ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാൻ എ ടീമിനെതിരായ ആവേശപ്പോരാട്ടത്തിൽ 48 റൺസിന്‍റെ തോൽവി വഴങ്ങിയതിന് പിന്നാലെ സഹ ബാറ്റർമാരുടെ പിന്തുണയില്ലായ്മയെക്കുറിച്ച് തുറന്നടിച്ച് ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി തിലക് വർമ ഒരറ്റത്ത് പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനായില്ല. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ 313 റൺസെടുത്തു. 314 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 265 റൺസിന് ഓൾഔട്ടായി. 48 റൺസ് വിജയമാണ് പാകിസ്ഥാൻ പിടിച്ചെടുത്തത്.
മത്സര ശേഷം സംസാരിക്കവേയാണ് തിലക് പന്തുണയെക്കുറിച്ച് പറഞ്ഞത്.
'എന്നെ സംബന്ധിച്ചിടത്തോളം ടീമിനെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ടീം ജയിക്കുന്നില്ലെങ്കിൽ വ്യക്തിഗത നേട്ടങ്ങൾ കൊണ്ട് കാര്യമില്ല. മത്സരം അവസാനം വരെ കൊണ്ടുപോകാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. മറ്റേതെങ്കിലും ഒരു ബാറ്റർ കൂടി എന്നെ പിന്തുണച്ചിരുന്നെങ്കിൽ കളി ജയിപ്പിക്കാമായിരുന്നു.'
'ക്യാപ്റ്റൻ എന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്ക് ഇഷ്ടമാണ്. സ്കോറിങ് ഉയര്‍ത്താൻ ശ്രമിക്കുന്നതിനിടെ ഷഹബാസ് അഹമ്മദ് പുറത്തായത് തിരിച്ചടിയായി. രണ്ട് ഓവർ കൂടി അദ്ദേഹം ക്രീസിലുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു'- തിലക് കൂട്ടിച്ചേർത്തു.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. ഓപ്പണര്‍ അഭിഷേക് ശർമ (42 പന്തിൽ 70) ഒഴികെയുള്ള താരങ്ങൾ നിരാശപ്പെടുത്തി. വൈഭവ് സൂര്യവംശി (11), ആയുഷ് ബദോനി (0), കുമാർ കുശാഗ്ര (2), റിങ്കു സിങ് (6) എന്നിവർ വരിവരിയായി കൂടാരം കയറി. ഇന്ത്യ ഒരു ഘട്ടത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെന്ന നിലയിലെത്തി.
വിക്കറ്റുകൾ തുടർച്ചയായി വീണതോടെ തിലക് വർമ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞു. ക്യാപ്റ്റന്റെ ഈ ബാറ്റിങ് വലിയ വിമർശനങ്ങളും വരുത്തി. ഒരു ഘട്ടത്തിൽ 33 പന്തിൽ 6 റൺസ് മാത്രമായിരുന്നു തിലകിന്‍റെ സമ്പാദ്യം. തുടർന്ന് ഏഴാം വിക്കറ്റിൽ ഷഹബാസ് അഹമ്മദിനെ (56) കൂട്ടുപിടിച്ച് തിലക് 112 റൺസിന്‍റെ തകർപ്പൻ കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നൽകി. എന്നാൽ അപ്പോഴേക്കും ആവശ്യമായ റൺറേറ്റ് ഓവറിൽ 15ന് മുകളിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates