ബംഗളൂരു: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പർ പേസർ ജസ്പ്രിത് ബുംറയ്ക്ക് പരമ്പരയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടമാകും. കഴിഞ്ഞ ദിവസമാണ് താരം ഫിറ്റ്നസ് ടെസ്റ്റ് പാസായെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ ബിസിസിഐ സെന്റർ ഫോർ എക്സലൻസിൽ നടത്തിയ ആദ്യ ഘട്ട പരിശോധനയ്ക്കു ശേഷവും താരത്തിന്റെ ഇടതു കാൽമുട്ടിലെ പരിക്ക് ഭേദമായില്ലെന്നു തെളിഞ്ഞതോടെയാണ് വീണ്ടും വിശ്രമം അനുവദിച്ചത്.
നിലവിലെ സാഹചര്യത്തിൽ തിടുക്കപ്പെട്ട് അദ്ദേഹത്തെ മത്സര രംഗത്തേക്ക് തിരിച്ചു കൊണ്ടുവരുന്നത് സുരക്ഷിതമല്ലെന്നും പൂർണ വിശ്രമം അനിവാര്യമാണെന്നും മെഡിക്കൽ സംഘം റിപ്പോർട്ട് നൽകി. ഇതോടെയാണ് രണ്ട് ടെസ്റ്റുകളിൽ നിന്നും താരത്തെ മാറ്റി നിർത്താൻ തീരുമാനിച്ചത്.
ടി20 ലോകകപ്പിന്റെ അവസാന ഘട്ടത്തിൽ ബുംറയ്ക്ക് കാൽമുട്ടിനു പരിക്കേറ്റിരുന്നു. തുടർന്നു ബുംറയോടു ഇഞ്ചക്ഷൻ എടുക്കാൻ മെഡിക്കൽ സംഘം നിർദ്ദേശിച്ചു. കഴിഞ്ഞ മാസം മുൻ നിശ്ചയിച്ചതു പോലെ പരിക്ക് മാറാനുള്ള ഇഞ്ചക്ഷൻ നൽകിയെങ്കിലും പൂർണമായി ഭേദമാകാൻ ഇനിയും സമയമെടുക്കമെന്നാണ് പുതിയ വിവരം. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലെങ്കിലും താരത്തെ കളിപ്പിക്കാൻ സാധിക്കുമോ എന്നു ബിസിസിഐ പരിശോധിച്ചിരുന്നു. എന്നാൽ അപകടസാധ്യതകൾ ഒഴിവാക്കാൻ മെഡിക്കൽ സംഘം ആവശ്യപ്പെടുകയായിരുന്നു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം പോരാട്ടം ഓഗസ്റ്റ് 15 മുതൽ ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ കൊളംബോയിലുമാണ് അരങ്ങേറുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ യോഗ്യതയ്ക്കായി കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യക്ക് ഡബ്ല്യുടിസിയിൽ ഇനി 9 ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതിൽ 7 മത്സരങ്ങളെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്. അത്തരമൊരു ഘട്ടത്തിലാണ് നിർണായക താരത്തിന്റെ അസാന്നിധ്യം ടീമിനു വലിയ അടിയായി മാറിയത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് വീണ്ടും പരിക്കേറ്റത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ താരത്തെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കു എന്ന് സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. പരിക്കിനെ തുടർന്ന് ബുംറയ്ക്ക് ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനം കളിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് തുടർ ചികിത്സയും വിശ്രമവുമായി താരം ബംഗളൂരുവിലായിരുന്നു.
ഈ മാസം നാലിന് ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് യാത്ര തിരിക്കും. ഈ സംഘത്തിൽ ബുംറയുണ്ടാകില്ല. മുൻകാലങ്ങളിൽ കളിക്കാരെ തിടുക്കത്തിൽ മത്സര രംഗത്തേക്ക് തിരിച്ചെത്തിക്കുകയും അവർക്ക് ഗുരുതര പരിക്ക് വീണ്ടും സംഭവിക്കുകയും ചെയ്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരം റിസ്ക് ഇനിയും എടുക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് ബുംറയുടെ കാര്യത്തിൽ. അതിനാൽ പരിക്ക് പൂർണമായി ഭേദമാവുക എന്നതാണ് പ്രധാനം. വരും മാസങ്ങളിൽ ഏഷ്യൻ ഗെയിംസ്, ന്യൂസിലൻഡ് പര്യടനം, അടുത്ത വർഷം ആദ്യം അരങ്ങേറുന്ന ബോർഡർ ഗാവസ്കർ ട്രോഫി, ഏകദിന ലോകകപ്പ് അടക്കം നിരവധി മത്സരങ്ങൾ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates