിയ 5 ഗോളുകള്‍ നേടിയിട്ടുണ്ട്. മാത്രമല്ല താരത്തിന്റെ പേരില്‍ 6 അസിസ്റ്റുകളുമുണ്ട്. നിലവില്‍ റെക്കോര്‍ഡ് വിയയുടെ പേരിലാണ്. 1986ല്‍ സ്പാനിഷ് താരം എമിലോ ബ്യുട്രഗ്യുനോയും 5 ഗോളുകള്‍ നേടിയിട്ടുണ്ട്.

4

ലയണല്‍ മെസി ഈ ലോകകപ്പില്‍ നിലവില്‍ 4 അസിസ്റ്റുകള്‍ നടത്തി. ഫ്രാന്‍സിന്റെ മൈക്കല്‍ ഒലീസെയാണ് നിലവില്‍ മുന്നില്‍ താരത്തിന്റെ പേരില്‍ 7 അസിസ്റ്റുകള്‍. ഫൈനലില്‍ മെസി എത്ര അസിസ്റ്റുകള്‍ നല്‍കുമെന്നതാണ് ഇനിയുള്ള ആകാംക്ഷ.

Spain vs Argentina: Lionel Messi and Lamine Yamal feature as we outline the statistics behind Spain and Argentina’s respective paths to the FIFA World Cup 2026 final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ വീണ്ടും ഷിഗെല്ല; എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥി ചികിത്സയില്‍, നാല് പേര്‍ക്ക് രോഗലക്ഷണം

'ശത്രു സൈന്യത്തെ എന്നവണ്ണം വിദ്യാര്‍ഥികളെ നേരിടുന്നു, ഡല്‍ഹിയില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടു'

'അവര്‍ക്ക് ഈ പ്രതിഷേധം കണ്ട് പേടിയായി, എനിക്കും കൂടി ലാത്തിച്ചാര്‍ജ് കിട്ടിയേനെ'; സിജെപി സമരവേദിയില്‍ രഞ്ജിനി ഹരിദാസ്

തീര്‍ഥാടകര്‍ക്ക് ആശ്വാസം; ഒരു വര്‍ഷ കാലാവധി, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസകള്‍ അനുവദിച്ച് സൗദി അറേബ്യ

'കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം'; ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം