

ന്യൂയോർക്ക്: തുടരെ രണ്ടാം വട്ടവും ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി നിലവിലെ ചാംപ്യൻമാരായ അർജന്റീന ഇത്തവണ ചരിത്ര നേട്ടത്തോടെയാണ് സ്പെയിനിനെതിരായ കലാശപ്പോരിന് ഇറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഫൈനലിൽ എത്തുന്ന ടീമെന്ന ബ്രസീലിന്റെ റെക്കോർഡിനൊപ്പമാണ് അർജന്റീന എത്തിയത്. അർജന്റീനയും ബ്രസീലും 7 തവണയാണ് ഫൈനൽ കളിച്ചത്. ജർമനിയാണ് റെക്കോർഡിൽ മുന്നിലുള്ളത്. അവർ 8 തവണ ഫൈനൽ കളിച്ചു. 7 ഫൈനലുകളിൽ നിന്നു ബ്രസീലിന് 5 കിരീടവും അർജന്റീനയ്ക്ക് 3 കിരീടവുമാണ് ഉള്ളത്. നാലാം കിരീടമാണ് ലാ സ്കലോനെറ്റകൾ ലക്ഷ്യമിടുന്നത്.
1986, 1990 വർഷങ്ങളിൽ ഡീഗോ മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന തുടർച്ചയായി ഫൈനൽ കളിച്ചിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് ലാ ആൽബിസെലസ്റ്റകൾ തുടരെ രണ്ട് ലോകകപ്പ് ഫൈനൽ കളിക്കാനൊരുങ്ങുന്നത്. 1986ൽ അർജന്റീന ലോകകപ്പ് നേടി. എന്നാൽ 1990ൽ അവർ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 1930, 1978, 1986, 1990, 2014, 2022, 2026 വർഷങ്ങളിലാണ് അവർ ഫൈനലിലേക്ക് എത്തിയത്.
1986ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ വെസ്റ്റ് ജർമനിയെ 3-2നു വീഴ്ത്തിയാണ് മറഡോണയും അർജന്റീനയും കിരീടം ഉയർത്തിയത്. നാല് വർഷത്തിനു ശേഷം റോമിലെ സ്റ്റാഡിയോ ഒളിംപിക്കോയിൽ നടന്ന ഫൈനലിലും മറഡോണ അർജന്റീനയെ നയിച്ചു. അവിടെയും എതിരാളികൾ വെസ്റ്റ് ജർമനി തന്നെ. എന്നാൽ 85ാം മിനിറ്റിൽ ആൻഡ്രിയാസ് ബ്രഹ്മെ നേടിയ പെനാൽറ്റി ഗോളിൽ അർജന്റീന 1-0ത്തിനു പരാജയപ്പെട്ടു. അതോടെ മറഡോണയുടെ തുടർ ലോക കിരീടമെന്ന സ്വപ്നം പൊലിഞ്ഞു.
ഇപ്പോഴിതാ 1990ൽ മറഡോണയ്ക്ക് സാധിക്കാതെ പോയ ആ ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള സുവർണാവസരമാണ് പിൻഗാമിയായി വാഴ്ത്തപ്പെട്ട മെസിയെ തേടിയെത്തിയിരിക്കുന്നത്. അർജന്റീനയ്ക്ക് തുടരെ രണ്ടാം ലോക കിരീടം സമ്മാനിക്കുക എന്ന നിയോഗം.
സ്പെയിനിനെ വീഴ്ത്തി അർജന്റീന കിരീടം ഉയർത്തിയാൽ അവരെ തേടി മറ്റൊരു നേട്ടവും കാത്തിരിക്കുന്നു. 64 വർഷങ്ങൾക്കു ശേഷം ഒരു ടീം ലോക കിരീടം നിലനിർത്തി എന്ന റെക്കോർഡാണ് ആവർക്ക് മുന്നിലുള്ളത്. 1958ലും 1962ലും ബ്രസീൽ പെലെയുടെ നേതൃത്വത്തിൽ തുടരെ രണ്ട് ലോക കിരീടങ്ങൾ ഉയർത്തിയിട്ടുണ്ട്. അതിനു മുൻപ് ചരിത്രത്തിൽ ഇറ്റലിയാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. അവർ 1934ലും 1938ലും കനക കിരീടം ഉയർത്തി. ലോകകപ്പ് ചരിത്രത്തിൽ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ടീമാകാനുള്ള അപൂർവ സാധ്യതയും അർജന്റീനയ്ക്ക് മുന്നിലുണ്ട്.
നിലവിലെ ചാംപ്യൻമാരായ അർജന്റീനയും 2024 തുടക്കം മുതൽ തുടരെ 37 മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ചെത്തിയ സ്പെയിനും തമ്മിലാണ് ബ്ലോക്ക്ബസ്റ്റ് ഫിനാലെ. 2010ൽ ലോക കിരീടം ഉയർത്തിയ ശേഷം സ്പെയിൻ ലക്ഷ്യമിടുന്ന രണ്ടാം ലോക കിരീടമാണിത്. 2008ൽ യൂറോ കപ്പുയർത്തിയതിനു പിന്നാലെയാണ് സ്പെയിൻ 2010 ലോകകപ്പുയർത്തിയത്. സമാനമാണ് ഇത്തവണത്തെ അവരുടെ വരവ്. നിലവിലെ യൂറോ ചാംപ്യൻമാരാണ് സ്പെയിൻ.
അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളിലായി നടന്ന 48 ടീമുകൾ മാറ്റുരച്ച ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പിന്റെ 104ാമത്തേയും അവസാനത്തേയും പോരാട്ടാണ് ഫൈനൽ. അർജന്റീന തങ്ങളുടെ സിംഹാസനം വീണ്ടും ഉറപ്പിക്കുമോ, അതോ സ്പെയിൻ അവരുടെ രാജകീയ ജേഴ്സിയിൽ രണ്ടാമത്തെ താരം പതിപ്പിക്കുമോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates