ഫറ്റോർഡ: രണ്ട് തവണ വഴുതിപ്പോയ ഐഎസ്എൽ കിരീടം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉടൻ ഇറങ്ങും. ഫൈനൽ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് കൊമ്പൻമാർ നേരിടുന്നത്. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.
ബ്ലാസ്റ്റേഴ്സിനെ ഗോളടിച്ചും അടിപ്പിച്ചും മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അന്തിമ ഇലവനിൽ ഇടംപിടിച്ചത് ആരാധകർക്ക് ആശ്വാസം പകരുന്നു. മലയാളി താരം സഹൽ ടീമിലില്ല. പകരക്കാരുടെ നിരയിലും സഹലിന് ഇടമില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. അതേസമയം മറ്റൊരു മലയാളി താരം രാഹുൽ കെപി അന്തിമ ഇലവനിൽ ഇടംപിടിച്ചു.
സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഫൈനലിലെത്തി.
ഫറ്റോര്‍ഡയിലെ കണക്കുകള്‍
കന്നി കിരീടം തേടി ഐഎസ്എല്‍ ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഫറ്റോര്‍ഡയിലെ കണക്കുകള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്‍തൂക്കം നല്‍കുന്നു. ഇവിടെ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചപ്പോള്‍ തോല്‍വി നേരിട്ടത് ഒരിക്കല്‍ മാത്രം. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായിരുന്നു ഫറ്റോര്‍ഡ. ഫറ്റോര്‍ഡയില്‍ 8 കളിയില്‍ ജയം പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. അഞ്ച് മത്സരങ്ങള്‍ സമനിലയിലും അവസാനിച്ചു. 24 ഗോളുകള്‍ ഇവിടെ ബ്ലാസ്‌റ്റേഴ്‌സ് അടിച്ചു കൂട്ടിയപ്പോള്‍ വഴങ്ങിയത് 11 ഗോളുകള്‍ മാത്രം. 5 ക്ലീന്‍ ഷീറ്റും ഇവിടെ ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ടിലുണ്ട്.
ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓരോ ജയം വീതം
ലീഗ് ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുകളിലാണ് ഹൈദരാബാദിന്റെ സ്ഥാനം. 20 കളിയില്‍ നിന്ന് 11 ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായി രണ്ടാമതായാണ് ഹൈദരാബാദ് സെമിയിലേക്ക് എത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് നാലാമതായും. ലീഗിലെ ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിന് എതിരെ ബ്ലാസ്‌റ്റേഴ്‌സ് ജയം പിടിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates