മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആകാതെ ഇന്ത്യയിൽ കുടുങ്ങിപ്പോയ ടീമുകൾക്ക് ആശ്വാസം. താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഐ സി സി പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഒരുക്കി. സംഘർഷം കാരണം അന്താരാഷ്ട്ര വിമാനകമ്പനികൾ അവരുടെ സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിമാനം ഐസിസി ഒരുക്കിയത്.
ഇന്ത്യയ്‌ക്കെതിരായ സെമിഫൈനലിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് ടീം ആകും ആദ്യം യാത്ര തിരിക്കുക. ശനിയാഴ്ച രാത്രി മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള നേരിട്ടുള്ള ചാർട്ടർ വിമാനത്തിൽ ടീം മടങ്ങുമെന്നാണ് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും കൊൽക്കത്തയിൽ നിന്നുള്ള ചാർട്ടർ വിമാനത്തിലായിരിക്കും മടങ്ങുക. ഈ വിമാനം ആദ്യം ജോഹന്നസ്‌ബർഗിലേക്കാണ് പോകുക. തുടർന്ന് വെസ്റ്റ് ഇൻഡീസ് ടീമംഗങ്ങൾ അവിടെ നിന്ന് ആന്റിഗ്വയിലേക്കുള്ള മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കും.
ഗൾഫ് മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് പല രാജ്യങ്ങളും അവരുടെ വ്യോമപാതകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലോകകപ്പ് കളിക്കാനായി ഇന്ത്യയിൽ എത്തിയ പല ടീമുകളും ദുബൈ വഴിയാണ് മടക്കയാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ താരങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ഈ റൂട്ട് ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ടീമുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇത് പരിഹരിക്കാൻ വേണ്ടിയാണ് ഐസിസി പ്രത്യേക വിമാനം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates