ന്യൂഡൽഹി: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിന് ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്തിന്റെ സീസണിലെ ആദ്യ ജയം കൂടിയാണിത്. മത്സരത്തിൽ ഡൽഹി താരം ഡേവിഡ് മില്ലറിന്റെ പിഴവാണ് ടീമിന് വിജയം നഷ്ടമാക്കിയതെന്നാണ് പ്രധാന ആരോപണം. അവസാന രണ്ട് പന്തിൽ രണ്ട് റൺസ് ആയിരുന്നു ഡൽഹിക്ക് ജയിക്കാൻ ആവശ്യമായിരുന്നത്.
ഗുജറാത്ത് താരം പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലേ അഞ്ചാം പന്തിൽ മില്ലർ സിംഗിൾ എടുക്കാൻ തയ്യാറായില്ല. ഇതോടെ അവസാന പന്തിൽ ജയിക്കാൻ 2 റൺസ് വേണമെന്ന് അവസ്ഥയിലെത്തി കാര്യങ്ങൾ. എന്നാൽ അവസാന പന്തിൽ റൺസ് കണ്ടെത്താനുള്ള മില്ലറുടെ ശ്രമം പരാജയമായി മാറിയിരുന്നു. ഇതോടെ മത്സരത്തിൽ ഒരു റണ്ണിന് ഗുജറാത്ത് ജയിച്ചു.
ഐപിഎൽ ചരിത്രത്തിലെ സമാനമായ മറ്റൊരു മത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറയുന്നത്. ഇന്ന് മില്ലറാണെങ്കിൽ അന്ന് ചെന്നൈയ്ക്കായി കളിച്ചിരുന്ന ജഡേജയായിരുന്നു താരം.
2013ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ അവസാന 2 പന്തിൽ രണ്ട് റൺസ് നേടിയാൽ ചെന്നൈയ്ക്ക് ജയിക്കാം. ക്രീസിൽ ജഡേജയും ക്രിസ് മോറിസും. ബംഗളുരുവിനായി ബൗൾ ചെയ്യുന്നത് ആർ പി സിങ്ങും.
അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ നേടാൻ അവസരം ഉണ്ടായിട്ടും ജഡേജ വേണ്ടെന്ന് വെയ്ക്കുന്നു. അവസാന പന്തിൽ ജയിക്കാൻ ഒരു പന്തിൽ രണ്ട് റൺസ്. ആർ പി സിങ് എറിഞ്ഞ പന്ത് തേർഡ് മാനിലേക്ക് പൊക്കിയടിച്ചു. എന്നാൽ പന്ത് ബംഗളുരു ഫീൽഡർ പിടിച്ചു. മത്സരം ജയിച്ചെന്ന് കരുതി ബംഗളുരു താരങ്ങൾ ആഘോഷം തുടങ്ങി.
അപ്പോഴാണ് ആർ പി സിങ് എറിഞ്ഞത് നോ ബോൾ ആണെന്ന് അംപയർ വിധിച്ചത്. ഇതേ പന്തിൽ ജഡേജ സിംഗിൾ എടുത്തതോടെ 2 റൺസ് ആയി. ഫലത്തിൽ ഒരു ബൗൾ ബാക്കി നിൽക്കേ ചെന്നൈ വിജയിച്ചു. ചില മത്സരങ്ങൾ അങ്ങനെ ആണെന്നും വിജയിക്കാൻ ഭാഗ്യം കൂടി വേണമെന്ന് ആണ് സോഷ്യൽ മീഡിയയിലെ പ്രധാന കമന്റുകളിൽ ഒന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates