ഫോട്ടോ: എഎൻഐ 
Sports

'എത്രയും പെട്ടെന്ന് രോഗ മുക്തനായി തിരിച്ചെത്തി നമ്മുടെ അത്‌ലറ്റുകളെ അനുഗ്രഹിക്കു'- മില്‍ഖാ സിങിനെ വിളിച്ച് മോദി

'എത്രയും പെട്ടെന്ന് രോഗ മുക്തനായി തിരിച്ചെത്തി നമ്മുടെ അത്‌ലറ്റുകളെ അനുഗ്രഹിക്കു'- മില്‍ഖാ സിങിനെ വിളിച്ച് മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ അത്ലറ്റിക്ക് ഇതിഹാസം മില്‍ഖാ സിങിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോദി മില്‍ഖാ സിങിനെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചതായി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെ വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി മില്‍ഖാ സിങിന്റെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി കായിക മന്ത്രി വ്യക്തമാക്കി. ടോക്യോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്ലറ്റുകളെ അനുഗ്രഹിക്കാനും പ്രചോദിപ്പിക്കാനും മില്‍ഖാ സിങ് വേഗം രോഗമുക്തനാകട്ടെയെന്ന് മോദി ആശംസിച്ചതായും അദ്ദേഹം കുറിച്ചു. 

91 വയസുകാരനായ മില്‍ഖാ സിങിന് മെയ് 20 മുതല്‍ കോവിഡ് പ്രശ്നങ്ങള്‍ അലട്ടുകയാണ്. ആദ്യം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു അദ്ദേഹം. പിന്നാലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ആഭ്യര്‍ഥന പരിഗണിച്ച് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീണ്ടും ഓക്സിജന്റെ അളവില്‍ കുറവ് വന്നതോടെ ചണ്ഡീഗഢിലെ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയോടെ മില്‍ഖായെ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വ്യാഴാഴ്ച രാത്രി പുറത്തുവന്ന വിവരം. 

ഓക്സിജന്‍ അളവ് താഴ്ന്നതിനെ തുടര്‍ന്ന് മില്‍ഖാ സിംഗിന്റെ പത്‌നി നിര്‍മല്‍ കൗറും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നിര്‍മലും നേരത്തെ കോവിഡ് നെഗറ്റീവായിരുന്നു. വീട്ടിലെ ജോലിക്കാരില്‍ ഒരാളില്‍ നിന്നാണ് മില്‍ഖാ സിങിന് കോവിഡ് പിടിപെട്ടത് എന്നാണ് സൂചന. 

'പറക്കും സിഖ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിങ് രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായാണ് വിലയിരുത്തപ്പെടുന്നത്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്ലറ്റാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. രാജ്യം 1958ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി