ലണ്ടൻ: ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് മത്സരങ്ങൾക്കായി ഡ്യൂക്സ് പന്തുകളാണ് ഉപയോഗിക്കാറുള്ളത്. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പല തവണ പന്തിന്റെ നിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി അംപയർമാരെ സമീപിക്കുകയും ചെയ്തിരുന്നു. ഒടുവിൽ പന്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നു വ്യക്തമാക്കി നിർമാതാക്കൾ രംഗത്തെത്തി.
പന്ത് വേഗത്തിൽ സോഫ്റ്റ് ആകുന്നുവെന്നും ആകൃതി മാറുന്നുവെന്നുമുള്ള പരാതികൾ ഒന്നാം ടെസ്റ്റ് മുതൽ ഉയർന്നിരുന്നു. ഗിൽ നിരന്തരം പരാതി പറഞ്ഞതിനു പിന്നാലെ ഇംഗ്ലണ്ട് ഇതിഹാസ പേസർ സ്റ്റുവർട്ട് ബ്രോഡ് അടക്കമുള്ള മുൻ താരങ്ങളും പന്തിന്റെ നിലവാരം ചോദ്യം ചെയ്ത് രംഗത്തെത്തി. പിന്നാലെയാണ് നിർമാതാക്കളുടെ പ്രതികരണം.
മത്സരത്തിനുപയോഗിച്ച പന്തുകളെല്ലാം ശേഖരിച്ച് പരമ്പരയ്ക്കു ശേഷം വിശദമായി പരിശോധിക്കുമെന്നു ഡ്യൂക്സ് ക്രിക്കറ്റ് ബോൾ നിർമാണക്കമ്പനി ഉടമ ദലീപ് ജജോദിയ വ്യക്തമാക്കി. 30 ഓവറുകൾ കഴിഞ്ഞാൽ പന്തിന്റെ സ്വഭാവം വലിയ തോതിൽ മാറുന്നുവെന്നാണ് ഉയർന്ന വിമർശനം. ടീമുകൾ ആവശ്യപ്പെടുമ്പോൾ അംപയർമാർ പന്ത് പരിശോധിക്കുന്നതിനാൽ മത്സരത്തിനിടെ വലിയ തോതിൽ സമയം നഷ്ടമാകുന്നതായും വിമർശനമുയർന്നിരുന്നു.
ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 10 ഓവർ മാത്രമെറിഞ്ഞ ന്യൂബോളിന്റെ ആകൃതി മാറിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. പന്തിനു രൂപമാറ്റം സംഭവിച്ചതായി പരിശോധനയിലും തെളിഞ്ഞു. അംപയർ മറ്റൊരു പന്ത് നൽകി മത്സരം പുനരാരംഭിച്ചെങ്കിലും ആ പന്തിന്റെ നിലവാരത്തിലും ഇന്ത്യൻ ടീം അംഗങ്ങൾ സംശയമുന്നയിച്ചിരുന്നു. താരങ്ങളും അംപയർമാരും തമ്മിൽ ഇതിന്റെ പേരിൽ ഗ്രൗണ്ടിൽ തർക്കവുമുണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates