ദുബൈ: ടി20 ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് താണ്ടി വെസ്റ്റ് ഇന്‍ഡീസ് മിസ്ട്രി സ്പിന്നര്‍ സുനില്‍ നരെയ്ന്‍. ടി20 ഫോര്‍മാറ്റില്‍ 600, അതിനു മുകളില്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന അനുപമ നേട്ടം നരെയ്ന്‍ സ്വന്തമാക്കി. യുഎഇയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 (ഐഎല്‍ടി20) പോരാട്ടത്തില്‍ ഒരു വിക്കറ്റെടുത്തതോടെയാണ് നേട്ടത്തിലെത്തിയത്.
അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് നരെയ്‌ന് മുന്‍പ് നേട്ടം സ്വന്തമാക്കിയവര്‍. എലീറ്റ് പട്ടികയിലേക്ക് മൂന്നാമനായാണ് നരെയ്ന്‍ കയറിയത്. പട്ടികയിലെ രണ്ടാമത്തെ സ്പിന്നറായും നരെയ്ന്‍ മാറി.
സുനില്‍ നരെയ്ന്‍ 568 മത്സരങ്ങളില്‍ നിന്നാണ് 600 വിക്കറ്റുകളിലെത്തിയത്. റാഷിദ് ഖാനാണ് പട്ടികയില്‍ ഒന്നാമന്‍. 499 കളിയില്‍ നിന്നു 681 വിക്കറ്റുകളാണ് റാഷിദിനുള്ളത്. 582 മത്സരങ്ങളില്‍ നിന്നു ബ്രാവോ വീഴ്ത്തിയത് 631 വിക്കറ്റുകള്‍.
ഐഎല്‍ടി20യില്‍ അബുദാബി നാറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനായ നരെയ്ന്‍ ഷാര്‍ജ വാരിയേഴ്‌സിനെതിരായ പോരാട്ടത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാണ് നാഴികക്കല്ല് താണ്ടിയത്. മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ 37കാരന്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. ടോം അബെല്ലാണ് നരെയ്‌ന്റെ 600ാം വിക്കറ്റ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു നേരത്തെ വിരമിച്ച നരെയ്ന്‍ ലോകത്തെ വിവിധ ടി20 ലീഗുകളില്‍ പല ടീമുകളുടേയും നിര്‍ണായക താരമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായാണ് ദീര്‍ഘ നാളായി താരം കളിക്കുന്നത്. മെല്‍ബണ്‍ റെനഗേഡ്‌സ്, ഓവല്‍ ഇന്‍വിന്‍സിബ്ള്‍സ്, സിഡ്‌നി സിക്‌സേഴ്‌സ്, അബുദാബി നൈറ്റ്‌റൈഡേഴ്‌സ്, ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ്, ലൊസാഞ്ചലസ് നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കായും താരം കളത്തിലിറങ്ങിയിട്ടുണ്ട്.
ഈ 600 വിക്കറ്റില്‍ 52 വിക്കറ്റുകള്‍ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടിയാണ് നരെയ്ന്‍ വീഴ്ത്തിയത്. ടി20യില്‍ ഒരു തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 19 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ നേടിയതാണ് മികച്ച പ്രകടനം.
ഐപിഎല്ലില്‍ കെകെആറിനായി 189 മത്സരങ്ങള്‍ കളിച്ച നരെയ്ന്‍ 192 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ 2026ലെ ഐപിഎല്‍ പോരാട്ടത്തിലും താരം കെകെആറിനായി കളത്തിലെത്തും. താരത്തെ ഇത്തവണയും ടീം നിലനിര്‍ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates