കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിടെ ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി കൊമ്പുകോർത്ത ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന് ഐസിസിയുടെ കടുത്ത ശിക്ഷ കിട്ടിയേക്കുമെന്നു റിപ്പോർട്ടുകൾ. 5 മത്സരങ്ങളിലെ വിലക്ക് മുതൽ ആജീവനാന്ത വിലക്ക് വരെ കിട്ടിയേക്കാവുന്ന കുറ്റം ജയസ്വാൾ ചെയ്തതായി ഐസിസി ചട്ടങ്ങൾ പറയുന്നു.
മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 17ാം ഓവറിലെ അവസാന പന്തിൽ അസിത ഫെർണാണ്ടോ യശസ്വി ജയ്സ്വാളിനെ ക്ലീൻ ബൗൾഡാക്കിയിരുന്നു. ഒന്നാം ടെസ്റ്റിലേതിനു സമാനമായി മികവിലേക്ക് ഉയരുന്നതിനിടെയാണ് താരം മടങ്ങിയത്. 53 പന്തിൽ 45 റൺസെടുത്തു നിൽക്കെയാണ് അസിതയുടെ മനോഹരമായ ഇൻസ്വിങറിൽ ജയ്സ്വാൾ ക്ലീൻ ബൗൾഡാകുന്നത്. അസിതയുടെ ഈ ഓവറിൽ തുടരെ നാല് പന്തുകൾ ജയ്സ്വാൾ ഫോറുകൾ തൂക്കി കത്തും ഫോമിൽ നിൽക്കുകയായിരുന്നു. പിന്നാലെയാണ് അവസാന പന്തിലെ കുറ്റി തെറിക്കൽ.
വിക്കറ്റ് നഷ്ടത്തിനു പിന്നാലെയാണ് ഇരു താരങ്ങളും വാക്കേറ്റവുമായി നേർക്കുനേർ വന്നത്. നിരാശനായി മടങ്ങുന്നതിനിടെ ശ്രീലങ്കൻ താരങ്ങൾ കളിയാക്കിയതാണ് ജയ്സ്വാളിനെ ചൊടിപ്പിച്ചത്. ഇതോടെ ജയ്സ്വാൾ അസിതയ്ക്കു നേരെ ചെന്നു. അതിനിടെ ദേവ്ദത്ത് പടിക്കൽ യശസ്വിയോട് പവലിയനിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതൊന്നും ഇന്ത്യൻ ഓപ്പണർ വക വച്ചില്ല. ഇരു താരങ്ങളും നേർക്കുനേർ വരികയും തലകൾ തമ്മിൽ മുട്ടിച്ച് ഉന്തും തള്ളുമായി മാറുകയായിരുന്നു. ലങ്കൻ നായകൻ ധനഞ്ജയ ഡിസിൽവ രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. താരം ഇരുവരേയും പിടിച്ചു മാറ്റി.
ഐസിസി നിയമം അനുസരിച്ച് ജയ്സ്വാളിന്റേത് ലെവൽ 4 കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.18 അനുസരിച്ച് ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഒരു കളിക്കാരൻ മറ്റൊരു താരം, സപ്പോർട്ടിങ് സ്റ്റാഫ്, അംപയർ, മാച്ച് റഫറി അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വ്യക്തിക്കു നേരെ ശാരീരികമായി ആക്രമണം നടത്തുന്നത്, കളത്തിൽ വച്ച് ആക്രമണ സ്വഭാവമുള്ള ഏതെങ്കിലും പ്രവൃത്തികൾ എന്നിവയെല്ലാം കടുത്ത ശിക്ഷ കിട്ടുന്ന പെരുമാറ്റമാണ്.
ലെവൽ 4 കുറ്റങ്ങൾക്കുള്ള ശിക്ഷയായി കുറഞ്ഞത് 5 ടെസ്റ്റ്, 10 ഏകദിന മത്സരങ്ങളിലെ വിലക്ക് മുതൽ ആജീവനാന്ത വിലക്ക് വരെ കിട്ടുമെന്നു ഐസിസി നിയമങ്ങൾ പറയുന്നു. എന്നാൽ ജയ്സ്വാൾ തന്റെ ഹെൽമറ്റ് കൊണ്ട് അസിതയുടെ തലയിൽ മുട്ടിച്ചത് അനുചിത ശാരീരിക സമ്പർക്കമായി പരിഗണിക്കപ്പെട്ടാൽ ആർട്ടിക്കിൾ 2.12 പ്രകാരം ലെവൽ 1 കുറ്റം മാത്രമാകും. ശാസന, മാച്ച് ഫീയുടെ 50 ശതമാനം പിഴ, 1 അല്ലെങ്കിൽ 2 ഡിമെറിറ്റ് പോയിന്റ് എന്നിവയായിരിക്കും ഇന്ത്യൻ ഓപ്പണർക്കുള്ള ശിക്ഷ.
അന്ന് രഹാനെ രക്ഷിച്ചു
സമീപ കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ ജയ്സ്വാളിനെ കടുത്ത ശിക്ഷയിൽ നിന്നു താൻ രക്ഷിച്ച കാര്യം തുറന്നു പറഞ്ഞിരുന്നു. 2022ലെ ദുലീപ് ട്രോഫി പോരാട്ടത്തിനിടെ അമ്പയറുടെ മുന്നറിയിപ്പുകൾ അവഗണിച്ച് സൗത്ത് സോൺ താരം രവി തേജയുമായി വെസ്റ്റ് സോൺ താരമായ ജയ്സ്വാൾ നിരന്തരം വാക്കേറ്റം നടത്തിയത് വലിയ ചർച്ചയായിരുന്നു. അന്ന് വെസ്റ്റ് സോൺ നായകനായ രഹാനെ സഹ താരമായ ജയ്സ്വാളിനെ സഹികെട്ട് കളത്തിൽ നിന്നു പുറത്താക്കിയിരുന്നു.
അന്ന് ജയ്സ്വാൾ ഫീൽഡ് ചെയ്യുന്നതിനിടെ രവി തേജക്കെതിരെ തുടർച്ചയായി സ്ലഡ്ജിങ് നടത്തിയതാണ് രഹാനെയുടെ ഇടപെടലിനു കാരണമായത്. ഇരുവരും വാക്കേറ്റം തുടർന്നതോടെ രഹാനെ അംപയറോടു സംസാരിച്ചു. മത്സരത്തിന്റെ 50 ഓവറിലാണ് ഇരു താരങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നത്.
സാഹചര്യം തണുപ്പിക്കാൻ രഹാനെ ഉടൻ തന്നെ ഇടപെടുകയും ജയസ്വാളിനോടു സംസാരിക്കുകയും ചെയ്തു. എന്നാൽ ജയ്സ്വാൾ വീണ്ടും രവി തേജയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ജയ്സ്വാളിനോട് ഗ്രൗണ്ടിൽ നിന്നു പുറത്തു പോകാൻ രഹാനെ ആവശ്യപ്പെട്ടത്.
അന്നത്തെ മാച്ച് റഫറി പറഞ്ഞ കാര്യവും രഹാനെ വെളിപ്പെടുത്തി- 'ഞാൻ അങ്ങനെയൊരു തീരുമാനം എടുക്കുമെന്നു മാച്ച് റഫറി കരുതിരുന്നില്ലെന്നു അദ്ദേഹം എന്നോടു പറഞ്ഞു. നാല് മത്സരങ്ങളിൽ നിന്നു ജയ്സ്വാളിനെ വിലക്കാനുള്ള ലെറ്റർ താൻ അപ്പോൾ തയ്യാറാക്കി വച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കത്ത് എന്നെ കാണിച്ചു. എന്നാൽ നിങ്ങൾ ജയ്സ്വാളിനോടു മത്സരത്തിനിടെ പുറത്തു പോകാൻ ആവശ്യപ്പെട്ടതോടെ ഞാൻ കത്ത് കീറിക്കളഞ്ഞു. എന്തായാലും അദ്ദേഹത്തിനു വിലക്ക് കിട്ടാഞ്ഞതിൽ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. ഇന്ന് അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നു. ഒരു പക്ഷേ അന്ന് വിലക്ക് കിട്ടിയിരുന്നെങ്കിൽ യശസ്വി ജയ്സ്വാൾ ഇന്ന് കളിക്കുമായിരുന്നോ എന്നു എനിക്ക് പറയാൻ സാധിക്കില്ല. അദ്ദേഹം മികച്ച താരമാണ്. എന്നാൽ അന്ന് കാര്യങ്ങൾ എങ്ങനെ വേണമെങ്കിലും മാറാമായിരുന്നു'- രഹാനെ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates