ഔട്ടായി മടങ്ങുന്ന രോഹിത്, ​ഗിൽ, കോഹ്‍ലി, India vs Australia ap
Sports

കോഹ്‌ലി 0, രോഹിത് 8; തിരിച്ചു വരവില്‍ നിരാശ; പെര്‍ത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച, മഴ കളിക്കുന്നു

മഴയെ തുടർന്നു രണ്ടാം തവണയും മത്സരം നിർത്തിവച്ചു

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര പോരില്‍ കളിക്കാനിറങ്ങിയ ഇതിഹാസങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും നിരാശ. ഇരുവരും തിരിച്ചു വരവ് പോരിൽ അതിവേ​ഗം മടങ്ങി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടാം വട്ടവും മഴ കളി തടസപ്പെടുത്തിയ പോരിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിൽ. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് പുറത്തായ മറ്റൊരു ബാറ്റര്‍. പേസർമാർക്ക് വലിയ പിന്തുണയാണ് പിച്ചിൽ നിന്നു കിട്ടുന്നത്.

മഴയെ തുടര്‍ന്നു കളി ഇടയ്ക്കു നിർത്തി വച്ചു. പിന്നീട് അൽപ്പ സമയത്തിനുള്ളിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. മത്സരം ഒന്‍പതാം ഓവറിലെത്തിയപ്പോഴാണ് മഴ വില്ലനായത്. മഴ പെയ്ത് കളി തടസപ്പെട്ടതോടെ മത്സരം 49 ഓവറാക്കി ചുരുക്കി.

എന്നാൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 37 റൺസിൽ നിൽക്കെ വീണ്ടും മഴ വില്ലനായി. 12ാം ഓവറിലാണ് കളി വീണ്ടും തടസപ്പെട്ടത്.

നിലവില്‍ അക്ഷര്‍ പട്ടേലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ശ്രേയസ് 6 റണ്‍സും അക്ഷര്‍ 7 റണ്‍സുമായി നില്‍ക്കുന്നു.

രോഹിതും ഗില്ലും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. രോഹിത് 8 റണ്‍സുമായി മടങ്ങി. സ്‌കോര്‍ 13ല്‍ എത്തിയപ്പോഴാണ് രോഹിതിനെ ഹെയ്‌സല്‍വുഡ് പുറത്താക്കിയത്. പിന്നാലെ വന്ന കോഹ്‌ലി 8 പന്തുകള്‍ നേരിട്ടെങ്കിലും റണ്ണില്ലാതെ മടങ്ങി. കോഹ്‍ലിയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പീറ്റര്‍ കോണ്ണോലി മിന്നും ക്യാച്ചില്‍ മടക്കുകയായിരുന്നു.

ശ്രദ്ധയോടെ കളിച്ച ക്യാപ്റ്റന്‍ ഗില്ലിനും അല്‍പ്പായുസ്. താരം 18 പന്തുകള്‍ നേരിട്ട് 10 റണ്‍സുമായി മടങ്ങി. ലെഗ് സൈഡില്‍ വൈഡ് പോകുമായിരുന്ന പന്തില്‍ ബാറ്റ് വച്ച ഗില്ലിനു പിഴച്ചു. എഡ്ജില്‍ തട്ടി നേരെ വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പിന്റെ കൈയില്‍. നതാന്‍ എല്ലിസിനാണ് വിക്കറ്റ്.

ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടത്തിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത രോഹിതിനും കോഹ്‌ലിക്കും തിരിച്ചു വരവ് മികവോടെയാക്കാന്‍ സാധിച്ചില്ല. ഇരുവര്‍ക്കും നിരാശയായിരുന്നു.

പ്ലെയിങ് ഇലവനില്‍ മൂന്ന് ഓള്‍ റൗണ്ടര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഇടം പിടിച്ചത്. നിതീഷിന്റെ ഏകദിന അരങ്ങേറ്റം കൂടിയാണ് പെര്‍ത്തില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

India vs Australia: Rain has halted play once again in Perth. Axar Patel and Shreyas Iyer are at the crease and trying to revive India after their disastrous powerplay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലയില്‍ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം

'എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല, ഇത് ചീപ്പ് സെൻസേഷനിലിസം'- കാമുകിയുടെ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ ഹർദിക്

വിക്കറ്റ് വേട്ടയില്‍ പുതു ചരിത്രമെഴുതി ബുംറ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; ആക്രമണം മാവേലി എക്‌സ്പ്രസിന് നേരെ

ഈ രാശിക്കാർക്ക് വിദേശ കാര്യങ്ങളിൽ പുരോഗതി; ജോലിയിൽ ഉയർച്ച

SCROLL FOR NEXT