കെസിഎല്ലിന്റെ ഔദ്യോ​ഗിക ഭാ​ഗ്യചിഹ്നങ്ങൾ പുറത്തിറക്കിയപ്പോൾ (Kerala Cricket League) 
Sports

കൊമ്പന്റെ കരുത്ത്, വേഴാമ്പലിന്റെ ഇടിമുഴക്കം, ചാക്യാരുടെ ചിരിയും ചിന്തയും! കെസിഎൽ ഭാ​ഗ്യചിഹ്നങ്ങൾ പുറത്തിറക്കി

ഭാ​ഗ്യചിഹ്നങ്ങൾക്ക് പേര് നിർദ്ദേശിച്ചാൽ സമ്മാനമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്‍കിയ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനു മുന്നോടിയായി ഔദ്യോഗിക ഭാഗ്യചിഹ്നങ്ങള്‍ പുറത്തിറക്കി. കേരളത്തിന്റെ സാംസ്‌കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന ബാറ്റേന്തിയ കൊമ്പന്‍, മലമുഴക്കി വേഴാമ്പല്‍, ചാക്യാര്‍ എന്നിവയാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങള്‍. കെസിഎല്ലിന്റെ അടിസ്ഥാന തത്വത്തെയാണ് മൂന്ന് ഭാഗ്യചിഹ്നങ്ങള്‍ പ്രതിനിധീകരിക്കുന്നത്.

ലീഗിലെ ടീമുകളുടെ കരുത്തും ആവേശവും കളിയോടുള്ള സമീപനവും പ്രതിനിധീകരിക്കുന്നതാണ് ബാറ്റേന്തിയ കൊമ്പന്‍. കേരളത്തിന്റെ പാരമ്പര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ആന ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്നത് കെസിഎല്‍ ടി20യുടെ ഗൗരവത്തെയും മത്സര വീര്യത്തെയും സൂചിപ്പിക്കുന്നു.

കളിക്കളത്തിലെ ഈ കരുത്തിനും വീറിനും നാടാകെ ലഭിക്കുന്ന പ്രചാരത്തിൻ്റെ പ്രതീകമാണ് കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പല്‍. വേഴാമ്പലിന്റെ ശബ്ദം കാടുകളില്‍ മുഴങ്ങുന്നതു പോലെ കെസിഎല്‍ ടി20യുടെ ആവേശം കേരളത്തിലുടനീളവും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്കും എത്തുമെന്ന സന്ദേശവും ചിഹ്നം നല്‍കുന്നു. കൂടാതെ, താരങ്ങള്‍ കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന കായികക്ഷമതയും മനോബലവും ഭാഗ്യചിഹ്നത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പക്ഷിയുടെ ജീവിതം, ഒരു കായിക താരത്തിന് വേണ്ട അതിജീവന ശേഷിയുടെയും ലക്ഷ്യബോധത്തിന്റെയും സന്ദേശം കൂടിയാണ് നല്‍കുന്നത്. 'കാടിന്റെ കര്‍ഷകര്‍' എന്ന് വിശേഷണവും വേഴാമ്പലിന് സ്വന്തമാണ്. അതിനാല്‍ പുതിയ താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന ലീഗിന്റെ ലക്ഷ്യത്തിന്റെയും പ്രതീകമാണ് വേഴാമ്പല്‍.

മത്സരത്തോടൊപ്പം കാണികള്‍ക്ക് സമ്പൂര്‍ണ വിനോദം ഉറപ്പാക്കുകയും കെസിഎല്ലിന്റെ ലക്ഷ്യമാണെന്ന സൂചനയാണ് ഭാഗ്യചിഹ്നമായ ചാക്യാര്‍ നല്‍കുന്നത്. കളിക്കളത്തിലെ ഓരോ നീക്കത്തെയും താരങ്ങളുടെ പ്രകടനങ്ങളെയും അമ്പയറുടെ തീരുമാനങ്ങളെയും വരെ നര്‍മത്തിന്റെയും നിരീക്ഷണത്തിന്റെയും കണ്ണുകളോടെ കാണുന്ന കാണിയുടെ പ്രതീകമായി ചാക്യാര്‍ മാറും. ഒരുതരത്തില്‍, ലീഗിന്റെ 'തേര്‍ഡ് അമ്പയര്‍' ആയും അതേസമയം കാണികളുടെ കൂട്ടുകാരനായും ഈ ഭാഗ്യചിഹ്നത്തെ കാണാം. ക്രിക്കറ്റ് കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ ചര്‍ച്ചകളും വിശകലനങ്ങളും കൂടിയാണ് ആരാധകര്‍ക്ക് ആവേശം പകരുന്നത്. ഈ വിനോദത്തെയും വിമര്‍ശനത്തെയും ഒരുപോലെ പ്രതിനിധീകരിക്കാന്‍ ചാക്യാരെക്കാള്‍ മികച്ചൊരു പ്രതീകമില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.

ടി20 ക്രിക്കറ്റിനെ നിര്‍വചിക്കുന്ന വിനോദത്തിനും ആവേശത്തിനും ഒപ്പം കളിയെക്കുറിച്ചുള്ള നിരൂപണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് ചാക്യാര്‍ എന്ന ഭാഗ്യചിഹ്നം. കേരളത്തിന്റെ തനത് കലാരൂപമായ വിദൂഷക വേഷത്തിൽ ചാക്യാര്‍കൂത്ത് അവതരിപ്പിക്കുന്ന ചാക്യാർ സാമൂഹിക വിമര്‍ശനങ്ങളും നര്‍മവും സമന്വയിപ്പിച്ച് സദസിനെ കൈയിലെടുക്കുന്ന കലാകാരനാണ്. ഇതേ ആശയം ഉള്‍ക്കൊണ്ടാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നമായി ചാക്യാരെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മൂന്ന് ചിഹ്നങ്ങളും പരസ്പരം ചേരുമ്പോഴാണ് കെസിഎല്ലിന്റെ പൂര്‍ണ ചിത്രം ലഭ്യമാകുക. കരുത്തുറ്റ മത്സരങ്ങള്‍, വ്യാപകമായ ജനപ്രീതി, ആസ്വാദ്യകരമായ വിനോദം എന്നിവയുടെ ഒരു സമ്പൂര്‍ണ പാക്കേജ് എന്ന സന്ദേശമാണ് ഭാഗ്യചിഹ്നങ്ങളിലൂടെ കെസിഎ നല്‍കുന്നതെന്ന് സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. ചിഹ്നങ്ങള്‍ കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മത്സരവേദികളില്‍ കൊമ്പനും ചാക്യാരും വേഴാമ്പലും നിറസാന്നിധ്യമാകും. പുതിയ സീസണ് മുന്നോടിയായുള്ള ആവേശം വാനോളമുയര്‍ത്താന്‍ ഭാഗ്യചിഹ്നങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാഗ്യചിഹ്നങ്ങള്‍ക്ക് പേര് നല്‍കൂ, സമ്മാനം നേടു

കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി പുറത്തിറക്കിയ ഭാഗ്യചിഹ്നങ്ങളായ ബാറ്റേന്തിയ കൊമ്പന്‍, വേഴാമ്പല്‍, ചാക്യാര്‍ എന്നിവയ്ക്ക് പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. തിരഞ്ഞെടുത്ത പേരുകള്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് കെസിഎ അറിയിച്ചു. പേരുകള്‍ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും കെസിഎല്ലിൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ സന്ദർശിക്കുക.

Kerala Cricket League: The mascots of KCL are the bat-wielding elephant, Hornbill, and Chakyar, which combine the cultural uniqueness of Kerala with the modern excitement and entertainment of cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT