argentina beats cabo verde source: fifa world cup
Sports

കാബോ വെര്‍ദെ വിറപ്പിച്ചു, അസാമാന്യ പോരാട്ടവീര്യം; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാബോ വെര്‍ദെയെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മിയാമി: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാബോ വെര്‍ദെയെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. എക്‌സ്ട്രാ ടൈമിലാണ് കളിയുടെ വിധി നിര്‍ണയിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. അര്‍ജന്റീനയെ അക്ഷരാര്‍ഥത്തില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കാബോ വെര്‍ദെ പുറത്തെടുത്തത്. അതുകൊണ്ട് തന്നെ അഭിമാനത്തോടെ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം.

കളിയുടെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59- ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. പിന്നാലെയാണ് 92 -ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103- ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ 111 ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ വീണ്ടും അര്‍ജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കാബോ വെര്‍ദെ നേരിട്ടത്. നിശ്ചിത സമയത്ത് അര്‍ജന്റീന നടത്തിയ 14 ഗോള്‍ ശ്രമങ്ങള്‍ കാബോ വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധക്കരുത്തില്‍ നിഷ്ഫലമായി.

29-ാം മിനിറ്റില്‍ കാബോ വെര്‍ദെ പ്രതിരോധനിരയുടെ മുകളിലൂടെ സാന്‍ഡ്രോ മാര്‍ട്ടിനെസ് നല്‍കിയ ചിപ്പ് പാസ് മുന്നോട്ട് കുതിക്കുന്നതിനിടെ കൃത്യതയോടെ വരുതിയിലാക്കിയ മെസി പന്ത് വലയുടെ മുകള്‍ത്തട്ടിലേക്ക് വകഞ്ഞിട്ടപ്പോള്‍ കാബോ വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ തീര്‍ത്തും നിസഹായനായിരുന്നു. ഈ ലോകകപ്പില്‍ മെസിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ കിലിയന്‍ എംബപെയെ മറികടന്ന് മെസി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തില്‍ ഇതോടെ മെസ്സിക്ക് 20 ഗോളുകളായി.

fifa world cup football 2026; argentina beats cabo verde

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം