വാഷിങ്ടൻ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകനെ പുറത്താക്കി ടുണീഷ്യ ടീം. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്ര വേഗം ഒരു കോച്ചിന്റെ പണി തെറിക്കുന്നത്. ടുണീഷ്യ പരിശീലകൻ സാബ്രി ലമൂഷിക്കാണ് ഇത്തരമൊരു ദുര്യോഗം നേരിടേണ്ടി വന്നത്. മുൻ സൗദി അറേബ്യ പരിശീലകൻ ഹെർവ് റെനാർഡാണ് ടുണീഷ്യ ടീമിന്റെ പുതിയ മുഖ്യ പരിശീലകൻ.
കഴിഞ്ഞ ദിവസം ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടത്തിൽ ടുണീഷ്യ 5-1നു സ്വീഡനോടു കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയാണ് കോച്ചിന്റെ കസേര ഇളകിയത്. ഇതോടെ ടൂർണമെന്റിലെ ആദ്യ കളിക്ക് ശേഷം തന്നെ പുറത്താക്കപ്പെടുന്ന ലോകകപ്പ് ചരിത്രത്തിലെ ആദ്യ പരിശീലകനെന്ന നാണക്കേട് 54കാരനായ ലമൂഷിയുടെ പേരിലായി. കഴിഞ്ഞ ജനുവരിയിൽ 2028 വരെയുള്ള കരാറിലാണ് അദ്ദേഹം ചുമതലയേറ്റതെങ്കിലും വെറും ആറുമാസം മാത്രമാണ് സ്ഥാനത്ത് തുടരാനായത്.
57കാരനായ ഹെർവ് റെനാർഡ് ഇത് മൂന്നാമത്തെ ലോകകപ്പിനാണ് വരുന്നത്. ഇതിന് മുൻപ് വ്യത്യസ്ത രാജ്യങ്ങളെ അദ്ദേഹം ലോകകപ്പിൽ നയിച്ചിട്ടുണ്ട്. 2018 ലോകകപ്പിൽ മൊറോക്കോയേയും, 2022 ലോകകപ്പിൽ സൗദി അറേബ്യയെയുമാണ് അദ്ദേഹം നേരത്തെ പരിശീലിപ്പിച്ചത്.
2022ൽ ചാംപ്യൻമാരായ അർജന്റീനയെ ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യ 2-1 ന് അട്ടിമറിച്ചത് റെനാർഡിന്റെ തന്ത്രങ്ങൾക്ക് കീഴിലാണ്. ഈ വിജയം റെനാർഡിനെ കൂടുതൽ പ്രസിദ്ധനാക്കുകയും ചെയ്തു. സാംബിയ (2012), ഐവറി കോസ്റ്റ് (2015) ടീമുകൾക്കൊപ്പം ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം നേടിയ ഒരേയൊരു പരിശീലകനും റെനാർഡാണ്.
അതേസമയം സ്വീഡനോടേറ്റ വലിയ തോൽവി മാത്രമല്ല ലമൂഷിയുടെ പുറത്താക്കലിന് കാരണം. ടുണീഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അധികൃതരുമായും ചില പ്രധാന കളിക്കാരുമായും ലമൂഷിക്കുണ്ടായിരുന്ന അസ്വാരസ്യങ്ങളും ഡ്രസിങ് റൂമിലെ പ്രശ്നങ്ങളും പുറത്താക്കൽ വേഗത്തിലാക്കി എന്നാണ് വിവരം. ലമൂഷിയുടെ സഹ പരിശീലകനായ മുൻ ടുണീഷ്യ താരം വഹ്ബി ഖസ്രി പുതിയ കോച്ചിന് കീഴിലും തത്‍സ്ഥാനത്ത് തുടരും.
നിലവിൽ ഗ്രൂപ്പ് എഫിൽ അവസാന സ്ഥാനത്തുള്ള ടുണീഷ്യയ്ക്ക് ശനിയാഴ്ച ജപ്പാനെതിരെയും 25ന് നെതർലൻഡ്സിനെതിരെയുമാണ് ഇനി പോരാട്ടങ്ങളുള്ളത്. ലോകകപ്പിൽ പ്രതീക്ഷ നിലനിർത്താൻ ജപ്പാനെതിരെയുള്ള അടുത്ത മത്സരം ടുണീഷ്യയ്ക്ക് ജയിച്ചേ തീരൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates