കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ബിജെപിയുടെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചത് അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയെന്നു സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍! തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷം നീണ്ട ഭരണത്തിനു വിരാമമിട്ടാണ് ചരിത്രത്തിലാദ്യമായി ബിജെപി ബംഗാള്‍ പിടിച്ചെടുത്തത്. പിന്നാലെയാണ് മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തെ കൂട്ടികെട്ടി ആരാധകര്‍ ബിജെപി വിജയത്തെ തമാശയായി പല പല രീതിയില്‍ വ്യാഖ്യാനിച്ചത്.
മെസി 2011ല്‍ കൊല്‍ക്കത്തയില്‍ വന്നു. പിന്നാലെ ബംഗാളില്‍ പുതിയ സര്‍ക്കാര്‍ വന്നു. 2025ല്‍ മെസി വീണ്ടും വന്നു. ഇപ്പോഴിതാ വീണ്ടും സര്‍ക്കാര്‍ മാറി. ഗോട്ടിന് (ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം) അസാമാന്യ ശക്തിയുണ്ട്- ഒരു ആരാധകന്‍ കുറിച്ചു.
മെസി ബിജെപിയുടെ ഏജന്റാണ്. ബംഗാളില്‍ തൃണമൂലിന്റെ പതനം ഇത്ര വേഗത്തില്‍ ആക്കിയത് അദ്ദേഹമാണ്. മോദിയേക്കാള്‍ കാര്യങ്ങള്‍ മെസി ബംഗാളില്‍ ചെയ്തു- മറ്റൊരു ആരാധകനും പറഞ്ഞു.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് കഴിഞ്ഞ വര്‍ഷം അവസാനം മെസി സന്ദര്‍ശനം നടത്തിയത്. എന്നാല്‍ അദ്ദേഹം കുറച്ചു നേരം മാത്രമാണ് സ്റ്റേഡിയത്തില്‍ ചെലവഴിച്ചത്. ഇതോടെ വലിയ തുക മുടക്കി മെസിയെ നേരില്‍ കാണാനെത്തിയ ആരാധകരില്‍ പലര്‍ക്കും അദ്ദേഹത്തെ മര്യാദയ്ക്കു കാണാന്‍ പോലും സാധിച്ചില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും താരത്തെ വളഞ്ഞതോടെ പരിപാടികള്‍ വെട്ടിച്ചുരുക്കി വെറും 10 മിനിറ്റ് മാത്രം സ്റ്റേഡിയത്തില്‍ ചെലവഴിച്ച് മെസി മടങ്ങി.
ഇതോടെ ആരാധകര്‍ അക്രമാസക്തരായി. ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു. കസേരകളും ഗ്രൗണ്ടിലേക്ക് എറിഞ്ഞു. ഈ കെടുകാര്യസ്ഥതയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് മമത സര്‍ക്കാരിനു വലിയ തിരിച്ചടിയായി. മമത സംഭവത്തില്‍ മാപ്പ് പറഞ്ഞു രംഗത്തെത്തി. അന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബിജെപി ഈ വിഷയം സജീവമാക്കി ഉയര്‍ത്തി. ഫുട്‌ബോള്‍ ഭ്രാന്ത് ആവോളമുള്ള ബംഗാള്‍ ജനതയോടു തൃണമൂല്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ ബംഗാള്‍ സംസ്ഥാനത്തെ അപമാനിച്ചുവെന്നു ബിജെപി കുറ്റപ്പെടുത്തി. ഭരണപരമായ പരാജയമാണ് ഈ സംഭവമെന്നും ബിജെപി ശക്തിയുക്തം വാദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates