Alireza Beiranvand ap
Fifa World Cup 2026

വല കാക്കുന്നത് 2 ​'ഗിന്നസ് ലോക റെക്കോർഡ്' സ്ഥാപിച്ച ആൾ! ആരാണ് അലിറെസ ബെയ്റൻവാണ്ട്?

ബെൽജിയം തിരമാലകളെ തടുത്ത് അവിശ്വസനീയ സേവുകളുമായി ഇറാൻ ​ഗോൾ കീപ്പർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലോകകപ്പിൽ ​ഗോൾ കീപ്പർമാർ കളത്തിൽ തീർക്കുന്ന വിസ്മയങ്ങൾ തുടരുകയാണ്. കാബോ വെർദെയുടെ വൊസിന്യ, ക്യുറസാവിന്റെ എലോയ് റൂം ഇപ്പോഴിതാ ഇറാന്റെ അലിറെസ ബെയ്റൻവാണ്ടാണ് വല കാത്ത് അതിശയിപ്പിക്കുന്ന സേവുകൾ നടത്തി താരമായിരിക്കുന്നത്. കരുത്തരായ ബെൽജിയത്തെ ​ഗോളടിക്കാൻ സമ്മതിക്കാതെ അസാധ്യ പ്രകടനമാണ് താരം പുറത്തെടുത്തത്. ​ഗോളെന്നുറച്ച 7 ഷോട്ടുകളാണ് അലിറെസ തട്ടിയകറ്റിയത്.

ഇറാനിലെ ലൊറെസ്താൻ പ്രവിശ്യയിലെ ഒരു നാടോടി കുടുംബത്തിൽ ജനിച്ച്, പ്രതിസന്ധികളോട് പോരാടി ഫുട്ബോളിന്റെ ലോക വേദിയിലെത്തിയ 33കാരനായ അലിറെസയുടെ ജീവിതം പ്രചോദിപ്പിക്കുന്നതാണ്. ഏഷ്യയിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ അദ്ദേഹം ബെൽജിയത്തിനെതിരായ മത്സരത്തിൽ തന്റെ പ്രതിഭ ഒരിക്കൽ കൂടി തെളിയിച്ചു. രണ്ടാം പകുതിയിൽ ബെൽജിയം താരം മാക്സിം ഡി കുയ്പ്പറിന്റെ രണ്ട് ഉറപ്പായ ഗോൾ ശ്രമങ്ങളാണ് അലിറെസ അവിശ്വസനീയമാം വിധം തടുത്തിട്ടത്.

അതിൽ തന്നെ 59ാം മിനിറ്റിലെ ഡി കുയ്പ്പറിന്റെ ​ഗോൾ ശ്രമം ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചാണ് അലിറെസ നിഷ്പ്രഭമാക്കിയത്. ബോക്‌സിനുള്ളിൽ വെച്ച് ബെൽജിയം നടത്തിയ മികച്ച നീക്കത്തിനൊടുവിലായിരുന്നു ഈ സേവ്.

ബോക്‌സിനുള്ളിൽ ഇടതു വിങ്ങിൽ നിന്നു കെവിൻ ഡിബ്രുയ്നെ നൽകിയ ക്രോസ് ഇറാൻ പ്രതിരോധ താരത്തിന്റെ കാലിൽത്തട്ടി ബെൽജിയത്തിന്റെ ഡി കുയ്പ്പറിന് കിട്ടി. ഗോൾവരയ്ക്ക് തൊട്ടടുത്തുവെച്ചാണ് ഡി കുയ്പ്പറിന് ​ഗോളാക്കാൻ അവസരം കിട്ടിയത്. താരം സമയം പാഴാക്കാതെ ഷോട്ടുമെടുത്തു. പക്ഷേ അലിറെസ മതിലുപോലെ നിന്നു. ഒരു കൈ കൊണ്ടാണ് ഇറാനിയൻ ഗോളി അത് തട്ടിയകറ്റുന്നത്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്നായി ഇത് മാറി. അലിറെസയുടെ സേവ് കണ്ട് ബെൽജിയം താരങ്ങൾ പോലും തലയിൽ കൈവെച്ച് നിന്നു.

മത്സരത്തിലുടനീളം ശ്രദ്ധേയ പ്രകടനമാണ് അലിറെസ കാഴ്ചവെച്ചത്. ബെൽജിയത്തിന്റെ ഷോട്ടുകളെല്ലാം താരം തടുത്തിട്ടു. 10 പേരെ മറികടന്നിട്ടും അലിറെസയെ മറികടക്കാനാവാത്ത സ്ഥിതി.

ഇതിന് മുൻപും മികച്ച പ്രകടനങ്ങളുമായി അലിറെസ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2018 ഫിഫ ലോകകപ്പിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി അലിറെസ സേവ് ചെയ്തിട്ടുണ്ട്. പോർച്ചുഗൽ- ഇറാൻ ഗ്രൂപ്പ് മത്സരത്തിലായിരുന്നു ഈ പ്രകടനം. മത്സരത്തിന്റെ 53ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ എടുത്തെങ്കിലും അലിറെസ തടുത്തിടുകയായിരുന്നു. പോരാട്ടം 1-1 ന് സമനിലയിൽ അവസാനിപ്പിക്കാനും അന്ന് ഇറാന് സാധിച്ചു.

ഗിന്നസ് ലോക റെക്കോർഡുകൾ

മൈതാനത്തെ മിന്നും പ്രകടനങ്ങൾക്ക് പുറമെ ഫുട്ബോൾ ചരിത്രത്തിൽ അപൂർവമായ രണ്ട് ഗിന്നസ് ലോക റെക്കോർഡുകളും ഈ ഇറാനിയൻ ഗോൾകീപ്പറുടെ പേരിലുണ്ട്. ഫുട്ബോളിലെ ഏറ്റവും നീളമേറിയ ത്രോ, ഏറ്റവും നീളമേറിയ ഡ്രോപ്പ് കിക്ക് എന്നിവയുടെ ​ഗിന്നസ് റെക്കോർഡാണ് അലിറെസയുടെ പേരിലുള്ളത്.

ഏറ്റവും നീളമേറിയ ത്രോ: 2016 ഒക്ടോബറിൽ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലാണ് ഈ അപൂർവ ​ഗിന്നസ് റെക്കോർഡ് പിറന്നത്. അദ്ദേഹം കൈകൊണ്ട് എറിഞ്ഞ പന്ത് 200.14 അടി നീളത്തിലാണ് (61.2 മീറ്റർ) ഉയർന്നു പൊങ്ങി സഞ്ചരിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ ഇന്നുവരെ മറ്റൊരു ഗോൾ കീപ്പർക്കും സമാനതകളില്ലാത്ത ഈ റെക്കോർഡ് തകർക്കാൻ കഴിഞ്ഞിട്ടില്ല.

ഏറ്റവും നീളമേറിയ ഡ്രോപ്പ് കിക്ക്: പന്ത് നിലത്തിട്ട് അടിച്ചുയർത്തുന്ന ഡ്രോപ്പ് കിക്കിൽ 255.95 അടി ദൂരം കണ്ടെത്തിയാണ് അദ്ദേ​ഹം ​ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. താരത്തിന്റെ കിക്കിൽ പന്ത് 78.014 മീറ്റർ (255 അടി 11 ഇഞ്ച്) സഞ്ചരിച്ചു. 2019 ഏപ്രിൽ 17 ന് നാഫ്റ്റ് ടെഹ്‌റാനും ട്രാക്ടർ സാസിയും തമ്മിലുള്ള ഇറാനിയൻ പ്രോ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്റെ ഈ അനുപമ നേട്ടം.

Alireza Beiranvand added his name to the growing list of goalkeeper heroes at FIFA World Cup 2026 with a seven-save masterclass against Belgium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

പ്രവാസികൾക്ക് വലിയ പെരുന്നാൾ സമ്മാനം! കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് ആഴ്ചയിൽ 69 സർവീസുകൾ

ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക ഹബ്ബില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

സൗദി അറേബ്യയില്‍ ബസ് അപകടം; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് മരണം

സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ്; 10 ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവെന്ന് കണക്കുകള്‍