പാരിസ്: ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന ജിയാനി ഇൻഫാന്റിനോയ്ക്ക് വൻ തിരിച്ചടി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇൻഫാന്‍റിനോയെ പിന്തുണയ്ക്കില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ഫ്രാൻസും പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കിയതോടെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയിൽ ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ കൂടുതൽ ദുർബലമായി.
ഇൻഫാന്‍റിനോയുടെ സമീപകാലത്തെ പല തീരുമാനങ്ങളും ഫുട്ബോളിന്റെ പ്രതിച്ഛായയ്ക്കും ഐക്യത്തിനും കനത്ത ആഘാതമുണ്ടാക്കിയെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് ഫിലിപ്പ് ഡിയാല്ലോ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്. ജൂൺ അവസാനത്തോടെ ഇൻഫാന്റിനോയ്ക്ക് ഫ്രാൻസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് നടന്ന സംഭവവികാസങ്ങൾ വിശ്വാസ്യത തകർത്തുവെന്ന് ഡിയാല്ലോ വ്യക്തമാക്കി.
ലോകകപ്പിൽ അമേരിക്കൻ താരം ഫോളാരിൻ ബലോഗന് ഏർപ്പെടുത്തിയ വിലക്ക് അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഫിഫ പിൻവലിച്ചത് വിവാദമായിരുന്നു. ലോകകപ്പിലെ നിക്ഷേപ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ജൂലൈയിൽ ഇൻഫാന്റിനോ മുന്നോട്ടുവെച്ച സ്വകാര്യവത്കരണ പദ്ധതി വൻ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കേണ്ടി വന്നു. ഇത്തരത്തിലുള്ള ഏകപക്ഷീയവും സുതാര്യതയില്ലാത്തതുമായ തീരുമാനങ്ങൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുവെന്നാണ് ഫ്രാൻസിന്റെ നിലപാട്.
ഫിഫയുടെ സ്ഥാപക അംഗങ്ങളിൽ ഒന്നായ ഫ്രാൻസിന്, ആഗോള ഫുട്ബോൾ തെറ്റായ ദിശയിലേക്ക് പോകുമ്പോൾ ഇടപെടാനുള്ള ചരിത്രപരമായ അവകാശമുണ്ടെന്നു ഡിയാല്ലോ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയ്‌ക്കെതിരെ ശക്തനായ മറ്റൊരു സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാൻ യുവേഫയുമായി ചേർന്ന് ഫ്രാൻസ് പ്രവർത്തിക്കുമെന്നും ഡിയാല്ലോ വ്യക്തമാക്കി.
ഇംഗ്ലണ്ട്, വെയിൽസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ ഇൻഫാന്റിനോക്കെതിരെ രംഗത്തു വന്നിരുന്നു. അടുത്ത വർഷം മാർച്ചിൽ മൊറോക്കോയിൽ വെച്ചാണ് ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്പിലെ പ്രധാന ഫെഡറേഷനുകളിലൊന്നായ ഫ്രാൻസ് എതിർപ്പുമായി രംഗത്തെത്തിയത് മറ്റു യൂറോപ്യൻ രാജ്യങ്ങളെയും സമാന നിലപാടിലേക്ക് നയിച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates