വെല്ലിങ്ടന്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ന്യൂസിലന്‍ഡ് ഓപ്പണറും ക്യാപ്റ്റനുമായ ടോം ലാതമിനെ പുറത്താക്കിയത് ജസ്പ്രിത് ബുംറയായിരുന്നു. രണ്ടിന്നിങ്‌സിലും ലാതം അക്കൗണ്ട് തുറക്കാതെ പൂജ്യത്തില്‍ മടങ്ങി. ഇതോടെ ബുംറ ഒരപൂര്‍വ നേട്ടത്തിലുമെത്തി.
ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ആദ്യ ഓവറില്‍ തന്നെ ഒരേ ബാറ്ററെ മടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി ബുംറ മാറി. മലയാളി പേസര്‍ എസ് ശ്രീശാന്തും പേസ് ഇതിഹാസം സഹീര്‍ ഖാനുമാണ് നേരത്തെ ഇത്തരമൊരു നേട്ടം ആദ്യം സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍.
ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്‌സിലെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് ബുംറ ലാതമിനെ മടക്കിയത്. ലെഗ് സൈഡിലൂടെ പോകുമെന്നു പ്രതീക്ഷിച്ച പന്ത് കുത്തിത്തിരിഞ്ഞ് ഉള്ളിലേക്ക് കയറി ലാതമിന്റെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. മാജിക്ക് പന്തിലാണ് ബുംറ ലാതമിനെ മടക്കിയത്.
രണ്ടാം ഇന്നിങ്‌സ് തുടങ്ങി രണ്ടാം പന്തില്‍ തന്നെ ബുംറ വീണ്ടും ലാതമിന്റെ അന്തകനായി. പുറത്തേക്ക് ആംഗിള്‍ ചെയ്തുപോയ പന്തില്‍ സംശയത്തോടെ ബാറ്റ് വച്ച് കിവി നായകന് പിഴച്ചു. പന്ത് എഡ്ജില്‍ തട്ടി നേരെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച്. ഇത്തവണയും അക്കൗണ്ട് തുറക്കാതെ ലാതം വന്നതും പോയതും ഒരുമിച്ച്.
2006ല്‍ കിങ്‌സറ്റനില്‍ നടന്ന ടെസ്റ്റില്‍ ശ്രീശാന്താണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ ശ്രീശാന്ത് പുറത്താക്കി.
സഹീറിന്റെ നേട്ടം തൊട്ടടുത്ത വര്‍ഷം 2007ലായിരുന്നു. ബംഗ്ലാദേശിനെതിരായ മിര്‍പുര്‍ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ബംഗ്ലാ ഓപ്പണര്‍ ജാവേദ് ഒമറിനെയാണ് സഹീര്‍ പുറത്താക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates