Gautam Gambhir, shubman gill 
Sports

'എല്ലാത്തിനും ഉത്തരം വേണം'; ലങ്കൻ ടെസ്റ്റിന് മുൻപ് താരങ്ങളോട് ​ഗംഭീർ

ഇന്ത്യയുടെ പരിശീലന പോരിന് വെള്ളിയാഴ്ച തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ടീമിനു വ്യക്തമായ സന്ദേശം നൽകുകയാണ് ഇപ്പോൾ ​മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീർ. വെള്ളിയാഴ്ച ഇന്ത്യ കൊളംബോയിൽ പരിശീലന മത്സരത്തിനിറങ്ങാനൊരുങ്ങുന്നതിനിടെയാണ് ​ഗംഭീർ താരങ്ങൾക്ക് സന്ദേശം നൽകിയത്. ശ്രീലങ്ക ക്രിക്കറ്റ് ഇലവനുമായി ത്രിദിന പോരാട്ടമാണ് ഇന്ത്യ കളിക്കുന്നത്. പിന്നാലെ ഒന്നാം ടെസ്റ്റിനും ഇറങ്ങും.

സമീപ കാലത്ത് ടെസ്റ്റിൽ വലിയ തിരിച്ചടികൾ നേരിട്ട പശ്ചാത്തലത്തിൽ ഈ പരമ്പര ഇന്ത്യക്ക് നിർണായകമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മുന്നോട്ടുള്ള യാത്ര സുഖമമാക്കാൻ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യക്ക് ആശ്വാസം നൽകില്ല. അതിനിടെയാണ് ത്രിദിന പരിശീലന മത്സരത്തിന് മുന്നോടിയായി ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ ​ഗംഭീർ താരങ്ങളെ മത്സരത്തിന്റെ പ്ര​ധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയത്.

പരിശീലനത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും എപ്പോഴും തയ്യാറായിരിക്കണമെന്നും ഗംഭീർ വ്യക്തമാക്കി. 'നമ്മുടെ മുന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ട്. നമ്മൾ എന്തിനുവേണ്ടി കളിക്കുന്നു എന്നതും നമുക്കറിയാം. നമ്മുടെ പരിധികൾ മറികടക്കാനും കാര്യങ്ങൾ നേടിയെടുക്കാനും നമുക്ക് കഴിയും. ഓഗസ്റ്റ് 15ാം തീയതി രാവിലെ നമ്മൾ ആദ്യം ബാറ്റ് ചെയ്താലും ബൗൾ ചെയ്താലും നമുക്ക് നേരെ വരുന്ന എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ നമ്മുടെ പക്കലുണ്ടാകണം. അതിനായി തയ്യാറെടുക്കണം'- ഗംഭീർ പറഞ്ഞു.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുന്നത്. ഈ മാസം 15 മുതൽ 19 വരെ ഒന്നാം ടെസ്റ്റും 23 മുതൽ 27 വരെ രണ്ടാം ടെസ്റ്റും അരങ്ങേറും. ​ഗാലെയിലും കൊളംബോയിലുമാണ് രണ്ട് പോരാട്ടങ്ങൾ.

പുതിയതായി ടീമിലെത്തിയ സാരാംശ് ജെയ്ൻ, ആക്വിബ് നബി എന്നിവരേയും പുതിയ ഫീൽഡിങ് കോച്ച് ശുഭ്ദീപ് ഘോഷിനേയും ഗംഭീർ ടീമിലേക്ക് സ്വാഗതം ചെയ്തു. പരിക്ക് പൂർണമായി ഭേദമാകത്തതിനെ തുടർന്നു സുപ്രീം പേസർ ജസ്പ്രിത് ബുംറ ഇല്ലാതെയാണ് ഇന്ത്യ പരമ്പരയ്ക്കൊരുങ്ങുന്നത്. താരത്തിനു പകരമാണ് അക്വിബ് നബി ടീമിലെത്തിയത്. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജാണ് ബൗളിങ് നിരയെ നയിക്കുന്നത്.

അവസാന ടെസ്റ്റ് പരമ്പരകളിൽ സ്പിന്നിനെ നേരിടാൻ ബുദ്ധിമുട്ടിയ ഇന്ത്യൻ ബാറ്റർമാർക്ക് ശ്രീലങ്കൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പരിശീലന മത്സരം നിർണായകമാണ്. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മാനവ് സുതർ, സാരാംശ് ജെയ്ൻ എന്നീ യുവതാരങ്ങൾക്ക് പരിശീലന മത്സരം വലിയ പരീക്ഷണമാകും.

നായകൻ ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ എന്നിവർ സ്പിൻ ബൗളിങ്ങിനെതിരെ പ്രത്യേകം പരിശീലനം നടത്തുന്നുണ്ട്. ഇന്ത്യൻ ടീമിൽ കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, കെഎൽ രാഹുൽ എന്നിവർക്ക് മാത്രമാണ് ശ്രീലങ്കയിൽ ടെസ്റ്റ് കളിച്ച് പരിചയമുള്ളത്. വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനാണ് ടീം ഇന്ത്യയുടെ തീരുമാനം.

India head coach Gautam Gambhir has delivered a rousing message to his young Test squad ahead of the two-match series against Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'ജെന്‍ സീയെ കണ്ണടച്ച് വിശ്വസിക്കുന്നു, പ്രതിഷേധിച്ചെന്ന് കരുതി അവര്‍ രാജ്യദ്രോഹികളല്ല'

ശബരിമല നെയ്യ് ക്രമക്കേടില്‍ കേസെടുത്ത് വിജിലന്‍സ്; പി എസ് പ്രശാന്തും അജികുമാറും പ്രതി പട്ടികയില്‍

'ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ട്'; പ്രകോപന പ്രസംഗവുമായി കെകെ രാഗേഷ്

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം