തിരുവനന്തപുരം: കെസിഎല്ലില്‍ വീണ്ടും വീജയവഴിയിലേക്ക് മടങ്ങിയെത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ട്രിവാന്‍ഡ്രം റോയല്‍സിനെ ഒന്‍പത് റണ്‍സിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് മാത്രമാണ് നേടാനായത്. വിജയത്തോടെ എട്ട് പോയിന്റുമായി കൊച്ചി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. സഞ്ജു സാംസണാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ബേസില്‍ തമ്പിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് സഞ്ജു സാംസണ്‍ തുടക്കമിട്ടത്. ആ ഓവറില്‍ തന്നെ വീണ്ടുമൊരു സിക്‌സും ഫോറും നേടി സഞ്ജു കൊച്ചിയുടെ തുടക്കം ഗംഭീരമാക്കി. എന്നാല്‍ തുടര്‍ന്നുള്ള ഓവറുകളില്‍ കൂടുതല്‍ തകര്‍ത്തടിച്ച് മുന്നേറിയത് വിനൂപ് മനോഹരനാണ്. നിഖിലെറിഞ്ഞ ആറാം ഓവറില്‍ വിനൂപ് തുടരെ മൂന്ന് ബൗണ്ടറികള്‍ നേടി. ഇരുവരും ചേര്‍ന്ന മികച്ച തുടക്കത്തിന് അവസാനമിട്ടത് അബ്ദുള്‍ ബാസിദാണ്. ഒന്‍പത് ഫോറടക്കം 26 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടിയ വിനൂപിനെ അബ്ദുള്‍ ബാസിദ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ ഒന്‍പത് റണ്‍സെടുത്ത സലി സാംസണെ അഭിജിത് പ്രവീണ്‍ ക്ലീന്‍ ബൗള്‍ഡാക്കി.
തുടര്‍ന്ന് ഇന്നിങ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്ത സഞ്ജു സീസണിലെ തന്റെ മൂന്നാം അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 30 പന്തുകളില്‍ നിന്നാണ് സഞ്ജു അര്‍ദ്ധ സെഞ്ച്വറി തികച്ചത്. തുടരെ ബൗണ്ടറികളും സിക്‌സുമായി സഞ്ജു വീണ്ടും കളം നിറയുമ്പോഴാണ് അഭിജിത് പ്രവീണ്‍ ഇന്നിങ്‌സിന് അവസാനമിട്ടത്. 37 പന്തുകളില്‍ നാല് ഫോറും അഞ്ച് സിക്‌സുമടക്കം 62 റണ്‍സുമാണ് സഞ്ജു മടങ്ങിയത്. ഓവറിലെ അവസാന പന്തില്‍ ആല്‍ഫി ഫ്രാന്‍സിസിനെയും പുറത്താക്കി അഭിജിത് കൊച്ചിയ്ക്ക് ഇരട്ടപ്രഹരം നല്കി. ഒടുവില്‍ അവസാന ഓവറുകളില്‍ നിഖില്‍ തോട്ടത്തും ജോബിന്‍ ജോബിയും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്‌കോറിലെത്തിച്ചത്. നിഖില്‍ തോട്ടത്ത് 35 പന്തുകളില്‍ നിന്ന് 45ഉം ജോബിന്‍ ജോബി 10 പന്തുകളില്‍ നിന്ന് 26ഉം റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഗോവിന്ദ് ദേവ് പൈയും റിയാ ബഷീറും അക്കൌണ്ട് തുറക്കാതെ മടങ്ങി. സലി സാംസനും ജോബിന്‍ ജോബിയുമായിരുന്നു വിക്കറ്റുകള്‍ നേടിയത്. എന്നാല്‍ കൃഷ്ണപ്രസാദും സഞ്ജീവ് സതീശനും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് റോയല്‍സിന് പ്രതീക്ഷ നല്കി. ഇരുവരും ചേര്‍ന്ന് 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 36 റണ്‍സെടുത്ത കൃഷ്ണപ്രസാദ് പി എസ് ജെറിന്റെ പന്തില്‍ മൊഹമ്മദ് ആഷിഖ് പിടിച്ച് പുറത്തായി. പ്രതീക്ഷ കൈവിടാതെ ഇന്നിങ്‌സ് മുന്നോട്ട് നീക്കിയ അബ്ദുള്‍ ബാസിദിന്റെയും സഞ്ജീവ് സതീശന്റെയും കൂട്ടുകെട്ടാണ് കളിയുടെ ആവേശം അവസാന ഓവര്‍ വരെ നീട്ടിയത്. സ്‌കോര്‍ 151ല്‍ നില്‌ക്കെ 70 റണ്‍സെടുത്ത സഞ്ജീവ് മടങ്ങി. 46 പന്തുകളില്‍ നാല് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജീവിന്റെ ഇന്നിങ്‌സ്. മറുവശത്ത് ഉറച്ച് നിന്ന അബ്ദൂള്‍ ബാസിദ് അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും റോയല്‍സിന്റെ മറുപടി 182 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറിലെ നാലാമത്തെ പന്തില്‍ റണ്ണൌട്ടാവുകയായിരുന്നു അബ്ദുള്‍ ബാസിദ്. അബ്ദുള്‍ ബാസിദ് 41 റണ്‍സെടുത്തു. കൊച്ചിയ്ക്ക് വേണ്ടി മൊഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.
kcl : Kochi Blue Tigers are back to winning ways in the KCL. Kochi defeated Trivandrum Royals by nine runs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates