Cristiano Ronaldo, Luka Modric ap
Fifa World Cup 2026

'അഭിനന്ദനങ്ങൾ ലൂക്കാ'... ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡ്രിചിനെ കെട്ടിപ്പിടിച്ച് പറഞ്ഞു...

ഇതിഹാസങ്ങളുടെ പുനഃസമാ​ഗമം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ടൊറന്റോ: ഫിഫ ലോകകപ്പിലെ പോർച്ചു​ഗൽ- ക്രൊയേഷ്യ പോരാട്ടത്തിന്റെ സവിശേഷത ഇതിഹാസ താരങ്ങളുടെ നേർക്കുനേർ പോരാട്ടമായിരുന്നു. പോർച്ചു​ഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിചിന്റേയും. ഇരുവരും സുഹൃത്തുക്കളും ദീർഘ കാലം റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ചവരുമാണ്. രണ്ടിൽ ഒരാളുടെ അവസാന ലോകകപ്പ് പോരാട്ടമെന്ന നിലയിലും മത്സരം ശ്രദ്ധിക്കപ്പെട്ടു. പുറത്തു പോകാൻ യോ​ഗം ലൂക്ക മോഡ്രിചിനായിരുന്നു.

ക്രൊയേഷ്യൻ ഫുട്ബോളിനെ ദീർഘനാളായി തോളിലേറ്റിയ ഐതിഹാസിക കരിയറിനാണ് ആറാം ലോകകപ്പ് കളിച്ച് ലൂക്ക വിരാമമിട്ടത്. ഇനിയൊരു ലോകകപ്പിൽ കളിക്കാരനെന്ന നിലയിൽ ലൂക്കയെ ആരാധകർ കാണില്ല.

മത്സരത്തിന്റെ കിക്കോഫിനു മുന്നോടിയായി 41കാരനായ റൊണാൾഡോയും 40 കാരനായ മോഡ്രിച്ചും കെട്ടിപ്പിടിച്ചപ്പോൾ, അത് ഐതിഹാസിക കൂട്ടുകെട്ടിന്റെ പഴയ നല്ല ഓർമകളെ ഉണർത്തുന്നതായിരുന്നു. അഞ്ച് വർഷത്തിനിടെ നാല് ചാംപ്യൻസ് ലീഗ് കിരീടങ്ങൾ റയൽ മാഡ്രിഡിന് നേടിക്കൊടുക്കുന്നതിൽ ഇരുവരും നിർണായക പങ്കുവഹിച്ചിരുന്നു.

ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഇവാൻ പെരിസിചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയെങ്കിലും, റൊണാൾഡോ നേടിയ പെനാൽറ്റി ഗോളിലൂടെ പോർച്ചുഗൽ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. തുടർന്ന് ഇഞ്ച്വറി ടൈമിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഗോൺസാലോ റാമോസ് നേടിയ ഹെഡ്ഡർ ഗോൾ ക്രൊയേഷ്യയുടെ ഹൃദയം തകർത്തു.

ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ തന്റെ മുൻ സഹതാരത്തെ ആശ്വസിപ്പിക്കാൻ റൊണാൾഡോയാണ് ആദ്യം ഓടിയെത്തിയത്. ഇരുവരും വീണ്ടും പരസ്പരം കെട്ടിപ്പിടിച്ചു. അതിനുശേഷം അവർ തമ്മിൽ കുറച്ചുസമയം സംസാരിക്കുകയും ചെയ്തു. ആ സംഭാഷണത്തിന്റെ വിവരങ്ങൾ പോർച്ചുഗൽ നായകൻ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്.

'ഞാൻ ലൂക്കയോടൊപ്പം ഒരുപാട് വർഷങ്ങൾ കളിച്ചിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഏകദേശം ഒരേ പ്രായമുള്ളവരാണ്. അദ്ദേഹം ഫുട്ബോളിലെ ഒരു ഇതിഹാസമാണ്. ഇപ്പോഴും അങ്ങനെതന്നെ. ഈ പ്രായത്തിലും അദ്ദേ​ഹം ഏറ്റവും ഉയർന്ന തലത്തിൽ കളിക്കുന്നത് കാണുന്നത് സന്തോഷകരമാണ്. ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അഭിനന്ദനങ്ങൾ ലൂക്കാ, താങ്കളുടെ കരിയറിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും'- ക്രിസ്റ്റ്യാനോ വെളിപ്പെടുത്തി.

ലൂക്കയും ക്രിസ്റ്റ്യാനോയും ‌ആറ് വർഷത്തോളം ഒരേ ഡ്രെസിങ് റൂം പങ്കിടുകയും ഒരുമിച്ച് നിരവധി കിരീടങ്ങൾ നേടുകയും ചെയ്തവരാണ്. മുൻ സഹതാരങ്ങളും സുഹൃത്തുക്കളും ബാലൺ ഡി ഓർ ജേതാക്കളുമായ രണ്ട് ഇതിഹാസങ്ങളുടെ പുനഃസമാഗമം കൂടിയാണ് ടൊറന്റോയിൽ ആരാധകർ കണ്ടത്. 2012ൽ ലൂക്കാ മോഡ്രിച് റയൽ മാഡ്രിഡിൽ എത്തുമ്പോൾ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളിൽ ഒരു മുൻനിര താരമായി മാറിയിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ സ്പാനിഷ് തലസ്ഥാനത്ത് ഇരുവരും ചേർന്ന് കൈവരിക്കാൻ പോകുന്ന നേട്ടങ്ങളെക്കുറിച്ച് അന്ന് പലരും ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. മോഡ്രിച് റയൽ മാഡ്രിഡ് മധ്യനിരയുടെ ഹൃദയവും ആത്മാവുമായിരുന്നപ്പോൾ, റൊണാൾഡോ മുന്നേറ്റ നിരയിലെ തങ്ങളുടെ പ്രധാന ആയുധമായിരുന്നു.

ഫുട്ബോൾ ചിലപ്പോഴൊക്കെ ക്രൂരമാകാറുണ്ട്. ഇത്തവണ ആ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത് ക്രൊയേഷ്യയാണ്. ഒപ്പം ഇതിഹാസ നായകൻ ലൂക്ക മോഡ്രിച്ചും!

Cristiano Ronaldo, Luka Modric: As Portugal took on Croatia in Toronto, it wasn't just a World Cup match. It was a reunion involving two former teammates, friends, and Ballon d'Or winners who shared the dressing room for six years, winning several accolades

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്

എൽഡിഎഫ് സർക്കാർ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക; ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ മുരളീധരൻ

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി