തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആവേശത്തിലാണ്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടത്തിന്റെ ആവേശത്തിലാണ് തിരുവനന്തപുരം നഗരം. നാട്ടുകാരനും പ്രിയപ്പെട്ട താരവുമായ സഞ്ജു സാംസണ്‍ ഫോമിലേക്ക് മടങ്ങി വരുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ആവേശം പങ്കിട്ട് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും രംഗത്തെത്തി.
ഇന്ത്യന്‍ ടീമിനും സഞ്ജു സാംസണും അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ സഞ്ജു കളിക്കുന്നത് കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ക്ക് ഈ അവസരം സവിശേഷമായ നിമിഷമാണെന്നും ആകര്‍ഷകമായ പരമ്പര ഇന്ത്യ വിജയത്തോടെ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിടുന്നു.
'സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ സഞ്ജു കളിക്കുന്നതു കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സഞ്ജുവിന്റെ വലിയ ആരാധകരായ നമ്മള്‍ അദ്ദേഹത്തില്‍ നിന്നു വലിയ മികവ് തന്നെ പ്രതീക്ഷിക്കുന്നു. ഇതൊരു നല്ല പരമ്പരയായിരുന്നു. നാലാം പോരാട്ടം ന്യൂസിലന്‍ഡ് ജയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടം ആവേശത്തിന്റെ മൂര്‍ധന്യത്തിലാണ്. ഊര്‍ജം തിരികെ പിടിച്ച ന്യൂസിലന്‍ഡിനെതിരെ നമുക്ക് എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നു നേരില്‍ കാണാനുള്ള അവസരം കൂടിയാണിത്. ടി20 ലോകകപ്പിനു തൊട്ടുമുന്‍പുള്ള അവസാന പേരാട്ടമാണിത്. അതിനാല്‍ തന്നെ അതിന്റെ പ്രധാന്യവും മത്സരത്തിനുണ്ട്.'
'സ്റ്റേഡിയം ആരാധകരെ കൊണ്ടു നിറയും. മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതൊരു വലിയ അവസരമാണ്. സഞ്ജുവിനും ഇന്ത്യക്കും വിജയം ആശംസിക്കുന്നു. നല്ലൊരു പോരാട്ടത്തിനായി ഞാന്‍ കാത്തിരിക്കുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് അനുയോജ്യമായ ക്ലൈമാക്‌സാണ് കാണാന്‍ പോകുന്നത്. ടി20 ലോകകപ്പിനു മുന്‍പുള്ള പോരാട്ടമായതിനാല്‍ നമ്മുടെ എല്ലാ താരങ്ങളും മികവ് പുലര്‍ത്തേണ്ടതുണ്ട്'- തരൂര്‍ തന്റെ ആവേശം പങ്കിട്ടു.
അഞ്ച് മത്സരങ്ങടങ്ങിയ പരമ്പര നിലവില്‍ ഇന്ത്യ 3-1നു സ്വന്തമാക്കിയിട്ടുണ്ട്. അവസാന മത്സരം ജയിച്ച് ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. എല്ലാ കണ്ണുകളും സഞ്ജു സാംസണിലാണ്. താരത്തിനു ഇതുവരെ ഫോമിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. പരമ്പരയില്‍ നാല് കളിയില്‍ നിന്നു 40 റണ്‍സ് മാത്രമാണ് മലയാളി താരം നേടിയത്. ലോകകപ്പ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഇന്നത്തെ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് സഞ്ജുവിന് അനിവാര്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates