അഹമ്മദാബാദ്: 23 വയസിൽ താഴെയുള്ളവരുടെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളം പൊരുതിത്തോറ്റു. കേരളത്തെ ഡൽഹിയാണ് വീഴ്ത്തിയത്. ഡൽഹി ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 28 റൺസ് അകലെയാണ് കേരളം വീണത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 48.2 ഓവറിൽ 332 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ കൃഷ്ണ നാരായണിൻ്റെ പ്രകടനമാണ് കേരള നിരയിൽ ശ്രദ്ധേയമായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. അങ്കിത് രാജേഷ് കുമാറും യഷ് ഭാട്ടിയയും ചേർന്ന് 81 പന്തുകളിൽ 111 റൺസ് കൂട്ടിച്ചേർത്തു. അങ്കിതിനെ പുറത്താക്കി കൃഷ്ണ നാരായണാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. രണ്ടാം വിക്കറ്റിൽ സുജൻ സിങ്ങും യഷ് ഭാട്ടിയയും ചേന്ന് 78 റൺസ് കൂട്ടിച്ചേർത്തു. 83 റൺസെടുത്ത യഷ് ഭാട്ടിയയെ നസൽ പുറത്താക്കി.
തുടർന്നെത്തിയ യുഗൽ സെയ്നിയുടെ പ്രകടനമാണ് ഡൽഹിയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. അവസാന പന്ത് വരെ ഉറച്ചു നിന്ന യുഗൽ 81 പന്തുകളിൽ നിന്നു 101 റൺസാണ് നേടിയത്. എട്ട് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. സുജൽ സിങ് 48ഉം ക്യാപ്റ്റൻ ദേവ് ലക്രയും കൃഷ് യാദവും 20 റൺസ് വീതവും നേടി. കേരളത്തിന് വേണ്ടി പവൻ രാജ്, നസൽ, അഭിറാം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ കൃഷ്ണ നാരായണും ഒമർ അബൂബക്കറും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും ചേർന്ന് 47 പന്തുകളിൽ 59 റൺസ് കൂട്ടിച്ചേർത്തു. 38 റൺസെടുത്ത ഒമർ അബൂബക്കർ ദിവിജ് മെഹ്റയുടെ പന്തിൽ ക്ലീൻ ബൗൾഡായി.
പിന്നാലെ വന്ന ഗോവിന്ദ് ദേവ് പൈ എട്ട് റൺസുമായി മടങ്ങി. ക്യാപ്റ്റൻ രോഹൻ നായരും കൃഷ്ണ നാരായണും ചേർന്നുള്ള കൂട്ടുകെട്ടിൽ 58 റൺസ് പിറന്നു. 25 റൺസെടുത്ത രോഹൻ നായർ ദിവാൻഷ് റാവത്തിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി. തുടർന്നെത്തിയ ഷോൺ റോജറും കൃഷ്ണ നാരായണും ചേർന്നുള്ള 115 റൺസിൻ്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. സമ്മർദ്ദങ്ങളില്ലാതെ ഇരുവരും ചേർന്ന് അതിവേഗം ഇന്നിങ്സ് മുന്നോട്ടു നീക്കി. എന്നാൽ 61 റൺസെടുത്ത ഷോൺ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ പവൻ ശ്രീധർ ഏഴ് റൺസുമായി മടങ്ങി.
മറുവശത്ത് ഉറച്ചു നിന്ന കൃഷ്ണ നാരായൻ സെഞ്ച്വറി പൂർത്തിയാക്കി. സഞ്ജീവ് സതീശനുമൊത്ത് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുന്നതിനിടെ കൃഷ്ണ നാരായൺ മടങ്ങിയതോടെ കേരളത്തിൻ്റെ പ്രതീക്ഷകൾക്ക് അവസാനമായി. 102 പന്തുകളിൽ 13 ബൌണ്ടറിയടക്കം 113 റൺസായിരുന്നു കൃഷ്ണ നാരായൺ നേടിയത്. 33 പന്തുകളിൽ നിന്ന് 43 റൺസുമായി സഞ്ജീവ് സതീശൻ പൊരുതി നോക്കിയെങ്കിലും ദിവിജ് മെഹ്റയുടെ പന്തിൽ യഷ് ഭാട്ടിയ ക്യാച്ചെടുത്ത് പുറത്തായി.
അഭിറാമും നസലും ആദിത്യ ബൈജുവും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് 332ൽ അവസാനമായി. ഡൽഹിക്ക് വേണ്ടി ദിവാന്‍ഷ് റാവത്തും ദിവിജ് മെഹ്റയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates