മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞ അജിത് അഗാര്‍ക്കറിന് ഹൃദയസ്പര്‍ശിയായ സന്ദേശം അയച്ച് ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ ടീം കൈവരിച്ച വിജയങ്ങള്‍ക്ക് കാരണം ടീമിന് മുന്‍ഗണന നല്‍കുന്ന മനോഭാവവും ഉറച്ച ബോധ്യവുമാണ് എന്ന് എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍ ഗംഭീര്‍ പറഞ്ഞു.
'പ്രിയ അജിത് ഭായ്, താങ്കളോടൊപ്പം പ്രവര്‍ത്തിക്കാനായത് വലിയൊരു ബഹുമതിയാണ്. ആ മൂന്ന് ഐസിസി ട്രോഫികളും താങ്കളുടെ ഉറച്ച നിലപാടിന്റെ സാക്ഷ്യപത്രമാണ്. എപ്പോഴും ടീമിനാണ് പ്രഥമ പരിഗണന. ചരിത്രം താങ്കളോട് നീതി പുലര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാത്തിനും നന്ദി. താങ്കളുടെ ഭാവി സംരംഭങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍' ഗംഭീര്‍ 'എക്‌സി'ല്‍ കുറിച്ചു.
ഗംഭീറിന്റെ വാക്കുകള്‍ അഗാര്‍ക്കറുടെ വിമര്‍ശകര്‍ക്കുള്ള പരോക്ഷ മറുപടിയാണെന്നും വിലയിരുത്തപ്പെടുന്നു. ചീഫ് സെലക്ടര്‍ സ്ഥാനത്ത് ഒക്ടോബര്‍ 4-നാണ് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചത്. ധീരവും ചിലപ്പോഴൊക്കെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതുമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കാത്ത പ്രധാന സെലക്ടര്‍മാരില്‍ ഒരാളായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ കൂടിയായ അജിത് അഗാര്‍ക്കര്‍.
സമീപകാല ക്രിക്കറ്റിലെ ഇന്ത്യയുടെ സുപ്രധാന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് അജിത് അഗാര്‍ക്കറിന്റെ കാലത്താണ്. ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റത്തിന് വഴിയൊരുക്കുകയായിരുന്നു അഗാര്‍ക്കര്‍. 2026-ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച് ആഴ്ചകള്‍ക്ക് ശേഷം സൂര്യകുമാര്‍ യാദവിനെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയതും അഗാര്‍ക്കറിന്റെ കാലയളവിലാണ് സംഭവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates