Frederic Soyez x
Sports

ശ്രീജേഷിനെ പുറത്താക്കി ഫ്രഞ്ചുകാരനെ പ്രതിഷ്ഠിച്ചു; ഫ്രെഡറിക്ക് സോയസ് ജൂനിയര്‍ ഹോക്കി ടീം പരിശീലകന്‍

വിദേശ കോച്ചിനു വേണ്ടി തന്നെ പുറത്താക്കിയെന്നു ഇതിഹാസ മലയാളി ഗോള്‍ കീപ്പര്‍ കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പുതിയ പരിശീലകനായി ഫ്രഞ്ചുകാരന്‍ ഫ്രെഡറിക്ക് സോയസിനെ ഹോക്കി ഇന്ത്യ നിയമിച്ചു. ഇതിഹാസ ഗോള്‍ കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷിനെ ഒഴിവാക്കിയാണ് ഹോക്കി ഇന്ത്യ പുതിയ പരിശീലകനെ നിയമിച്ചത്. തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഹോക്കി ഇന്ത്യക്കെതിരെ തുറന്നടിച്ച് ശ്രീജേഷ് രംഗത്തെത്തിയിരുന്നു. ഒന്നര വര്‍ഷം കൊണ്ട് തന്റെ കോച്ചിങ് കരിയര്‍ അവസാനിച്ചതായും മികച്ച ഫലങ്ങള്‍ സൃഷ്ടിച്ചിട്ടും വിദേശ പരിശീലകനു വേണ്ടി തന്നെ ഒഴിവാക്കിയെന്നുമായിരുന്നു ശ്രീജേഷിന്റെ ആരോപണം.

വിവാദം ചൂടുപിടിച്ചു നില്‍ക്കെയാണ് 48കാരനായ ഫ്രഡറിക്ക് സോയസിന്റെ സ്ഥാനാരോഹണം. പരിശീലകനെന്ന നിലയില്‍ മികവ് തെളിയിച്ച ആളാണ് സോയസ്. നേരത്തെ സ്‌പെയിന്‍, ഫ്രാന്‍സ് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്‌പെയിനിനെ 2016ലെ റിയോ ഒളിംപിക്‌സിലും 2020ലെ ടോക്യോ ഒളിംപിക്‌സിലും പരിശീലിപ്പിച്ചത് സോയസാണ്. 2024ലെ പാരിസ് ഒളിംപിക്‌സില്‍ സോയസ് ഫ്രാന്‍സ് ടീമിന്റെ കോച്ചായിരുന്നു.

സ്‌പെയിനിനെ 2019ല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടത്തിലേക്കു നയിച്ചിട്ടുണ്ട്. 2016, 20 ഒളിംപിക്‌സുകളില്‍ അദ്ദേഹത്തിന്റെ കീഴില്‍ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ വരെ എത്തിയിരുന്നു.

ജൂനിയര്‍ താരങ്ങളെ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനു സവിശേഷ മികവുള്ള കോച്ചായും സോയസ് പരിഗണിക്കപ്പെടുന്നു. 2013ല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ എഫ്‌ഐഎച് ജൂനിയര്‍ പുരുഷ ലോകകപ്പില്‍ ഫ്രാന്‍സിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ നിര്‍ണായകമായിരുന്നു. 2025ല്‍ ഫ്രാന്‍സിന്റെ അണ്ടര്‍ 18 ടീം യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പായതും സോയസിന്റെ പരിശീലന മികവിലാണ്. 2021 മുതല്‍ 24 വരെ അദ്ദേഹം ഫ്രഞ്ച് ഹോക്കി ഫെഡറേഷന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തുറന്നടിച്ച് ശ്രീജേഷ്

വിദേശ പരിശീലകന് വഴിയൊരുക്കുന്നതിനു വേണ്ടി പരിശീലക സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുകയാണെന്ന് ശ്രീജേഷ് എക്സില്‍ കുറിച്ചു. 2024 ഒളിംപിക്സിനു പിന്നാലെയാണ് ശ്രീജേഷിനെ ജൂനിയര്‍ പുരുഷ ടീമിന്റെ പരിശീലകനായി നിയമിച്ചത്. ശ്രീജേഷിനു കീഴില്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

തന്റെ നേതൃത്വത്തില്‍ ടീം പങ്കെടുത്ത അഞ്ച് ടൂര്‍ണമെന്റുകളിലും മെഡലുകള്‍ നേടിയിട്ടും ഒരു വിദേശ പരിശീലകന് വഴിമാറിക്കൊടുക്കാന്‍ ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടത് അദ്ഭുതപ്പെടുത്തിയെന്ന് ശ്രീജേഷ് പറഞ്ഞു. ഇന്ത്യന്‍ പരിശീലകര്‍ക്ക് രാജ്യത്തെ കായികരംഗത്തെ വളര്‍ത്താന്‍ കഴിയില്ലേ എന്നും താരം കുറിപ്പില്‍ ചോദിച്ചു.

'ഒന്നര വര്‍ഷത്തിനു ശേഷം എന്റെ കോച്ചിങ് കരിയര്‍ അവസാനിക്കുകയാണെന്നു തോന്നുന്നു. ഇക്കാലയളവില്‍ ഞങ്ങള്‍ അഞ്ച് ടൂര്‍ണമെന്റുകള്‍ കളിച്ച് അഞ്ചിലും പോഡിയം ഫിനിഷ് നടത്തി, ജൂനിയര്‍ ലോകകപ്പിലെ വെങ്കല വിജയം ഉള്‍പ്പടെയാണിത്. മോശം പ്രകടനങ്ങളെ തുടര്‍ന്ന് പരിശീലകരെ പുറത്താക്കുന്നതിനെക്കുറിച്ചു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു വിദേശ പരിശീലകന് വഴിയൊരുക്കാന്‍ പുറത്താക്കപ്പെടുന്നത് ഞാന്‍ നേരിട്ട് അനുഭവിക്കുന്നത്. സീനിയര്‍ ടീമിന്റെ പരിശീലകന്റെ താത്പര്യ പ്രകാരമാണ് ജൂനിയര്‍ ടീമിനും വിദേശ പരിശീലകന്‍ വരുന്നതെന്നാണ് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് കുമാര്‍ ടിര്‍ക്കി പറഞ്ഞത്. ജൂനിയര്‍ താരങ്ങളെ സീനിയര്‍ തലത്തിലേക്കു കൊണ്ടുവരാന്‍ ഇതു സഹായിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ പരിശീലകര്‍ക്ക് ഇന്ത്യന്‍ ഹോക്കിയെ വളര്‍ത്താന്‍ സാധിക്കില്ലേ?' ശ്രിജേഷ് പോസ്റ്റില്‍ പറഞ്ഞു.

2036 ഒളിംപിക്‌സിനായി ശ്രീജേഷിനെപ്പോലുള്ളവര്‍ മുന്നോട്ടുവരണമെന്ന് കായിക മന്ത്രി നിര്‍ദേശിച്ചതിന് വിരുദ്ധമായാണ് ഫെഡറേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശികളോടുള്ള ഈ അമിത താത്പര്യം ദേശീയ പരിശീലകരുടെ ആത്മവീര്യം തകര്‍ക്കുമെന്നും അദ്ദേഹം കുറിച്ചു.

Hockey India appointed Frederic Soyez as coach of the junior men's team a day after PR Sreejesh's exit from the role

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

അങ്ങനെ എപ്പോഴെങ്കിലും കഴിച്ചാൽ പോരാ, വാൽനട്ട്!

'ഷാഫി നീ ഗ്രൂപ്പ് കളിക്ക്, 2029ല്‍ കാണാം'; സതീശന് അഭിവാദ്യവുമായി കുറിപ്പ്; കമന്റില്‍ തെറിയഭിഷേകം

അമീബിക് മസ്തിഷ്ക ജ്വരത്തെ എങ്ങനെ പ്രതിരോധിക്കാം?

'എന്തൊരു നാണക്കേട്! നിന്നെ ആരും മൈന്റ് ആക്കിയില്ല'; ട്രോളിയവന്റെ കിളി പറത്തി ആലിയയുടെ മറുപടി

SCROLL FOR NEXT