ലണ്ടന്‍: മുന്‍ ഇന്ത്യന്‍ പരിശീലകനും ഇതിഹാസ താരവുമായ രവി ശാസ്ത്രിയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകനാക്കണമെന്ന ആവശ്യം വീണ്ടുമുയര്‍ത്തി മുന്‍ ഇംഗ്ലീഷ് സ്പിന്നറും ഇന്ത്യന്‍ വംശജനുമായ മോണ്ടി പനേസര്‍. നേരത്തെ ആഷസ് പരമ്പരയില്‍ തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് ഇംഗ്ലണ്ട് നാണംകെട്ടതിനു പിന്നാലെ പനേസര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി പരമ്പരയില്‍ ആശ്വാസം കണ്ടെത്തിയെങ്കിലും പനേസര്‍ ഈ ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമിനൊപ്പമുള്ള രവി ശാസ്ത്രിയുടെ ട്രാക്ക് റെക്കോര്‍ഡ് മികച്ചതാണ്. ടീമിനെ വളര്‍ത്തിയെക്കുന്നതിലും പോരാട്ടങ്ങള്‍ വിജയിക്കുന്നതിനും ഇംഗ്ലണ്ടിന് എന്താണോ ആവശ്യം അതു നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കും. പനേസര്‍ പറയുന്നു. ആഷസിലെ ഇംഗ്ലണ്ടിന്റെ പ്രകടനം കണക്കാക്കിയാല്‍ ബ്രണ്ടന്‍ മക്കെല്ലം തുടരണമോ എന്ന കാര്യത്തില്‍ ഇംഗ്ലണ്ട് ബോര്‍ഡിലെ ചിലരെങ്കിലും മാറി ചിന്തിക്കാന്‍ സാധ്യതയുണ്ടെന്നും പനേസര്‍ വ്യക്തമാക്കുന്നു.
'സിഡ്‌നി ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഫലം അനുസരിച്ചായിരിക്കും മക്കെല്ലത്തിന്റെ ഭാവി. മോശമാണെങ്കില്‍ മക്കെല്ലത്തിന്റെ തന്ത്രത്തില്‍ ഇനിയും കളിക്കണമോ എന്നു ഇസിബിയിലെ ചിലരെങ്കിലും ചിന്തിച്ചേക്കാം. കൗണ്ടിയില്‍ മിന്നും പ്രകടനം നടത്തുന്ന പല താരങ്ങള്‍ക്കും ദേശീയ ടീമില്‍ അവസരം കിട്ടുന്നില്ല. അതിനാല്‍ തന്നെ പുതിയൊരു പരിശീലകന്‍ എന്നത് ചിന്തിക്കാന്‍ സാധ്യതയുള്ള കാര്യമാണ്.'
'ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയ ഒരു പരിശീലകനെയാണ് ഇംഗ്ലണ്ട് പ്രഥമ പരിഗണന നല്‍കേണ്ടത്. 2027ലെ ആഷസിലേക്കായി ഇംഗ്ലണ്ടിനു പുതിയ പരിശീലകന്‍ പ്രയോജനം ചെയ്യും. ടീമുകളെ എങ്ങനെ ജയത്തിലെത്തിക്കാമെന്ന കാര്യത്തില്‍ രവി ശാസ്ത്രിയുടെ സമീപനം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഓസ്‌ട്രേലിയയെ എങ്ങനെ പരാജയപ്പെടുത്തണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ അനുഭവം വിലപ്പെട്ടതാണ്.'
2018-19 സീസണിലും 2020- 21 സീസണിലും ഇന്ത്യയുടെ ഓസീസ് മണ്ണിലെ ടെസ്റ്റ് പരമ്പര നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പനേസര്‍ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ദുര്‍ബലമായി നിന്ന ഇന്ത്യന്‍ ടെസ്റ്റ് സംഘത്തെ കരുത്തരാക്കി മാറ്റിയതില്‍ ശാസ്ത്രിയ്ക്കു വലിയ പങ്കുണ്ടെന്നും പനേസര്‍ ചൂണ്ടിക്കാട്ടുന്നു.
'ഒരു ടീമിനു എങ്ങനെ വിജയിക്കാമെന്നു കളിപ്പിച്ച് തെളിയിച്ച പരിശീലകനാണ് ശാസ്ത്രി. കളി ജയിക്കേണ്ടത് ഏതു തരത്തിലാണെന്നു അദ്ദേഹം കൃത്യമായി കാണിച്ചു തന്നിട്ടുണ്ട്. ഇന്ത്യ ദുര്‍ബലരാണെന്നു എല്ലാവരും വിലയിരുത്തിയ ഘട്ടത്തിലാണ് അവര്‍ ഓസീസിനെ വീഴ്ത്തിയത്. അദ്ദേഹം ടീമിനെ അടിമുടി ശക്തമാക്കിയാണ് കളിപ്പിച്ചത്.'
'അത്തരമൊരു കോച്ചിനെയാണ് ഇംഗ്ലണ്ടിനു ഇപ്പോള്‍ ആവശ്യമുള്ളത്. എല്ലായ്‌പ്പോഴും ഒരാളെ തന്നെ ആശ്രയിച്ചാല്‍ മോശം ഫലം ആവര്‍ത്തിക്കപ്പെടുക മാത്രമായിരിക്കും സംഭവിക്കുക. വ്യത്യസ്ത തന്ത്രമുള്ളൊരാള്‍ വന്നാല്‍ ഫലവും വ്യത്യസ്തമായിരിക്കും'- പനേസര്‍ വ്യക്തമാക്കി.
മക്കെല്ലത്തിന്റെ കീഴില്‍ 45 മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് 17 മത്സരങ്ങള്‍ തോറ്റു. 25 മത്സരങ്ങളാണ് ജയിച്ചത്. നിലവില്‍ ആഷസ് പരമ്പര ഇത്തവണയും തിരിച്ചു പിടിക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചില്ല. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 3-1 എന്ന നിലയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates