Kochi Blue Tigers 
Sports

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍, കൊല്ലത്തിനെതിരെ കിരീട പോരാട്ടം

ടോസ് നേടിയ കാലിക്കറ്റ്, കൊച്ചിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 15 റണ്‍സിന് കീഴടക്കിയാണ് കൊച്ചി ഫൈനലിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടാനായത്. കൊച്ചിയ്ക്കായി ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങിയ മൊഹമ്മദ് ആഷിഖാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ കാലിക്കറ്റ്, കൊച്ചിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ ആഞ്ഞടിച്ച കൊച്ചിയുടെ ഇന്നിങ്‌സ് ഇടയ്ക്ക് മന്ദഗതിയിലായി. എന്നാല്‍ അവസാന ഓവറുകളില്‍ വീണ്ടും കൂറ്റന്‍ ഷോട്ടുകള്‍ വന്നതോടെ മികച്ചൊരു ടോട്ടലിലേക്ക് നീങ്ങുകയായിരുന്നു. വിനൂപ് മനോഹരനൊപ്പം കൊച്ചിയ്ക്ക് വേണ്ടി ഇന്നിങ്‌സ് തുറന്നത് വിപുല്‍ ശക്തിയായിരുന്നു. രണ്ടാം ഓവറില്‍ അന്‍ഫലിനെതിരെ തുടരെ നാല് ഫോറുകള്‍ നേടിയാണ് വിപുല്‍ കൊച്ചിയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടത്. എന്നാല്‍ അഞ്ചാം ഓവറില്‍ വിനൂപ് മനോഹരനെയും മൊഹമ്മദ് ഷാനുവിനെയും പുറത്താക്കി മനു കൃഷ്ണന്‍ കാലിക്കറ്റിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു. വിനൂപ് 16ഉം മൊഹമ്മദ് ഷാനു ഒരുണ്ണെടുത്തും മടങ്ങി.

പത്താം ഓവറില്‍ കൊച്ചിയ്ക്ക് വീണ്ടും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 37 റണ്‍സെടുത്ത വിപുല്‍ ശക്തിയെയും സാലി സാംസനെയും ഹരികൃഷ്ണന്‍ മടക്കി. തുടര്‍ന്ന് അജീഷിനും മൊഹമ്മദ് ആഷിക്കിനുമൊപ്പം നിഖില്‍ തോട്ടത്തിന്റെ കൂട്ടുകെട്ടുകളാണ് കൊച്ചിയെ മികച്ച സ്‌കോറിലെത്തിച്ചത്. അജീഷ് 20 പന്തുകളില്‍ 24, മൊഹമ്മദ് ആഷിഖ് പത്ത് പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 31 റണ്‍സും നേടി.36 പന്തുകളില്‍ ഒരു ഫോറും ഏഴ് സിക്‌സുമടക്കം 64 റണ്‍സുമായി നിഖില്‍ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി മനു കൃഷ്ണനും ഇബ്‌നുള്‍ അഫ്താബും ഹരികൃഷ്ണനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് ഒന്‍പത് റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. 12 പന്തുകളില്‍ 23 റണ്‍സ് നേടിയ അമീര്‍ഷായെ കെ എം ആസിഫ് ക്ലീന്‍ ബൗള്‍ഡാക്കി. വൈകാതെ 15 റണ്‍സുമായി അജ്‌നാസും മടങ്ങി. അഖില്‍ സ്‌കറിയയും അന്‍ഫലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 13ാം ഓവറില്‍ അന്‍ഫലിനെയും സച്ചിന്‍ സുരേഷിനെയും പുറത്താക്കി മൊഹമ്മദ് ആഷിഖ് കളിയുടെ ഗതി കൊച്ചിയ്ക്ക് അനുകൂലമാക്കി.

തുടര്‍ന്നെത്തിയ കൃഷ്ണദേവന്‍ പതിവു പോലെ തകര്‍ത്തടിച്ച് മുന്നേറി. 13 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടിയ കൃഷ്ണദേവന്‍ ഒരു ഘട്ടത്തില്‍ കൊച്ചി ആരാധകരുടെ സമ്മര്‍ദ്ദമുയര്‍ത്തി. എന്നാല്‍ ടീമിന് നിര്‍ണ്ണായക വഴിത്തിരിവൊരുക്കി മൊഹമ്മദ് ആഷിഖ് വീണ്ടും

രംഗത്തെത്തി. ബൗണ്ടറിക്കരികില്‍ നിന്നുള്ള ആഷിഖിന്റെ ഡയറക്ട് ത്രോയില്‍ കൃഷ്ണദേവന്‍ റണ്ണൌട്ടാകുമ്പോള്‍ കൊച്ചിയ്ക്ക് വിജയത്തിലേക്കുള്ള വഴിയൊരുങ്ങി. ഇരുപതാം ഓവറില്‍ ഒരു ഫോറും മൂന്ന് സിക്‌സും നേടിയ അഖില്‍ സ്‌കറിയ അവസാനം വരെ പോരാടിയെങ്കിലും കാലിക്കറ്റിന്റെ മറുപടി 171 അവസാനിച്ചു. 37 പന്തുകളില്‍ 72 റണ്‍സുമായി അഖില്‍ പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ആഷിഖാണ് കൊച്ചി ബൗളിങ് നിരയില്‍ തിളങ്ങിയത്.

Kochi Blue Tigers defeated Calicut Globestars by 15 runs to reach the KCL final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT