പനാജി: അന്തരിച്ച ബോളിവുഡ് ഇതിഹാസം നാനാ പടേക്കറുടെ ക്രിക്കറ്റ് പ്രേമം പ്രസിദ്ധമാണ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുടെ കട്ട ഫാനായിരുന്നു നാനാ പടേക്കർ. മുൻപൊരിക്കൽ നാനാ പടേക്കർ വിരാട് കോഹ്‍ലിയെക്കുറിച്ച് പറഞ്ഞ വിഡിയോ അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ വീണ്ടും വൈറലായി മാറി.
'വിരാട് എനിക്ക് വളരെ ഇഷ്ടപ്പെട്ട താരമാണ്. അദ്ദേഹം പെട്ടെന്ന് ഔട്ടായാൽ അന്നത്തെ ദിവസം എനിക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നാറില്ല'- എന്നാണ് വിഡിയോയിൽ നാനാ പടേക്കർ പറയുന്നത്.
75ാം വയസിലാണ് ഇതിഹാസ നടന്റെ വിയോഗം. ഗോവയിലുള്ള ഡോണ പോളയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. പുലർച്ചെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നു ഉടൻ തന്നെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.20ടെ മരണം സ്ഥിരീകരിച്ചു.
അദ്ദേഹത്തിന്റെ മരണത്തിൽ വിരാട് കോഹ്‍ലി, മുൻ ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, അജിൻക്യ രഹാനെ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. തലമുറകളെ പ്രചോദിപ്പിച്ച സവിശേഷ പ്രതിഭ എന്നാണ് ധവാനും രഹാനെയും അനുശോചന കുറിപ്പിൽ വിശേഷിപ്പിച്ചത്.
ഇന്ത്യൻ സിനിമയിലെ യഥാർഥ ഇതിഹാസം. അദ്ദേഹത്തിന്റെ സംഭാവനകളും പൈതൃകവും തലമുറകളോളം നിലനിൽക്കും. നാനാ പടേക്കർ ജി, ആദരാഞ്ജലികൾ. ഓം ശാന്തി- എന്നാണ് കോഹ്‍ലി കുറിച്ചത്.
ഏറെ സവിശേഷതകളുള്ള പ്രതിഭയെയാണ് ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായത്. നാനാ പടേക്കർ സാബ് താങ്കളുടെ സൃഷ്ടികൾ വരുന്ന തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ഓം ശാന്തി- ധവാൻ കുറിച്ചു.
നാനാ പടേക്കർ ജി തലമുറകളെ പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത അപൂർവവും മികച്ചതുമായ ഒരു നടനായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ഏറെ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ- രഹാനെ കുറിപ്പിൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates