മുംബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുകളും താരങ്ങളുടെ ശാരീരികക്ഷമതയിൽ ആശങ്ക നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടീം പ്രഖ്യാപനം. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ കെഎൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം ടെസ്റ്റ് ഫോർമാറ്റിൽ സ്ഥാനം ഉറപ്പിക്കാൻ കാത്തിരിക്കുന്ന യുവ താരങ്ങളും ഉൾപ്പെടുന്നതാണ് പ്രഖ്യാപിച്ച ടീം.
15 അംഗ സംഘത്തെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ 2 മത്സങ്ങളടങ്ങിയ പരമ്പരയാണ് ശ്രീലങ്കക്കെതിരെ കളിക്കുന്നത്. ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ 19 വരെയും രണ്ടാം ടെസ്റ്റ് 23 മുതൽ 27 വരെയുമാണ്.
വെറ്ററൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ തിരിച്ചെത്തി. ഓൾ റൗണ്ടർ സാരാംശ് ജെയ്ൻ, ഇന്ത്യക്കായി പരിമിത ഓവർ പോരാട്ടത്തിൽ അരങ്ങേറി മികവ് പുലർത്തിയ ഗുർനൂർ ബ്രാർ എന്നിവർക്ക് ടെസ്റ്റ് ടീമിലേക്ക് കന്നി വിളിയെത്തി.
നിതീഷ് റെഡ്ഡിയെ പരിക്കിനെ തുടർന്നു പരിഗണിച്ചില്ല. പരിക്കേറ്റ് നാല് മാസം കളത്തിൽ നിന്നു വിട്ടുനിന്നു തിരിച്ചെത്തിയ ഹർഷിത് റാണയേയും പരിഗണിച്ചില്ല. സായ് സുദർശൻ, സുപ്രീം പേസർ ജസ്പ്രിത് ബുംറ എന്നിവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവരും പരിക്കിന്റെ ആശങ്കയിൽ തന്നെയാണ്. ഫിറ്റ്നസ് നോക്കിയായിരിക്കും ഇരുവരേയും പ്ലെയിങ് ഇലവനിലേക്ക് ഉൾപ്പെടുത്തുക. സെന്റർ ഫോർ എക്സ്‍ലൻസിൽ നിന്നുള്ള ഫിറ്റ്നസ് ക്ലിയറൻസ് കിട്ടിയാൽ മാത്രമേ ഇരുവരേയും കളിപ്പിക്കു. പരിക്കുള്ളതിനാൽ ഒന്നാം ടെസ്റ്റിൽ വാഷിങ്ടൻ സുന്ദറും കളിക്കില്ല.
വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവർ സ്ഥാനം നിലനിർത്തി. പേസ് നിരയിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണുള്ളത്.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയ്ൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates