

മ്യൂണിക്ക്: ഫിഫ ലോകകപ്പിൽ നിന്നുള്ള അപ്രതീക്ഷിത പുറത്താകലിനു പിന്നാലെ ജർമനി ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നു 38കാരനായ ജൂലിയൻ നാഗൽസ്മാൻ രാജിവച്ചു. ഇതോടെ ഏകദേശം മൂന്ന് വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ പരിശീലക കാലാവധിക്കാണ് അവസാനമായിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ൽ പരാഗ്വെയോടു പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പുറത്തായത്. ചരിത്രത്തിലാദ്യമായാണ് ജർമനി ലോകകപ്പ് പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത്.
2014ൽ കിരീടം നേടിയ ശേഷം കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി ജർമനിയുടെ പ്രകടനം ദയനീയമാണ്. 2018ലും 2022ലും ടീം പ്രാഥമിക ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഇത്തവണ പക്ഷേ നോക്കൗട്ടിലേക്ക് കടന്നു എന്ന ആശ്വാസം മാത്രം.
മുൻ ബൊറൂസിയ ഡോർട്മുണ്ട്, ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ്പ് ജർമൻ ടീമിന്റെ പരിശീലകനാകുമെന്നാണ് വിവരം. അദ്ദേഹത്തിനാണ് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
2023 സെപ്റ്റംബറിൽ ചുമതലയേറ്റ നാഗൽസ്മാന് 2028ലെ യൂറോ കപ്പ് വരെ നീളുന്ന കരാറുണ്ടായിരുന്നു. എന്നാൽ ലോകകപ്പിലെ ജർമനിയുടെ നിരാശാജനകമായ പ്രകടനം അദ്ദേഹത്തിന്റെ ഭാവിയെ ചോദ്യ ചിഹ്നത്തിലാക്കി. പരാഗ്വെയുമായുള്ള പരാജയത്തിന് ശേഷം ഒന്നുകിൽ സ്വയം സ്ഥാനം ഒഴിഞ്ഞു പോവുക, അല്ലെങ്കിൽ പുറത്താക്കപ്പെടാൻ ഒരുങ്ങുക എന്ന് ജർമൻ ഫുട്ബോൾ അസോസിയേഷൻ നാഗൽസ്മാനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിമർശനങ്ങൾ ശക്തമായിട്ടും ജർമൻ ഫുട്ബോൾ അസോസിയേഷൻ പിന്തുണയ്ക്കുകയാണെങ്കിൽ തുടരാൻ തനിക്ക് താത്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അസോസിയേഷൻ അദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കിയതോടെയാണ് പടിയിറക്കം.
വലിയ പ്രതീക്ഷകളോടെയായിരുന്നു നാഗൽസ്മാൻ പരിശീലകനായി എത്തിയത്. മുൻ കാലങ്ങളിലെ മോശം പ്രകടനങ്ങളിൽ നിന്ന് ജർമ്മൻ ടീമിനെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ മറ്റൊരു ലോകകപ്പിൽ കൂടി നേരത്തെ തന്നെ പുറത്താവേണ്ടി വന്നത് ടീമിന്റെ പോക്കിനെക്കുറിച്ചും ഡിഎഫ്ബിയുടെ ഭാവി പദ്ധതികളെക്കുറിച്ചും വീണ്ടും നിരവധി ചോദ്യങ്ങൾ ഉയർത്താൻ കാരണമായി.
ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ പരിശീലകനെന്നു പേരെടുത്താണ് നാഗൽസ്മാൻ ജർമൻ കോച്ചായി എത്തിയത്. ഹോഫെൻഹെയിം, ആർബി ലെയ്പ്സിഗ്, ബയേൺ മ്യൂണിക്ക് ടീമുകളെ മികച്ച രീതിയിൽ പരിശീലിപ്പിച്ചതിന്റെ പെരുമയും അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ യൂറോ കപ്പിൽ ജർമനിയെ ക്വാർട്ടർ വരെ എത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. എന്നാൽ ലോകകപ്പിലെ പ്രകടനം നിരാശപ്പെടുത്തുന്നതായി.
'ഞങ്ങൾ ഒന്നാംകിട ടീമല്ല'
ടീം പുറത്തായതിന് ശേഷം സംസാരിക്കവെ, നാല് തവണ ലോക ചാംപ്യന്മാരായ ഒരു ടീമിൽ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയരാൻ തന്റെ സംഘത്തിന് കഴിഞ്ഞില്ലെന്ന് നാഗൽസ്മാൻ സമ്മതിച്ചിരുന്നു.
'പരാഗ്വെയോട് തോറ്റാണ് നിങ്ങൾ പുറത്താകുന്നതെങ്കിൽ, നിങ്ങൾ ഒരു ഒന്നാംകിട ഫുട്ബോൾ ടീമല്ല. ഞാൻ അതീവ നിരാശനാണ്. ഡിഎഫ്ബിക്ക് ഞാൻ തുടരണമെന്നുണ്ടെങ്കിൽ ഞാൻ തുടരും. ഫുട്ബോളിന്റെ രീതികളും ഈ വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എനിക്കറിയാം. ഞാൻ പടിയിറങ്ങണമെന്ന് ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ അസോസിയേഷന് താത്പര്യമുണ്ടെങ്കിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു'- രാജിവെയ്ക്കും മുൻപ് അദ്ദേഹം പ്രതികരിച്ചിരുന്നു.
അടുത്തത് യുർഗൻ ക്ലോപ്പ്?
നാഗൽസ്മാൻ മാറിയതോടെ, ഏറെക്കാലമായി ജർമൻ കോച്ച് പദവിയിലേക്ക് കേൾക്കുന്ന യുർഗൻ ക്ലോപ്പിന്റെ പേരിലേക്കാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നീളുന്നത്. 2024ൽ ലിവർപൂൾ പരിശീലക സ്ഥാനം ഒഴിഞ്ഞ ക്ലോപ്പ്, ഈ ലോകകപ്പിൽ ജർമൻ ബ്രോഡ്കാസ്റ്ററായ 'മജന്ത'യ്ക്ക് വേണ്ടി ടെലിവിഷൻ പണ്ഡിറ്റായി പ്രവർത്തിക്കുന്നുണ്ട്.
ടൂർണമെന്റിന്റെ തുടക്കത്തിൽ, അവസരം ലഭിച്ചാൽ ജർമനിയെ പരിശീലിപ്പിക്കാൻ താൻ തയ്യാറാണെന്ന് ക്ലോപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ജർമനി പുറത്തായതിന് ശേഷം ഈ ഒഴിവിലേക്ക് വരുന്നതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.
'പരിശീലകനായി ഡിഎഫ്ബിക്ക് എന്നെ താത്പര്യമുണ്ടെങ്കിൽ യൂറോ 2028ൽ ഞാൻ ടീമിനൊപ്പമുണ്ടാകും. ഇല്ലെങ്കിൽ അവർ അത് എന്നോട് പറയണം. ഒളിച്ചോടുന്ന ഒരാളല്ല ഞാൻ. എന്റെ പേര് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ലിത്.'
ലോകകപ്പിലുടനീളം ജർമൻ ടീമിന്റെ കടുത്ത വിമർശകരിൽ ഒരാളായിരുന്നു ക്ലോപ്പ്. ഫ്ലോറിയൻ വിയ്റ്റ്സ്, ജമാൽ മുസിയാല തുടങ്ങിയ മികച്ച കളിക്കാർ ഉണ്ടായിട്ടും അതിനൊത്ത നിലവാരം പുലർത്താൻ ജർമനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
'ഒരു ഫുട്ബോൾ മത്സരം ജയിക്കാൻ 5 ലക്ഷം വഴികളുണ്ടാകും. അതിൽ ഒരെണ്ണം നിങ്ങൾ കണ്ടെത്തണം. നമുക്ക് ഒരൊറ്റ ലക്ഷ്യവും ഒരൊറ്റ സ്വപ്നവുമേ ഉണ്ടായിരുന്നുള്ളൂ. അതിപ്പോൾ തകർന്നുപോയി. ഇത് നാടകീയമായിരുന്നു. നമ്മൾ ഒരു ടീമെന്ന നിലയിൽ ഒത്തൊരുമയോടെ കളിച്ചില്ല. ആവശ്യത്തിന് അവസരങ്ങൾ സൃഷ്ടിച്ചതുമില്ല.'
'ഈ കുട്ടികൾക്ക് എത്രത്തോളം നന്നായി കളിക്കാൻ കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അവരത് മൈതാനത്ത് പുറത്തെടുത്തില്ല. മൂന്ന് മാസത്തിന് ശേഷം നമ്മൾ വീണ്ടും ഫ്ലോറിയൻ വിയറ്റ്സിനെയും ജമാൽ മുസിയാലയെയും കുറിച്ച് അവർ എത്ര മികച്ചവരാണെന്ന് വാതോരാതെ സംസാരിക്കുമായിരിക്കാം. പക്ഷേ ഇപ്പോൾ അതിന് കഴിയില്ല.'
'നമുക്ക് ജർമൻ ഫുട്ബോൾ ഓസോസിയേഷനെ കുറിച്ച് സംസാരിക്കാം. ചില കാര്യങ്ങൾ തീർച്ചയായും മാറ്റേണ്ടതുണ്ട്. അണ്ടർ 10 ടീമുകളിൽ നിന്നു തന്നെ നമുക്ക് മാറ്റങ്ങൾ തുടങ്ങാം. എന്നിട്ട് കുറച്ചു വർഷങ്ങൾക്ക് ശേഷം ഉയർന്ന തലത്തിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം'- ക്ലോപ്പ് ജർമനി പുറത്തായ ശേഷം പ്രതികരിച്ചു.
ജർമനിയുടെ ഈ ലോകകപ്പ് ദുരന്തം ഫുട്ബോൾ അസോസിയേഷന് മേൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചിരിക്കുകയാണ്. നാഗൽസ്മാന്റെ പകരക്കാരനെ കണ്ടെത്തുക എന്നത് സമീപകാലത്ത് അസോസിയേഷൻ എടുക്കാൻ പോകുന്ന ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നായിരിക്കും.
ബയേൺ മ്യൂണിക്കിന്റെ അപ്രമാദിത്വം തകർത്ത് ബൊറൂസിയ ഡോർട്മുണ്ടിനെ അവസാനമായി ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ക്ലോപ്പ്. പിന്നീട് അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനൊപ്പം ഏതാണ്ട് 8 കൊല്ലത്തിലധികം പ്രവർത്തിച്ചു. ടീമിന് പ്രീമിയർ ലീഗ്, ചാംപ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഗഗൻപ്രസിങ് ഫുട്ബോൾ തന്ത്രത്തെ ഏറ്റവും വിജയകരമായി നടപ്പിലാക്കിയ പരിശീലകൻ കൂടിയാണ് ക്ലോപ്പ്. അദ്ദേഹത്തിന്റെ ആക്രമണാത്മക തന്ത്രം ഏറെ പ്രശംസിക്കപ്പെട്ട ടാക്റ്റിക്സ് കൂടിയായിരുന്നു. യുർഗൻ ക്ലോപ്പ് ഈ ദൗത്യം ഏറ്റെടുക്കുകയാണെങ്കിൽ തുടർച്ചയായ പരാജയങ്ങളിൽ നിന്ന് ടീമിനെ മോചിപ്പിച്ച് 2028ലെ യൂറോ കപ്പിന് മുൻപായി ജർമനിയെ വീണ്ടെടുക്കുക എന്ന വലിയ ഉത്തരവാദിത്വമായിരിക്കും അദ്ദേഹത്തെ കാത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates