ബംഗളൂരു: ഇന്നലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ അത്രയെളുപ്പം പരാജയം സമ്മതിക്കാന്‍ കൂട്ടാക്കാത്ത ഒരാളുണ്ടായിരുന്നു. 38ാം വയസില്‍ മാരക ഫോമില്‍ ബാറ്റ് വീശിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ 'ഡികെ' എന്ന ദിനേഷ് കാര്‍ത്തികാണ് ഒരു വേള റെക്കോര്‍ഡ് റണ്‍ ചെയ്‌സില്‍ ടീമിനു വിജയം സമ്മാനിക്കുമെന്നു തോന്നിച്ചത്. ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ വെറ്ററന്‍ താരം വീണ്ടും ഇന്ത്യന്‍ ടീമിലെത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
മുംബൈ ഇന്ത്യന്‍സിനെതിരായ ആര്‍സിബിയുടെ മത്സരത്തില്‍ രോഹിത് ശര്‍മ ദിനേഷ് കാര്‍ത്തികിന്റെ ലോകകപ്പ് ടീമിലേക്കുള്ള വരവ് സംബന്ധിച്ചു പരിഹാസ രൂപത്തില്‍ പറഞ്ഞത് സ്റ്റംപ് മൈക്കിലൂടെ പുറത്തു വന്നിരുന്നു. എന്നാല്‍ ആ പരിഹാസം കാര്‍ത്തിക് ഗൗരവമായി തന്നെ പരിഗണിക്കുന്നുവെന്നാണ് അതിനു ശേഷമുള്ള താരത്തിന്റെ പ്രകടനം അടിവരയിടുന്നത്.
മുന്‍പ് എബി ഡിവില്ല്യേഴ്‌സ് പുറത്തെടുത്ത 360 ഡിഗ്രി ബാറ്റിങ് ഇന്നലെ ഡികെയുടെ വകയായിരുന്നു. ഇന്നലത്തെ പ്രകടനത്തോടെയാണ് താരം വീണ്ടും ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് എത്തുമെന്ന ചര്‍ച്ചകള്‍ക്കു വഴി തുറന്നത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ 23 പന്തില്‍ 53 റണ്‍സടിച്ച ഡികെ ഇന്നലെ വെറും 35 പന്തില്‍ അടിച്ചുകൂട്ടിയത് 83 റണ്‍സ്. ഏഴ് സിക്‌സും അഞ്ച് ഫോറും സഹിതമായിരുന്നു പോരാട്ടം. ടീമിനെ ജയത്തിന്റെ വക്കിലെത്തിച്ച് പരാജയപ്പെട്ട് മടങ്ങിയെങ്കിലും ചിന്നസ്വാമി സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്നു കൈയടിച്ചാണ് താരത്തിന്റെ ധീരമായ പോരാട്ടത്തിനു ആദരം നല്‍കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ ഡികെയുടെ ലോകകപ്പ് ടീമിലേക്കുള്ള വരവ് സംബന്ധിച്ച ചര്‍ച്ചകളും തുടങ്ങിയത്. മത്സര ശേഷം നടന്ന ടീം മീറ്റിങില്‍ ആര്‍സിബി പരിശീലകന്‍ ആന്‍ഡി ഫഌവറും സമാന കാര്യം പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കുള്ള തിരിച്ചു വരവ് താങ്കള്‍ കൂടുതല്‍ സജീവമാക്കിയെന്നു പരിശീലകന്‍ ഡികെയോടു പറഞ്ഞിരുന്നു.
നേരത്തെ 2022ലും സമാന രീതിയില്‍ ഐപിഎല്ലില്‍ ഫോമിലായി ഡികെ ലോകകപ്പ് ടീമിലെത്തിയിരുന്നു. പിന്നീട് ഇന്ത്യക്കായി ചില ടി20 മത്സരങ്ങളും താരം കളിച്ചു. എന്നാല്‍ ഐപിഎല്ലില്‍ അന്ന് പ്രകടിപ്പിച്ച ഫോം താരത്തിനു ഇന്ത്യന്‍ ജേഴ്‌സിയില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല.
നിലവില്‍ ഡികെയുടെ ലോകകപ്പ് ടീമിലേക്കുള്ള വരവ് എളുപ്പമാകില്ല. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ അടക്കമുള്ള നിരവധി താരങ്ങള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. പക്ഷേ ഫിനിഷര്‍ എന്ന നിലയില്‍ ഈ ഫോം തുടര്‍ന്നാല്‍ ഒരുപക്ഷേ താരത്തിന്റെ തിരിച്ചു വരവ് സാധ്യമായെന്നും വരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates